ad
Deshabhimani

പറയാനുളളതെല്ലാം പാട്ടിനെക്കുറിച്ചുമാത്രം

k s harisankar

ഫോട്ടോ: സനൂപ് സാം

avatar
​സുരേഷ്‌ ഗോപി

Published on Jan 25, 2026, 07:54 AM | 6 min read

തിരുവനന്തപുരം നഗരത്തിലെ മേടയിൽ വീട്ടിൽ ഒരുക്കിയ സ്റ്റുഡിയോയിലിരുന്ന്‌ കെ എസ്‌ ഹരിശങ്കർ പറഞ്ഞുതുടങ്ങുന്നതുതന്നെ സംഗീതത്തിന്റെ പശ്ചാത്തലത്തോടെയാണ്‌. പറയാനും അറിയാനും ഓർമിക്കാനുമുള്ളതെല്ലാം പാട്ടിനെക്കുറിച്ചുമാത്രം. പുതുതലമുറയുടെ ഗാനലഹരിയപ്പാടെ ഹരിശങ്കർ എന്ന ശങ്കുവിന്റെ വാക്കുകളിൽ നിറഞ്ഞൊഴുകുന്നുണ്ട്‌. ഭാവിയുടെ നിറസ്വപ്‌നങ്ങൾ കതിരാടുന്നുണ്ട്‌ ആ മിഴികളിൽ. ഡെന്റൽ ചെയറിൽ പല്ലിന്റെ ഘടന ശരിയാക്കുന്ന ഡോക്ടറിൽനിന്ന്‌ സംഗീതംകൊണ്ട് എല്ലാ ചിരികളെയും ഹൃദ്യമാക്കുന്ന ഗായകനായതിനെക്കുറിച്ച്‌, മാർച്ചിൽ പുറത്തിറങ്ങുന്ന പുതിയ ആൽബത്തിന്റെ സസ്‌പെൻസ്‌ പൊളിക്കാതെ, പാട്ടുവഴികളെക്കുറിച്ച്‌...


തുറന്നടിച്ച്‌ പാടിയതിന്‌ അവാർഡ്‌


ഒമ്പതുവർഷത്തെ പ്രതീക്ഷകൾക്കുശേഷം കരിയറിലെ ആദ്യ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ലഭിച്ചതിന്റെ ആഹ്ലാദത്തിൽത്തന്നെയാണ്‌ ഞാൻ. എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌ ജിതിൻലാലിന്റെ ആദ്യസിനിമയാണ്‌ ‘എആർഎം’. അതാണ്‌ ആ പടത്തിലേക്ക്‌ ഞാൻ എത്താനുണ്ടായ കാരണവും. കണ്ട നാൾമുതൽ ‘എആർഎമ്മി’ന്റെ സ്‌ക്രിപ്‌റ്റിനെക്കുറിച്ച്‌ ജിതിൻ പറയുമായിരുന്നു. അന്ന്‌ ‘അജയന്റെ രണ്ടാം മോഷണം’ എന്നായിരുന്നു പേര്‌. പിന്നീട്‌ ‘എആർഎം’ എന്ന രീതിയിലെത്തി. ജിതിന്റെ ആദ്യത്തെ ചിത്രത്തിൽ ഞാനും ഭാഗമാകണമെന്നുള്ളത്‌ അവന്റെ ആഗ്രഹമായിരുന്നു. എന്റെ ആദ്യചിത്രത്തിൽ ഹരിക്ക്‌ ഒരു പാട്ടുണ്ട്‌ എന്നുള്ള ചിന്ത അവന്റെ മനസ്സിലുണ്ടായിരുന്നു. പടത്തിന്റെ ആദ്യ ചർച്ചകളിലൊക്കെ എന്നെയും ഉൾപ്പെടുത്തി. എന്റെ ഭാര്യ ഗാഥ ജിതിന്റെ അടുത്ത സുഹൃത്താണ്‌. പലപ്പോഴും സിനിമയിലെ പാട്ടിന്റെ കാര്യമൊക്കെ സംസാരിക്കും. അങ്ങനെ വന്നപ്പോഴാണ്‌ ധിബു നൈനാൻ തോമസ്‌ എന്ന സംഗീതസംവിധായകന്റെ പേര്‌ ഞാൻ പറയുന്നത്‌.


