മനസിന്റെ ബോധ്യങ്ങളെ തിരുത്തിക്കുറിക്കുന്ന ഐഎഫ്എഫ്കെ

റബേക്ക രചന പോൾ

അമ്പിളി ചന്ദ്രമോഹനൻ
Published on Dec 17, 2025, 03:19 PM | 2 min read
സിഗ്നേച്ചർ ചിത്രത്തെക്കുറിച്ച് സംവിധായിക റബേക്ക രചന പോളുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം...
Related News
ചിത്രത്തിലെ വരകൾ
ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ഓരോ ഫ്രെയിമും പ്രത്യേകം വരച്ചുതയ്യാറാക്കുന്ന 'ക്ലാസിക്കൽ ഹാൻഡ്-ഡ്രോൺ' (Hand-drawn) ആനിമേഷൻ ശൈലിയാണ് ഈ ചിത്രത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. ഇതുവഴി കലയിൽ നൽകുന്ന വൈകാരികമായ അനുഭൂതിയും പഴയകാല ഓർമ്മകളും പ്രേക്ഷകരിൽ ഉണർത്തുക എന്നതായിരുന്നു ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI), ഹൈപ്പർ-റിയലിസ്റ്റിക് സാങ്കേതികവിദ്യകളും ദൃശ്യകലയെ അടക്കിഭരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു മാധ്യമം തിരഞ്ഞെടുത്തത് ബോധപൂർവമാണ്. സാങ്കേതികതയുടെ അതിപ്രസരത്തിനിടയിൽ കാഴ്ചക്കാരനെ അല്പനേരം നിശ്ചലനാക്കാനും, ആനിമേഷൻ എന്ന കലയുടെ ആത്മാവുമായി അവരെ വീണ്ടും ബന്ധിപ്പിക്കാനും ഈ വേറിട്ട വഴിയിലൂടെ സാധിക്കുന്നു.
ചിത്രത്തിന്റെ തുടക്കത്തിൽ ഇരുണ്ട നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഇരുട്ടിനെ സന്തുലിതമാക്കാൻ, കഥാപാത്രങ്ങളുടെ രൂപകൽപ്പനയും ചലനങ്ങളും ആവിഷ്കരിച്ചിരിക്കുന്നത്. മുൻ ഐഎഫ്‌എഫ്‌കെ സിഗ്നേച്ചർ സിനിമകൾ ഇതിനായി ഞാൻ വീണ്ടും കണ്ടു. അവയെല്ലാം അതിന്റേതായ രീതിയിൽ വ്യത്യസ്തവും അസാധാരണവുമാണ്. ഈ ചിത്രങ്ങൾ നൽകിയ വലിയൊരു പ്രചോദനം ഞങ്ങളുടെ ചിത്രത്തിലേക്കുള്ള യാത്രയ്ക്ക് കരുത്തുപകർന്നിട്ടുണ്ട്

സംഗീതത്തിന്റെ പ്രാധാന്യം
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് നന്ദു കർത്തയാണ്. അദിതി കൃഷ്ണദാസ് സംവിധാനം ചെയ്ത സ്റ്റുഡിയോ ഈക്‌സോറസ് ചിത്രങ്ങളായ കണ്ടിടുണ്ട്, അരണപുരം എന്നിവയിലും നന്ദു പ്രവർത്തിച്ചിട്ടുണ്ട്. സംഗീതം തചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ റസൂൽ പൂക്കുട്ടിയും വിജയകുമാറും ചേർന്നാണ് ശബ്ദ രൂപകൽപ്പന നിർവഹിച്ചത്.
നൂതനമായ ആഖ്യാനശൈലികളിലൂടെ ഇന്ത്യൻ ചലച്ചിത്രരംഗത്ത് സവിശേഷമായ ഇടം കണ്ടെത്തിയ സ്റ്റുഡിയോയാണ് സ്റ്റുഡിയോ ഈക്‌സോറസ് (Studio Eeksaurus). ലൈവ് ആക്ഷൻ, 2D-3D ആനിമേഷൻ, ക്ലേ/സാൻഡ് സ്റ്റോപ്പ് മോഷൻ എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളിലൂടെയാണ് കഥ പറയുന്നത്. ഓരോ പ്രോജക്റ്റിലും പുത്തൻ ശൈലികളും പരീക്ഷണങ്ങളും കൊണ്ടുവരുന്ന സ്റ്റുഡിയോ ഈക്‌സോറസിന്റെ തനിമ ഈ സിഗ്നേച്ചർ ചിത്രത്തിലും കാണാം.

