ഐഎഫ്എഫ്കെ സിഗ്നേച്ചർ ചിത്രം: ഫെസ്റ്റിവലിന്റെ കാതൽ, ആഖ്യാനം ലളിതം

അമ്പിളി ചന്ദ്രമോഹനൻ
Published on Dec 17, 2025, 01:15 PM | 3 min read
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ആത്മാവിനെ ഉൾക്കൊള്ളുന്നതാണ് എല്ലാ പതിപ്പിലും തയാറാക്കുന്ന സിഗ്നേച്ചർ ചിത്രം. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രേരണയാണ് സിനിമ, എന്ന ആശയത്തിലാണ് ഇത്തവണ ചിത്രം ഒരുക്കിയിരിക്കുന്നത്. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഒരു ആലങ്കാരിക വ്യാഖ്യാനമാണ് സിഗ്നേച്ചർ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലേറ്റോയുടെ അല്ലെഗറി ഓഫ് ദി കേവ് ആണ് പ്രചോദനം. സിനിമ മെറ്റഫോർഫോസിസ്, എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന റബേക്ക രചന പോൾ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്...
സിഗ്നേച്ചർ ചിത്രങ്ങൾ
ഐഎഫ്എഫ്കെ വേദികളിൽ പ്രദര്‍ശിപ്പിക്കുന്ന കേവലം 30 മുതൽ 40 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള ചിത്രങ്ങളാണ് സിഗ്നേച്ചർ ഫിലിം. ചലച്ചിത്രമേളയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതിനൊപ്പം പ്രേക്ഷകരിൽ ആഴത്തിലുള്ള ചിന്തകൾ ഉണർത്താൻ പാകത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആലങ്കാരിക ആഖ്യാനമാണിത്. അതിന്റെ കാതലായ ആശയം ഏല്ലാവർക്കും വേഗത്തിൽ മനസിലാക്കാനും അനുഭവവേദ്യമാകാനും വേണ്ടി കഥാഗതിയെ ബോധപൂർവം ലളിതമാക്കി നിലനിർത്തിയിട്ടുണ്ട്.
ആശയം
ഒരു ഗുഹയ്ക്കുള്ളിൽ ജനനം മുതൽ ചങ്ങലയിൽ ബന്ധിക്കപ്പെട്ട ഒരു കൂട്ടം ആളുകളെ സങ്കൽപ്പിക്കുക. അവർക്ക് ഗുഹയുടെ ഭിത്തിയിലേക്ക് മാത്രമേ നോക്കാൻ കഴിയൂ. അവരുടെ പിന്നിൽ ഒരു തീനാളമുണ്ട്. ആ തീയ്ക്കും തടവുകാർക്കും ഇടയിലുള്ള വഴിയിലൂടെ ചിലർ പല വസ്തുക്കളുമായി നടന്നുപോകുന്നു. അതിന്റെ നിഴൽ ചുമരിൽ പതിക്കുന്നതിലൂടെയാണ് പുറത്തെ യാഥാർഥ്യത്തെ ആ മനുഷ്യർ മനസിലാക്കുന്നത്.
ഇതാണ് പ്ലേറ്റോയുടെ അല്ലെഗറി ഓഫ് ദി കേവ് സിദ്ധാന്തം. കാലക്രമേണ ഈ ഉപമ നിരവധി സിനിമകൾക്കും ദാർശനിക വ്യാഖ്യാനങ്ങൾക്കും ആഖ്യാനങ്ങൾക്കും പ്രചോദനമായി. അതിന് മലയാളത്തിൽ നിന്നുള്ള ഉദാഹരണമാണ് രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രം ഗുരു.

പ്ലേറ്റോയുടെ ഗുഹാ സിദ്ധാന്തത്തിൽ നിന്ന്...
പ്ലേറ്റോയുടെ ഗുഹോപമയെ (Allegory of the Cave) അടിസ്ഥാന പ്രമാണമായി നിലനിർത്തിക്കൊണ്ട് തന്നെ, അതിനെ നമ്മുടെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുനർവ്യാഖ്യാനിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇതിനായി 'ആന്റ്‌ലിയൻ' (Antlion) എന്ന ജീവിയെ ഒരു പ്രതീകമായി തിരഞ്ഞെടുത്തു. മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന, കാഴ്ചയിൽ നിസ്സാരവും അൽപ്പം അസ്വസ്ഥതയുളവാക്കുന്നതുമായ ഈ ജീവി ഒടുവിൽ വർണ ചിറകുകളുള്ള അതിമനോഹരമായ ഒരു പ്രാണിയായി പരിണമിക്കുന്നു.
മണ്ണിനടിയിൽ മറഞ്ഞിരിക്കുന്ന പരിമിതമായ ഒരു അസ്തിത്വത്തിൽ നിന്ന്, ആകാശത്തോളം വിശാലമായ സ്വതന്ത്ര ലോകത്തേക്കുള്ള ആ ജീവിയുടെ പ്രയാണം ബോധോദയത്തിന്റെ കരുത്തുറ്റ രൂപകമാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും, ബന്ധനങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യ മനസ്സിന്റെ പരിണാമത്തെയാണ് ആന്റ്‌ലിയന്റെ ഈ മാറ്റം പ്രതിനിധീകരിക്കുന്നത്. അതിനാൽ സിഗ്നേച്ചർ ചിത്രത്തിൽ ഞങ്ങൾ ഉദ്ദേശിച്ച ആശയത്തെിന് ആന്റ്ലിയൻസ് ഏറ്റവും ഉചിതമാണെന്ന് തോന്നി.