ധിബുച്ചേട്ടൻ എന്നെ തമിഴിൽ അവതരിപ്പിച്ച സംഗീതസംവിധായകൻകൂടിയാണ്‌. അദ്ദേഹം മികച്ച സംഗീതകാരനാണ്‌. അറേഞ്ച്‌മെന്റിലും മെലഡിയിലുമൊക്കെ പ്രത്യേകതകളുള്ള ഒരാളാണ്‌. അത്‌ ജിതിനും ഓകെയായിരുന്നു. അതിലൂടെ ‘കിളിയേ’ എന്ന പാട്ട്‌ ജനിച്ചു. 2018 മുതൽ ഞാൻ സ്ഥിരം പാടുന്നത്‌ മെലഡിയാണ്‌. അതിൽ സന്തോഷമേയുള്ളൂ. പക്ഷേ, ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്‌ വ്യത്യസ്‌തമായ പാട്ടുകളാണ്‌. സ്ഥിരം പാടിവച്ച പാട്ടുകൾപോലുള്ള മറ്റൊരു പാട്ടും ട്യൂണും കിട്ടുമ്പോൾ അത്രത്തോളം അത്‌ ആഗ്രഹിക്കാറില്ല. അത്തരം നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്‌ എന്ന ചിന്ത മനസ്സിൽ വരും. എആർഎമ്മിലെ ‘കിളിയേ’ എന്ന പാട്ട്‌ കേട്ടപ്പോഴേ ഇത്‌ ഹിറ്റടിക്കണേയെന്ന്‌ ആഗ്രഹിച്ചു. അങ്ങനെ പാടിനോക്കി. മനു മഞ്‌ജിത് മനോഹരമായി അത്‌ എഴുതിയിട്ടുണ്ട്‌. ഇതുവരെ പാടിയതിൽ തുറന്നടിച്ച്‌ പാടാൻ പറ്റിയ പാട്ടായിരുന്നു. 2025ൽ വീട്ടിലേക്കെത്തിയ രണ്ടാമത്തെ പുരസ്കാരത്തിന്റെ സന്തോഷമുണ്ട്‌. അച്ഛനുള്ള സമർപ്പണമാണ്‌ ഈ അവാർഡ്. അച്ഛനും അമ്മൂമ്മയുമാണ് സംഗീതത്തിലെ ഗുരുക്കന്മാർ. അമ്മൂമ്മ ഡോ. കെ ഓമനക്കുട്ടിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീ ലഭിച്ചതിനുപിന്നാലെയാണ് മികച്ച ഗായകനുള്ള ചലച്ചിത്രപുരസ്കാരം എനിക്ക്‌ ലഭിച്ചത്‌.


​‘ജീവാംശമായ്‌’ പുതുതലമുറ
 ഏറ്റെടുത്തു


‘ജീവാംശമായ്‌’ എന്ന പാട്ട്‌ വരുമ്പോൾത്തന്നെ ഹിറ്റായി മാറിയത്‌ എന്റെ ഭാഗ്യമാണ്‌. കർണാടകസംഗീതം എന്നെ എപ്പോഴും തുണച്ചിട്ടേയുള്ളൂ. എന്റെ ബേസ്‌ അതിലാണ്‌. ഒരു പാട്ട്‌ കേൾക്കുമ്പോൾത്തന്നെ അത്‌ ഏത്‌ സ്‌കെയിലാണെന്ന്‌ തിരിച്ചറിയാൻ ഇതുകാരണം പറ്റും. വെസ്‌റ്റേൺ മ്യൂസിക്‌ പഠിച്ചൊരാളുടെ ചിന്തകൾ എപ്പോഴും അതിലായിരിക്കും. ‘ജീവാംശമായ്‌’ രീതിഗ‍ൗള ആധാരമാക്കിയാണെന്ന്‌ മനസ്സിലാക്കി. യഥാർഥത്തിൽ സിനിമാ പിന്നണി ഗായകനാകാൻ ആഗ്രഹിച്ചുവന്നയാളല്ല ഞാൻ. അതങ്ങനെ സംഭവിച്ചതാണ്‌. മികച്ച കുറെ പാട്ടുകളും ഏറെ പ്രോത്സാഹനം നൽകിയ സംഗീതസംവിധായകരെയും സംവിധായകരെയും രചയിതാക്കളെയുമൊക്കെ കിട്ടി. ഇ‍ൗ അവസരത്തിൽ എന്റെ ജ്യേഷ്‌ഠൻ എം ആർ രാജാകൃഷ്‌ണനെ പ്രത്യേകം ഓർക്കുന്നു. കിട്ടിയ പാട്ടുകളിലെല്ലാം കർണാടകസംഗീതത്തിന്റെ പിൻബലം എനിക്ക്‌ നല്ല സഹായം ചെയ്‌തിട്ടുണ്ട്‌.


