സസ്പെൻസ് ത്രില്ലറുമായി ‘എക്കോ’

ദിൻജിത് അയ്യത്താൻ
ജിഷ അഭിനയ
Published on Nov 30, 2025, 12:02 AM | 2 min read
കിഷ്‌കിന്ധാകാണ്ഡം ടീം ഒന്നിക്കുന്ന ‘എക്കോ’ മലയാളം സിനിമ തിയറ്ററുകളിൽ വേറിട്ട കാഴ്‌ചയൊരുക്കി മുന്നേറുന്നു. സംവിധായകൻ ദിൻജിത് അയ്യത്താൻ സിനിമയുടെ വിജയപ്രതീക്ഷകൾ പങ്കുവയ്‌ക്കുന്നു.
കിഷ്‌കിന്ധാകാണ്ഡം ചെയ്യുന്നതിനു മുമ്പുതന്നെ ഈ സബ്ജക്ട് വായിക്കാൻ തിരക്കഥാകൃത്ത് ബാഹുൽ രമേഷ് തന്നിരുന്നു. വായിച്ചപ്പോൾത്തന്നെ ഇത് വിജയിക്കുമെന്ന ധൈര്യം തോന്നി. ഇപ്പോഴത്തെ കാലഘട്ടത്തിൽ ആളുകളെ പിടിച്ചിരുത്തുക എന്നത് വലിയ ടാസ്കാണ്. കാഴ്‌ചക്കാർ മാറി, അവരുടെ ആസ്വാദനശൈലിയും മാറി. എല്ലാത്തിനും പുതുമ തേടുന്നവരാണ് കാഴ്‌ചക്കാർ. അതുകൊണ്ടുതന്നെ ഫസ്റ്റ് പോസ്റ്റർമുതൽ നമ്മൾ വേറിട്ട് നിൽക്കണമെന്ന തോന്നലുണ്ടായി. പക്ഷേ, പിയൂസ് എന്ന കേന്ദ്രകഥാപാത്രത്തെ ആര് ചെയ്യും എന്നതായിരുന്നു ആശങ്ക. പ്രധാന താരനിരകളിൽ ആരെങ്കിലും വേണോ വേണ്ടയോ എന്ന ചിന്തയുണ്ടായിരുന്നു. നടൻ സന്ദീപ് പ്രദീപിനെ കണ്ടപ്പോൾ പറ്റിയ ആളാണെന്നും തോന്നി. പ്രൊഡ്യൂസറെയും കിട്ടിയതോടെ പിന്നെ തിരിഞ്ഞുനോക്കിയില്ല. ടീമിനോടുള്ള ധൈര്യംകൊണ്ടാണ് പ്രൊഡ്യൂസറും ധൈര്യം തന്നതെന്നറിയാം. കിഷ്‌കിന്ധാകാണ്ഡം നൽകിയ വിജയത്തിന്റെ ധൈര്യം ഇതിനുപുറകിലും ഉണ്ടായിരുന്നു. 45 ദിവസമായിരുന്നു ഷൂട്ടിങ്. മഴ, കോടമഞ്ഞ് എല്ലാം വലിയ വെല്ലുവിളിയായെങ്കിലും കൂട്ടായ പ്രയത്നത്തിന്റെ ഭാഗമായി സിനിമ ചിത്രീകരിക്കാനായി.
