ad
Deshabhimani

ഐഎഫ്എഫ്കെ: എല്ലാ സിനിമകളെയും ജനകീയമാക്കുന്ന വേദി

shruthy saranyam
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Dec 15, 2025, 06:43 PM | 3 min read

2023ൽ നടന്ന ഐഎഫ്എഫ്കെയിൽ ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിലൂടെ ഫിപ്രസി പുരസ്കാരം നേടിയ സംവിധായിക ശ്രുതി ശരണ്യം ദേശാഭിമാനിയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്...


ഐഎഫ്എഫ്കെയുടെ ജനകീയത


എല്ലാതരം സിനിമകളെയും ജനകീയമാക്കാൻ ഐഎഫ്എഫ്കെയ്ക്ക് കഴിയുന്നു. സിനിമയെ സാർവത്രികമാക്കാനും ഈ വേദിയിലൂടെ സാധിക്കും. പ്രേക്ഷകരെ പുതിയ കാഴ്ചാ ശീലങ്ങളിലേക്ക് കൊണ്ടുപോകാനും അത്തരം കാഴ്ചകളെ സാധാരണവത്കരിക്കാനും ഐഎഫ്എഫ്കെ സഹായിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്.


സിനിമ മേഖലയും സർക്കാരും


സംസ്ഥാന സർക്കാർ ഫണ്ട് ചെയ്ത് മലയാള സിനിമാ മേഖലയിൽ ചിത്രങ്ങൾ പുറത്തിറങ്ങുന്നു എന്നത് വലിയ കാര്യമാണ്. സിനിമയുടെ നിർമാണ ആവശ്യങ്ങൾ നിറവേറ്റാനായി നോഡൽ ഏജൻസിയായ കേരള ഫിലിം ഡെവലപ്മെന്റെ് കോർപറേഷനെ(കെഎസ്എഫ്ഡിസി) സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിനിമ നിർമിക്കാൻ നൽകിവരുന്ന സാമ്പത്തിക സഹായം കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും ശക്തമായ തുടക്കമായിരുന്നു.


എന്റെ ആദ്യ സിനിമ സാക്ഷാത്കരിക്കപ്പെട്ടത് അത്തരത്തിൽ ഒരു ഫണ്ട് ഉള്ളതുകൊണ്ടാണ്. ഒരു സ്വകാര്യ നിർമാതാവായിരുന്നെങ്കിൽ ഞാൻ പറഞ്ഞുവച്ച വിഷയത്തിൽ സിനിമ ചെയ്യാനോ, ഈ രീതിയിൽ തന്നെ ബി 32 മുതൽ 44 വരെ എന്ന ചിത്രം എടുക്കാനോ കഴിയുമായിരുന്നില്ല.


SHRUTHI SARANYAM


വിമൻ സിനിമ ഫണ്ട്, കെഎസ്എഫ്ഡിസി


സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് വിമൻ സിനിമ ഫണ്ട്. അതിന്റെ ​ഗുണഭോക്താക്കളിൽ ഒരാളാണ് ഞാൻ. ഇത്തരത്തിലുള്ള സംരംഭങ്ങൾ ഇനിയുമുണ്ടാകണം. നിലവിലുള്ളവ ഭാവിയിലും തുടരണം. നാളെ അത്തരം ഫണ്ടുകളും സഹായങ്ങളും തേഞ്ഞുമാഞ്ഞു പോകരുത്. അണിയറ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ടെക്നിക്കൽ ട്രെയിനിങ് നടത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളും സ്വീകാര്യമാണ്. കാമറക്ക് പിന്നിലും സ്ത്രീകളുടെ ഇടപെടൽ ഇനിയും വരണം.


2017ൽ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങളിലായി മലയാള സിനിമയിൽ ഒരുപാട് സ്വീകാര്യമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു.


മേളയിൽ പുതുമുഖങ്ങൾ


ഐഎഫ്എഫ്കെ പോലുള്ള വേദികൾ പുതുമുഖ സംവിധായകർക്ക് ധാരാളം അവസരം നൽകുന്നു. പ്രത്യേകിച്ച് മേളയിലെ മലയാളം സിനിമ റ്റുഡേ എന്ന് വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന മിക്കവാറും ചിത്രങ്ങൾ നവാ​ഗതരുടേതാണ്. ഏകദേശം 75 ശതമാനം പുതുമുഖ സംവിധായകരുടെ ചിത്രങ്ങളുണ്ടാകാറുണ്ട്. പുതിയ ആളുകൾക്ക് അവസരം നൽകുന്നതുകൊണ്ടാണ് അത്രയധികം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മികച്ച നവാ​ഗത സംവിധായികയ്ക്കുള്ള (മലയാള സിനിമ) ഫിപ്രസി പുരസ്കാരം ലഭിച്ചയാളാണ് ഞാൻ. അത്തരത്തിലുള്ള പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നതും ഉത്തേജകം തന്നെയാണ്.


SRUTHI SARANYAM


ഐെഫ്എഫ്കെ എന്ന അനുഭവം


2023ൽ നടന്ന ഐെഫ്എഫ്കെയിൽ‍ എന്റെ ആദ്യ ഫീച്ചർ ഫിലിമായ ബി 32 മുതൽ 44 വരെ എന്ന ചിത്രം മലയാളം സിനിമ റ്റുഡേ വിഭാ​ഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ആ ചിത്രത്തിന് ലഭിച്ച ഫിപ്രസി പുരസ്കാരം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തേക്കാൾ വലിയ പുരസ്കാരമായാണ് ഞാൻ കാണുന്നത്. എനിക്ക് കിട്ടിയ ഏറ്റവും വലിയ അം​ഗീകാരമായി വിശ്വസിക്കുന്നു.