​‘പവിഴമഴ’യുടെ വരവ്‌


ആ വരവ്‌ പി എസ്‌ ജയഹരിച്ചേട്ടനിലൂടെയാണ്‌. അദ്ദേഹത്തെ നാലഞ്ചുവയസ്സുമുതലേ കാണുന്നതാണ്‌. അമ്മൂമ്മയുടെ അടുത്ത്‌ സംഗീതം പഠിക്കാൻ വന്ന കാലംമുതലുള്ള പരിചയമാണ്‌. എന്നെ ശങ്കു എന്നാണ്‌ വിളിക്കുന്നത്‌. ഞാൻ സിനിമ ചെയ്യുന്പോൾ നമുക്കൊരുമിച്ച്‌ ചെയ്യാമെന്ന്‌ പറയാറുണ്ടായിരുന്നു. അദ്ദേഹം നല്ല പിയാനിസ്‌റ്റും ഗായകനുമാണ്‌. അതിരനിലെ ‘പവിഴമഴയേ’ എന്ന പാട്ട്‌ എനിക്കയച്ചുതന്നപ്പോഴാണ്‌ എത്ര വലിയ കംപോസറാണെന്ന്‌ യഥാർഥത്തിൽ തിരിച്ചറിയുന്നത്‌. ഞങ്ങളുടെ ആദ്യവർക്ക്‌ അതായിരുന്നു. വിനായക് ശശികുമാറാണ്‌ എഴുതിയത്‌. ഇവരൊക്കെയായുള്ള എന്റെ ആദ്യ വർക്കുകളാണ്‌ ഇ‍ൗ ഹിറ്റായ പാട്ടുകളെല്ലാം. അതൊക്കെ ഇറങ്ങുന്നതും ഒരേ ടൈം ലൈനിലായിരുന്നു.


‘സാഫല്യ’ത്തിലൂടെ ആദ്യം


നാലുവയസ്സുള്ളപ്പോഴാണ്‌ ‘സാഫല്യം’ എന്ന സിനിമയിൽ പാടിയത്‌. താത്തയായിരുന്നു (എം ജി രാധാകൃഷ്‌ണൻ) സംഗീതസംവിധായകൻ. പാടിയതാകട്ടെ യേശുദാസ്‌ എന്ന മഹാമേരുവിനൊപ്പം. കൈതപ്രത്തിന്റെ വരികൾ. അതിലൂടെ മാസ്റ്റർ ഹരിശങ്കർ എന്ന പേരും വന്നു. പിന്നീട്‌ മുതിർന്നപ്പോൾ, ശബ്‌ദമൊക്കെ മാറിയപ്പോൾ ആദ്യമായി സിനിമയിൽ അവസരം തന്നത്‌ ഒ‍ൗസേപ്പച്ചൻ സാറാണ്‌. ഒ എൻ വിയുടെ രചന. ‘കാരണവർ’ എന്ന സിനിമയിൽ ‘കാറ്റേ കാറ്റേ ചാരിയ വാതിൽ തുറന്നു വരാൻ നിന്റെ ചാമരക്കൈകൾ മടിച്ചതെന്തേ’ എന്ന ഗാനം.