കേരളം വ്യത്യസ്തം ഐഎഫ്എഫ്കെയും
കേരളത്തിന്റെ ഈ സാമൂഹിക പരിവർത്തനത്തിൽ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഒരു പ്രധാന ചാലകശക്തിയായി വർത്തിച്ചിട്ടുണ്ട്. പുരോഗമനപരമായ ചിന്തകൾ രൂപപ്പെടുത്തുന്നതിലും, LGBTQ+ സമൂഹത്തെ ചേർത്തുപിടിക്കുന്നതിലും, പലസ്തീൻ പോലെയുള്ള പോരാട്ടഭൂമികളോടും അതിജീവിതരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലും മേള നിർണായക പങ്കുവഹിച്ചു. നീതിക്കും സമത്വത്തിനും വേണ്ടി വാദിക്കുന്ന ഒരു വേദിയായി ഐഎഫ്എഫ്കെ മാറിയിരിക്കുന്നു. ഇത് വെറുമൊരു സിനിമാ പ്രദർശനമല്ല; മറിച്ച്, മനുഷ്യമനസ്സിനെ പരുവപ്പെടുത്തുകയും അവബോധം വളർത്തുകയും ചെയ്യുന്ന ഒരു വലിയ അനുഭവമാണ്.
ഐഎഫ്‌എഫ്‌കെ ഒരു അനുഭവം
ഐഎഫ്‌എഫ്‌കെയിൽ പങ്കെടുത്തതിന് ശേഷമാണ് ഞാൻ സമർപ്പണത്തോടെ സിനിമകൾ കാണാൻ തുടങ്ങിയത്. 2013 നും 2018 നും ഇടയിൽ തിരുവനന്തപുരത്തെ സിഇടിയിൽ പഠിക്കുമ്പോൾ ഫെസ്റ്റിവലിന്റെ നിരവധി പതിപ്പുകളിൽ പങ്കെടുത്തു. ജിജ്ഞാസയോടെയാണ് ആദ്യം ഫെസ്റ്റിവൽ കാണാൻ പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ചിന്തിക്കാൻ എന്നെ നിർബന്ധിക്കുന്ന അനുഭവങ്ങളാണ് പിന്നീടുണ്ടായത്. അവയിൽ പലതും ഞാൻ ടെലിവിഷനിൽ കണ്ടു വളർന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പരിചിതമായ പാറ്റേണുകളോ കൺവെൻഷണൽ ഫോർമാറ്റുകളോ പിന്തുടരുന്നവയായിരുന്നില്ല.

ആദ്യ ദിവസം ഞാൻ ഫെസ്റ്റിവൽ സിനിമകളെ അമിതമായി വിമർശിച്ചത് ഓർക്കുന്നു. ചില സിനിമ പ്രദർശനങ്ങൾക്കിടയിൽ ഞാൻ ഉറങ്ങിപ്പോയിരുന്നു. എന്നിട്ടും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയോടെയാണ് ഞാൻ സിനിമകളിലേക്ക് മടങ്ങിയെത്തിയത്. അവ മനസ്സിലാക്കാനും അവയുടെ അർഥങ്ങൾ ഉൾക്കൊള്ളാനും പിന്നീട് ശ്രമിച്ചു. സിനിമയുമായുള്ള എന്റെ ബന്ധത്തെയും സിനിമകൾ കാണുന്ന രീതിയെയും ഐഎഫ്എഫ്കെ മാറ്റിമറിച്ചു.
അതുപോലെതന്നെ പരിവർത്തനാത്മകമായിരുന്നു അവിടുത്തെ ആൾക്കൂട്ടവും. തുറന്ന മനസ്സുള്ള മനുഷ്യരുമായുള്ള സംഭാഷണങ്ങളും ഇടപെടലുകളും എന്റെ ഉള്ളിലെ പല 'ഗുഹകളെയും' സാവധാനം തകർക്കാൻ സഹായിച്ചു. അറിവിന്റെയും കാഴ്ചപ്പാടുകളുടെയും ഈ കൊടുക്കൽവാങ്ങലുകളിലൂടെ എന്റെ സിനിമാറ്റിക് ലോകം വികസിച്ചു. ഒപ്പം, സിനിമയെക്കുറിച്ചുള്ള പുതിയ വീക്ഷണങ്ങളും എണ്ണമറ്റ ചലച്ചിത്ര നിർദ്ദേശങ്ങളും എനിക്ക് ലഭിക്കുകയും ചെയ്തു.











0 comments