ഗുഹ എന്ന പ്രതീകം
ഗുഹ മനുഷ്യ മനസിന്റെ ഇടുങ്ങിയ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം നമ്മുടെ മനസിനെ വികസിപ്പിക്കുകയും, ഇരുളിൽ നിന്ന് അവബോധത്തിന്റെ വെളിച്ചത്തിലേക്ക് സാവധാനം പ്രവേശിക്കുകയും ചെയ്യുന്നു എന്ന ആശയമാണ് ഇതിലൂടെ കൈമാറുന്നത്.
ന്യൂനപക്ഷ ഭാഷാവിഭാഗങ്ങൾ ഉൾപ്പെടുന്ന ചെറിയ സംസ്ഥാനമാണെങ്കിലും, കേരളം ഈ പരിണാമത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് നൂറു ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം. ബൗദ്ധികവും സാംസ്കാരികവുമായ മേഖലകളിൽ വലിയ മുന്നേറ്റം നടന്നിട്ടുണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നാട് വൈവിധ്യങ്ങൾക്കിടയിലും ഐക്യം കാത്തുസൂക്ഷിക്കുന്നു. കാലത്തിനനുസരിച്ചുള്ള വലിയൊരു പരിവർത്തനത്തിന് കഴിഞ്ഞ വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചു. അതിനാലാണ് ഈ സന്ദർഭത്തിൽ ഗുഹ എന്ന ബിംബം ഇവിടെ ഉപയോഗിച്ചത്.

ലോഗോയിലെ പാവ
ഐഎഫ്എഫ്കെയുടെ പ്രതീകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്ന പാവ സിനിമയെയും അതിന്റെ സാംസ്കാരിക വിനിമയത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. സിനിമകൾ മനുഷ്യന്റെ അടഞ്ഞ മാനസികാവസ്ഥകളിലേക്ക് വെളിച്ചമായി കടന്നുചെല്ലും. നിശ്ചലമായ ചിന്തകളെ ഉണർത്തും. അറിവില്ലായ്മയുടെ ഇരുളിൽ നിന്ന് അവബോധത്തിന്റെ വെളിച്ചത്തിലേക്ക് അവ മനസ്സിനെ നയിക്കുന്നു. പ്ലേറ്റോയുടെ സിദ്ധാന്തംപോലെ, ഗുഹയിലെ നിഴൽക്കാഴ്ചകളിൽ നിന്നും യാഥാർത്ഥ്യത്തിന്റെ വലിയ ലോകത്തേക്ക് മനുഷ്യനെ കൈപിടിച്ചുയർത്തുകയാണ് സിനിമ ചെയ്യുന്നത്.

ആന്റ്‌ലിയൻസ്
ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ സുരേഷ് എറിയാട്ടാണ് 'ആന്റ്‌ലിയൻസ്' (Antlions) എന്ന പ്രതീകം ഉപയോഗിക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്. പെരിയാർ ടൈഗർ റിസർവിലേക്കുള്ള ഒരു ചലച്ചിത്ര ഗവേഷണ യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന് ഈ ചിന്ത ലഭിക്കുന്നത്. തുമ്പികളുടെ ലാർവയായ കുഴിയാനകൾ ഉൾപ്പെടുന്ന ഷഡ്‌പദങ്ങളുടെ കുടുംബമാണ് ആന്റ്‌ലിയൻസ്.
മനുഷ്യരെന്ന നിലയിൽ നാമെല്ലാവരും ചില പരിധികളുള്ള ഒരു 'ഗുഹയ്ക്കുള്ളിൽ' ഒതുങ്ങിനിൽക്കുന്നവരാണ്. തങ്ങൾ ധാർമ്മികമായും ബൗദ്ധികമായും പ്രബുദ്ധരാണെന്ന് വിശ്വസിക്കുമ്പോഴും, നമ്മുടെ മനസ്സിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും അറിവില്ലായ്മയുടെ ഇരുട്ടിൽ തന്നെയായിരിക്കാം. ആ സത്യം ഈ ചിത്രം സൗമ്യമായി ഓർമ്മിപ്പിക്കുന്നു. ചലച്ചിത്രമേള വെറുമൊരു ആഘോഷമല്ല, മറിച്ച് ഗുഹയുടെ അടഞ്ഞ അതിരുകൾ ഭേദിച്ച്, വിശാലമായ ലോകത്തിലേക്കും ആഴമേറിയ അവബോധത്തിലേക്കും കടന്നുവരാനുള്ള ഒരു തുറന്ന ആഹ്വാനമാണ്.

പരിവർത്തനത്തിന്റെയും അർത്ഥവത്തായ മാറ്റങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ അധ്യാപകനാണ് പ്രകൃതി. ഒരു പുഴു ചിത്രശലഭമായി മാറുന്നതും, വാൽമാക്രി തവളയായി പരിണമിക്കുന്നതും നാം കാണുന്നു. മാറ്റം എന്നത് കേവലം സംഭവിക്കുന്ന ഒന്നല്ല, മറിച്ച് അത് അനിവാര്യവും ആഴമേറിയതുമായ ഒരു പ്രക്രിയയാണെന്ന് പ്രകൃതിയിലെ ഈ സ്വാഭാവിക പാഠങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.
(തുടരും)










0 comments