പിന്നീട്‌ ഏഷ്യാനെറ്റിന്റെ പരിപാടിയിൽ ഞാൻ, യേശുദാസ്‌ പാടിയ കന്മദം എന്ന ചിത്രത്തിലെ രവീന്ദ്രൻ മാഷ്‌ ചിട്ടപ്പെടുത്തിയ ‘മഞ്ഞക്കിളിയുടെ ’ പാടി. ആ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘വിഗതകുമാരന്റെ’ റീമേക്കിൽ എന്റെ സ്‌കൂൾ പ്രിൻസിപ്പൽ രാജേന്ദ്രൻ സാറിന്റെ നിർദേശപ്രകാരം ഗാനം ആലപിച്ചു.


​ഞാൻ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗായകൻ യേശുദാസ്‌ സാറാണ്‌. പിന്നെ റഫി സാർ. യേശുദാസ്‌ വലിയൊരു മഹാത്ഭുതമാണ്‌. സംഗീതത്തിന്റെ വിജ്ഞാനകോശം. അദ്ദേഹത്തിന്റെ അർപ്പണവും പ്രതിഭയും അത്ര വലുതാണ്‌. ആർക്കും അതുപോലെ പാടാനാകില്ല. ശബ്‌ദം, എക്‌സ്‌പ്രഷൻ ഒക്കെ അനുകരിക്കാനുമാകില്ല. അതുപോലെയാണ്‌ ഓരോ പാട്ടും പാടിവച്ചിട്ടുള്ളത്‌. അതുപോലെ രാഗരത്നം എന്ന ടിവി ഷോയുടെ കാലത്ത്‌ ദക്ഷിണാമൂർത്തി സ്വാമിയുമായി അടുത്തിടപെട്ടു. ചേർത്തല ആർ ജയദേവൻ സാറിന്റെ കീഴിലുള്ള മൃദംഗപഠനം എന്റെ സംഗീതവഴികളെ ഏറെ സഹായിച്ചു. അച്ഛന്റെ സുഹൃത്തുക്കളായ രാജേഷ്‌ നാഥ്‌, ഇലഞ്ഞിമേൽ സുശീൽകുമാർ, കവിയൂർ സനൽ എന്നിവരെ സ്‌മരിക്കുന്നു. എന്റെ കുടുംബത്തിലെ അംഗങ്ങളും അമ്മൂമ്മയുടെ ശിഷ്യരായ എല്ലാവരെയും ഒരുപാടുപേരെ ഓർക്കാനുണ്ട്‌.


​​പഠനവും പാട്ടുകാലവും


പത്താംക്ലാസുവരെ തിരുവനന്തപുരം ഇൻഫന്റ്‌ ജീസസ്‌ സ്‌കൂളിലാണ്‌ പഠിച്ചത്‌. പ്ലസ്‌വൺ, പ്ലസ്‌ടു ക്രൈസ്‌റ്റ്‌ നഗറിലും. അപ്പൂപ്പൻ എൻ പി ഗോപിനാഥൻനായർ എന്നെ പഠിപ്പിച്ച ഫിസിക്‌സ്‌ പാഠങ്ങൾ ഏറെ ഗുണമായി. എൻട്രൻസ്‌ പാസായി ബിഡിഎസിന്‌ ചേർന്നു. എന്തുകൊണ്ടോ ദന്തഡോക്‌ടറാകാനായിരുന്നു ഇഷ്‌ടം. ഗ‍ൗരവമുള്ള മേഖലയാണത്‌. പാട്ടുപോലെതന്നെ വളരെ ഗ‍ൗരവം വേണം. എന്റെ ചിന്തകളിൽ എപ്പോഴും പാട്ടാണ്‌. രണ്ടുംകൂടി ഒരുമിച്ച്‌ കൊണ്ടുപോകാൻ എനിക്ക്‌ കഴിയില്ല. പൂർണമായി ഡെന്റൽ മേഖല വിട്ടുവെങ്കിലും അധ്യാപകരെയും കൂട്ടുകാരെയുമൊക്കെ കാണാറുണ്ട്‌.