വ്യത്യസ്തമായ പ്രമേയം
കേരള– കർണാടക അതിർത്തിയിലുള്ള ‘കാട്ടിക്കുന്ന്’ എന്ന മലമ്പ്രദേശത്താണ് കഥ നടക്കുന്നത്. അവിടെ ഒറ്റപ്പെട്ട വീട്ടിൽ താമസിക്കുന്ന മ്ലാത്തിച്ചേടത്തിയും (ബിയാന മോമിൻ) സഹായിയായ പിയൂസുമാണ് (സന്ദീപ് പ്രദീപ്) കേന്ദ്രകഥാപാത്രങ്ങൾ. ഈ മലയുടെ ഉടമസ്ഥനും അനേകം ദുരൂഹതകൾ നിറഞ്ഞ വ്യക്തിത്വവുമായ ‘കുര്യച്ചൻ' എന്നൊരാളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. കുര്യച്ചനെ തേടി പലരും ആ മലയിലേക്ക് എത്തുന്നു, എന്നാൽ അപ്രതീക്ഷിതമായ പല സംഭവങ്ങളുമുണ്ടാകുന്നു. ‘എക്കോ’ സസ്‌പെൻസ് ത്രില്ലർ സിനിമയായി മാറുന്നതും ഇതുകൊണ്ടുതന്നെയാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള നിഗൂഢമായ ബന്ധവും സിനിമ തുറന്നുകാട്ടുന്നു. സന്ദീപ് പ്രദീപ്, ബിയാന മോമിൻ, വിനീത്, നരേൻ, ബിനു പപ്പു, അശോകൻ എന്നിവരാണ് അഭിനേതാക്കൾ. എം ആർ കെ ജയറാമാണ് പ്രൊഡ്യൂസർ.
മ്ലാത്തിച്ചേടത്തി
മ്ലാത്തിച്ചേടത്തി എന്ന കഥാപാത്രത്തിനായി ഒരാളെ കണ്ടെത്തുക എന്നതായിരുന്നു മറ്റൊരു ടാസ്ക്. ‘ഉള്ളൊഴുക്കി’ന്റെ ഡയറക്ടർ ക്രിസ്റ്റോ ടോമിയാണ് ബിയാന മോമിന്റെ ഫോട്ടോ നൽകി അവരെ നിർദേശിച്ചത്. കാസ്റ്റിങ്ങിനായി നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ഓഡിഷൻ നടത്തി. നിരവധി ആളുകൾ വന്നെങ്കിലും അവർക്ക് ട്രൈബൽ ലാംഗ്വേജ് മാത്രമേ അറിയുമായിരുന്നുള്ളൂ. ഒടുവിലാണ് ബിയാന മോമിൻ ഓഡിഷന് എത്തിയത്. ബിയാന മോമിൻ ടീച്ചറാണ്. ഓഡിഷൻ നടത്തിയപ്പോൾ ഒരു ഭയങ്കര എനർജി അവരിൽനിന്ന് വരുന്നതായി കണ്ടു. അങ്ങനെ അവരെത്തന്നെ കഥാപാത്രമാക്കാൻ തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ മുഴുവൻസമയവും അവർ ഇൗ പ്രായത്തിലും ടീമിന്റെ കൂടെ നിന്നു. സിനിമ വിജയിക്കുമോ എന്ന ആശങ്ക ഒട്ടും ഉണ്ടായിരുന്നില്ല, വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇടുക്കി കാഞ്ഞാറിന്റെ ഉൾപ്രദേശത്തായിരുന്നു ചിത്രീകരണം.
അഭിനേതാക്കളായി പട്ടികളും
പട്ടികളെ തെരഞ്ഞെടുക്കുന്നതിൽ, അതിന്റെ നിറം തെരഞ്ഞെടുക്കുന്നതിൽപ്പോലും വ്യത്യസ്‌തത വേണമെന്ന് തോന്നി. പരിശീലിപ്പിച്ച നായ്‌ക്കളെ അന്വേഷിച്ചപ്പോൾ വലിയ തുക പറഞ്ഞു. കുറഞ്ഞ സമയത്തിനകം പരിശീലനവും എളുപ്പമായിരുന്നില്ല. എങ്കിലും ഉദ്ദേശം 40 നായ്ക്കളെ തെരഞ്ഞെടുത്തു. ഒരുമാസംകൊണ്ട് പരിശീലനം നൽകി. തലശേരി സ്വദേശിയായ ദിൻജിത് അയ്യത്താൻ ചെന്നൈയിലാണ് സ്ഥിരതാമസം. ദിൻജിത്തിന്റെ അച്ഛൻ ദിവാകരൻ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, സിനിമ റിലീസ് ചെയ്ത് കാണാൻ അദ്ദേഹത്തിനായില്ല. കഴിഞ്ഞമാസം അദ്ദേഹം മരിച്ചു.









0 comments