ഐഎഫ്എഫ്കെ വേദിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഉൾപ്പെടെ പലഭാ​ഗത്തുനിന്നുള്ള മനുഷ്യർ വരുന്നുണ്ട്. നമ്മുടെ സിനിമ കണ്ടതിനു ശേഷം ഈ പ്രേക്ഷകർ നൽകുന്ന ഒരോ അഭിപ്രായവും വളരെ വിലപ്പെട്ടതാണ്. അത് ചിലപ്പോൾ നല്ലതാവാം, വിമർശനാത്മകമാവാം. ഓരോ അഭിപ്രായങ്ങളും തീർച്ചയായും നമ്മെ സ്വാധീനിക്കും. ഒരു സംവിധായിക സിനിമയെ എങ്ങനെ സമീപിക്കുന്നു എന്നതിൽ വരെ ഇത്തരം അഭിപ്രായങ്ങൾ സ്വാധീനിക്കുന്നുണ്ട്. തിയറ്ററുകളിലെയോ, ഒടിടിയിലെയോ പോലെയുള്ള പ്രേക്ഷകരല്ല ഐഎഫ്എഫ്കെ വേദിയിലുള്ളത്. വളരെ സെലക്റ്റഡ് ഓഡിയൻസ് ആണ് ഇവിടെയെത്തുന്നത്.


സിനിമയെ ​ഗൗരവമായി കാണുന്ന ആളുകൾ മാത്രമാണ് ഐഎഫ്എഫ്കെയിൽ ഉടനീളം എത്തുക. അത്തരം ഒരു വേദിയിൽ എന്റെ ചിത്രവും പ്രദർശിപ്പിക്കാൻ കഴിഞ്ഞു, വ്യത്യസ്തമായ അഭിപ്രായങ്ങൾ നേടാൻ കഴിഞ്ഞു എന്നതിൽ വലിയ സന്തോഷം.


B 32 MUTHAL 44 VARE


സിനിമയിൽ 'അവൾക്ക്' പരിധികൾ


ഫെമിനിസം എന്ന ആശയത്തിന്റെ നിരവധി ഘട്ടങ്ങൾ കടന്ന് ഇന്റർസെക്ഷ്വാലിറ്റിയെ അഭിസംബോധന ചെയ്ത് ഇപ്പോൾ നിരവധി ജെൻഡർ ടൈപ്പുകളെ ഉൾക്കൊള്ളുന്ന ഒന്നായി മാറിയിട്ടുണ്ട്. എന്നാൽ അതിനെ ഉൾക്കൊള്ളുമ്പോഴും നമ്മൾ സംസാരിക്കുന്നത് അവൾ അവൻ എന്നീ രണ്ട് ജെൻഡറുകളിൽ നിന്നാണ്. സ്ത്രീകളുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനും നമ്മൾ ചെയ്യുന്നതിൽ ശരികളുണ്ട് എന്ന് മറ്റുള്ളവരെ മനസിലാക്കി കൊടുക്കുന്നതിനും ഇപ്പോഴും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സത്രീകളെ ഒരു സെക്കന്റ് ജെൻഡർ ആയാണ് ഇപ്പോഴും പരി​ഗണിക്കപ്പെടുന്നത്. അതിൽ സങ്കടമുണ്ട്. അവൾ എന്ന് ചോദിക്കേണ്ടി വരുന്നത് തന്നെ സ്ത്രീക്ക് അർഹമായ സ്ഥാനം ലഭിക്കുന്നില്ല, അല്ലെങ്കിൽ പരി​ഗണിക്കപ്പെടുന്നില്ല എന്നതുകൊണ്ട് തന്നെയാണ്.


സ്വീകാര്യമായ മാറ്റങ്ങൾ


കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സിനിമയിൽ ടെക്നീഷ്യൻസ് ആയിവരുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പിന്നണിയിൽ പ്രവർത്തിക്കുന്നവരിലും ഈ മാറ്റം കാണാം. കുറഞ്ഞത് ഒരു വനിത അസിസ്റ്റന്റ് ഡയറക്ടർ പോലുമില്ലാത്ത സിനിമ സെറ്റ് ഇന്ന് കാണാനാവില്ല. സ്ത്രീകൾ സിനിമയുടെ വിവിധ മേഖലകളിലേക്ക് കടന്നുവരുന്ന ട്രെൻഡ് ഉണ്ട്. പക്ഷെ ഇനിയും കൂടുതൽ സ്ത്രീകൾ വരേണ്ടതുണ്ട്. ഇത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു സാഹചര്യമല്ല. ഹോളിവുഡിലടക്കം സീനിയർ ടെക്നീഷ്യൻസ് പദവികളിലേക്ക് സ്ത്രീകളെത്തുന്നില്ല. അതിന് മാറ്റം വരേണ്ടതുണ്ട്.


പുതിയ പദ്ധതികൾ


പുതിയ സിനിമയ്ക്കായുള്ള ചിന്തകളിലാണ്. കഥകൾ എഴുതുന്നുണ്ട്. സാഹചര്യങ്ങൾ അനുകൂലമായി നല്ല തിരക്കഥയൊരുക്കാനായാൽ പുതിയ സിനിമയുണ്ടാകും.
















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home