​പ്രഗതി മ്യൂസിക്‌ ബാൻഡും
‘ജാം റൂം പ്ലേ സ്‌റ്റേഷനും’


പ്രഗതി ബാൻഡ്‌ ഞങ്ങളുടെ കൂട്ടായ്‌മയായിരുന്നു. വീഡിയോ ആൽബങ്ങളും കവർ സോങ്ങുകളും ചെയ്‌തു. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ ലൈവ് പെർഫോമൻസുകൾ അവതരിപ്പിച്ചു. ഇപ്പോൾ ആ ബാൻഡില്ല. എല്ലാവരും പലതിരക്കുകളിലായി. ഇപ്പോൾ കെ എസ്‌ ഹരിശങ്കർ എന്ന നിലയിലാണ്‌ ഞാൻ അവതരിപ്പിക്കുന്നത്‌. പുതിയ ആർട്ടിസ്‌റ്റുകൾ വന്നു. പഴയ ചിലരുമുണ്ട്‌. എല്ലാ സ‍ൗകര്യങ്ങളുമുള്ള പുതിയ സ്‌റ്റുഡിയോ ‘ജാം റൂം പ്ലേ സ്‌റ്റേഷൻ അറ്റ്‌ ആഞ്‌ജനേയ ഡിജിറ്റൽ’ വീട്ടിൽത്തന്നെ സെറ്റ്‌ ചെയ്‌തു. അച്ഛനാണ്‌ സ്‌റ്റുഡിയോയ്‌ക്ക്‌ തുടക്കംകുറിച്ചത്‌. വലിയ ആഗ്രഹത്തോടെ തുടങ്ങിയതാണ്‌. സന്പാദ്യമത്രയും കൂട്ടിവച്ച്‌ നിർമിച്ച സ്‌റ്റുഡിയോ. അച്ഛനായിരുന്നു ഞങ്ങളുടെ ജീവിതം. അതിനിടെയാണ്‌ അച്ഛന്റെ വേർപാട്‌. 2025ലാണ്‌ ഞാൻ പതുക്കെ പുനർനിർമിക്കാൻ തുടങ്ങിയത്‌. ഇവിടെ എല്ലാവർക്കും ഒരുമിച്ചിരുന്ന്‌ വർക്ക്‌ ചെയ്യാം. ആർട്ടിസ്‌റ്റുകൾ വരുന്നു; പ്രാക്‌ടീസ്‌ ചെയ്യുന്നു. എനിക്കും പ്രാക്‌ടീസ്‌ ചെയ്യാൻ സ്ഥലം വേണം. പലപ്പോഴും നമ്മൾ സ്ഥലം അന്വേഷിച്ചുനടക്കണം. ഇവിടെ മ്യൂസിക്‌ ഡയറക്‌ടേഴ്‌സ്‌ വന്ന്‌ സമയമെടുത്ത്‌ സമാധാനമായി ജോലി ചെയ്‌തുപോകുന്നു. ഞാൻ സമയം എടുത്ത്‌ വർക്ക്‌ ചെയ്യുന്ന ആളാണ്‌. അതേപോലെ എല്ലാവരും വന്ന്‌ റിലാക്‌സ്‌ ചെയ്‌ത്‌, എൻജോയ്‌ ചെയ്‌ത്‌ ജോലി ചെയ്യുന്നു.


​മേടയിൽ ഭവനത്തിലെ 
സംഗീതം, കുടുംബം


​​അമ്പലപ്പുഴ ഹരിപ്പാട്ടുനിന്നെത്തിയവരാണ്‌ ഞങ്ങളുടെ കുടുംബം. ഭാഗവതരായിരുന്നു മുത്തച്ഛൻ മലബാർ ഗോപാലൻനായർ. മുത്തശ്ശി കമലാക്ഷിയമ്മ സംഗീതാധ്യാപികയും. അച്ഛൻ ആലപ്പി ശ്രീകുമാർ അറിയപ്പെടുന്ന കർണാടക സംഗീത‍ജ്ഞനും സ്വാതിതിരുനാൾ സംഗീതകോളേജിലെ മുൻ പ്രിൻസിപ്പലുമായിരുന്നു. ആകാശവാണിയിൽ എ ഗ്രേഡ്‌ വീണ ആർട്ടിസ്‌റ്റായ അമ്മ ഡോ. എം കമലാലക്ഷ്മിയും അമ്മൂമ്മ ഡോ. കെ ഓമനക്കുട്ടി ടീച്ചറുമൊത്ത്‌ മേടയിൽ ഭവനത്തിലാണ്‌ ഇപ്പോൾ താമസം. വയലിനിസ്‌റ്റായ അനുജൻ രവിശങ്കറും പാട്ടുരംഗത്ത്‌ സജീവം. ഭാര്യ ഗാഥ നല്ലൊരു സംഗീതാസ്വാദകയാണ്‌. സത്യത്തിൽ ടാലന്റ്‌ മാനേജരാണ്‌ ഭാര്യ.


​പാട്ടുകേൾക്കുന്ന ആൾക്കൂട്ടങ്ങൾ


ജീവയുടെ പുതിയ തമിഴ്‌ചിത്രം ‘തലൈവർ തമ്പി തലൈമേലി’ൽ പാടി. വിഷ്‌ണു വിജയിന്റെ ആദ്യ തമിഴ്‌സിനിമയാണിത്‌. മലയാളികളാണ്‌ പിന്നണി പ്രവർത്തകർ. പിന്നെ ‘അനന്തൻകാട്‌’, ‘മധുവിധു’ എന്നീ പടങ്ങളിലും പാടി. ഞാൻ ജയഹരിച്ചേട്ടനൊപ്പം ചെയ്‌ത തമിഴ്‌ മ്യൂസിക്‌ വീഡിയോ വരുന്നുണ്ട്‌. ഏറെ കാലമായി അതിന്റെ പണിപ്പുരയിലാണ്‌. ഫോക്‌, തമിഴ്‌, കൾച്ചർ അതിലുണ്ട്‌. ഞാൻ ചെയ്‌തുവച്ച നിരവധി എണ്ണമുണ്ട്‌. അതെല്ലാം ഒന്ന്‌ പുറത്തിറക്കണമെന്നുണ്ട്‌.


​പുതിയ കാലത്ത്‌ പുതിയ പാട്ടുകൾ വരുന്നു, പാട്ടുകാർ വരുന്നു. അവരുടേതായ രീതിയിൽ പാടുന്നു. അവരെ കേൾക്കാൻ ആൾക്കൂട്ടമെത്തുന്നു. ഒന്നും പ്രവചിക്കാൻ കഴിയില്ല. നാം പുതിയ രീതിയിൽ ചെയ്യുക എന്നതുമാത്രമാണ്‌ ചെയ്യാനുള്ളത്‌. എനിക്ക്‌ നല്ല നല്ല പാട്ടുകൾ ചെയ്യണമെന്നുണ്ട്‌. ഓരോരുത്തരുടെയും ഇഷ്‌ടങ്ങൾ മാറിമറിയും. പഴയ പാട്ടുകൾ ഇഷ്‌ടപ്പെട്ടവർ പുതിയ പാട്ടിലേക്ക്‌ മാറും. അത്‌ നമുക്ക്‌ ചോദ്യം ചെയ്യാൻ കഴിയില്ല. പരിപാടി കാണാൻ പോകുമ്പോൾ അത്‌ ആസ്വദിക്കാനുള്ള മനസ്സുമായി പോകുക. വിമർശന മനസ്സുമായി പോയിനിന്നാൽ അതിന്‌ കഴിയില്ല. വേദിയിൽ അവതരിപ്പിക്കുമ്പോൾ അവരെ ഇഷ്‌ടപ്പെട്ടാൽ അഭിനന്ദിക്കുക. ആ വൈബിനൊപ്പം ചേരുക എന്നതാണ്‌ പ്രധാനം.


ജീവിതമെന്ന പെർഫോമൻസ്‌


ജീവിതം പെർഫോമൻസ്‌ ചെയ്യുക എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ. കാണിച്ചുതെളിയിക്കണം. നാം സംസാരിക്കുന്നത്‌ സോഷ്യൽ മീഡിയയിലാണ്‌ അധികംപേരും കാണുന്നത്‌. അപ്പോൾ നന്നായി പെർഫോം ചെയ്യുക എന്ന ഒരവസ്ഥയുണ്ട്‌. നിർമിത ബുദ്ധിയുടെ നല്ല ഭാഗം ഉപയോഗിക്കുക, ചീത്ത ഭാഗം തള്ളുക എന്നതാണ്‌ പ്രധാനം. ജോലി മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. ഒരാളുടെയും തൊഴിൽ ഇല്ലാതാക്കരുത്‌. ചിലർ പാട്ടുകൾ എഐ വച്ച്‌ ചെയ്യുന്നുണ്ട്‌. അത്‌ കേൾക്കുന്പോൾ അറിയാം അതിന്റെ പരിമിതികൾ. മനുഷ്യർക്കുണ്ടാകുന്ന തരത്തിലുള്ള ചെറിയ ചെറിയ വീഴ്‌ചകൾകൂടി ചേരുന്പോഴാണ്‌ കലകളിൽ ഏതിന്റെയും സ‍ൗന്ദര്യം.


​എല്ലാവരും സെലിബ്രിറ്റികൾ


എല്ലാവർക്കും ഓരോ വഴികളാണ്‌. അതിൽ അവർ സന്തോഷം കണ്ടെത്തട്ടെ. ഒരുപാടുപേർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. കുട്ടികൾക്കടക്കം റിയാലിറ്റി ഷോകൾവഴി അവസരം തുറന്നുകിട്ടുന്നു. അതുപയോഗിച്ച്‌ അവർ കയറിവരട്ടെ. നാം നാമായി നിലനിൽക്കുക എന്നതാണ്‌ പ്രധാനം. നമ്മുടെ ജോലി കൃത്യമായി ചെയ്‌തുപോയാൽ ഒരുപരിധിവരെ സമാധാനം കിട്ടും. ഞാൻ ഇഷ്‌ടപ്പെട്ടവയാണ്‌ തെരഞ്ഞെടുക്കുന്നത്‌. അത്‌ സന്തോഷത്തോടെ പാടുന്നു. ജനക്കൂട്ടം എന്ത്‌ വൈബാണോ തരുന്നത്‌ അതിനിരട്ടി ഞാൻ തിരിച്ചുകൊടുക്കും.


സിനിമയിൽ എല്ലാവരും എന്റെ സുഹൃത്തുക്കളാണ്‌. എനിക്ക്‌ നല്ല പാട്ടുകൾ സമ്മാനിച്ച സംഗീതസംവിധായകരും രചയിതാക്കളും സംവിധായകരുമാണ്‌ എന്നെ ഇ‍ൗ വഴിയിൽ ഉറപ്പിക്കുന്നത്‌. എന്നാലും സിനിമയിൽ വഴികാട്ടിയും ഗുരുസ്ഥാനീയനുമായി കാണുന്നത്‌ വിഷ്‌ണുച്ചേട്ടനെയാണ്‌; വിഷ്‌ണു വിജയ്‌. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമുണ്ട്‌. എആർഎം സിനിമയിൽ നല്ല ടീമാണ്‌ വർക്ക്‌ ചെയ്‌തത്‌.


കോളേജിൽ പഠിക്കുമ്പോൾ കുറച്ചു പാട്ടുകളൊക്കെ പാടണമല്ലോ എന്നു കരുതി വലിയ സ‍ൗഹൃദക്കൂട്ടമുണ്ടായി. എന്റെ ആഗ്രഹങ്ങളാണ്‌ എന്നെ ഇ‍ൗ വഴിയിൽ എത്തിച്ചത്‌. സിനിമയായാലും ബാൻഡായാലും ടീംവർക്കാണ്‌ വിജയം. പാട്ടുകാരൻ പാടിയാൽമാത്രം പോരാ. സാങ്കേതികമായി എല്ലാം അറിയണം. പഠിക്കുകയും മനസ്സിലാക്കുകയും വേണം. പിഴവുകൾ തിരുത്തി മുന്നോട്ടുപോകണം. പ്രേക്ഷകനുണ്ടെങ്കിലേ ഗായകനുണ്ടാകൂ എന്ന പൂർണബോധ്യം എനിക്കുണ്ട്‌.


​മാർച്ചിൽ ആൽബം വരും


എന്റെ ഏറെ കാലത്തെ സ്വപ്‌നവും പ്രയത്നവുമാണ്‌ മാർച്ചിൽ റിലീസാകുന്ന ആൽബം. കുറെ നല്ല പാട്ടുകൾ ജനങ്ങളിലെത്തിക്കണമെന്ന മോഹമാണത്‌. അതിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ല. കാത്തിരിക്കുകയാണ്‌ ഞാനും ടീമും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home