ad
Deshabhimani

സിനിമ സ്വാഭാവികമായി സംഭവിക്കുന്നത്; ഭീഷണികൾക്ക് വഴങ്ങില്ല

prabhash chandra
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Dec 16, 2025, 10:44 PM | 3 min read

ഫിസിക്സിലെ ഗഹനമായ പഠനങ്ങളിൽ നിന്ന് ചലച്ചിത്രകലയുടെ വിസ്മയങ്ങളിലേക്ക് നടന്നു കയറിയ സംവിധായകൻ പ്രഭാഷ് ചന്ദ്രയുടെ ജീവിതയാത്ര അതിശയിപ്പിക്കുന്നതാണ്. അക്കാദമിക് ലോകത്തെ സുരക്ഷിതത്വത്തേക്കാൾ തന്റെ ചുറ്റുമുള്ള രാഷ്ട്രീയത്തോടും സാമൂഹിക വ്യവസ്ഥിതിയോടും കലയിലൂടെ സംവദിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പ്രഭാഷ് ചന്ദ്രയുടെ പുതിയ ചിത്രം ഹാർത്ത് ആൻഡ് ഹോം ഐഎഫ്എഫ്കെയിൽ ഇന്ത്യൻ സിനമ നൗ എന്ന വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രഭാഷ് ചന്ദ്ര ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്...


ജീവിതവും സിനിമയും


നാടകാവതരണത്തിലൂടെയാണ് സിനിമ എന്ന ആശയത്തിലേക്ക് എത്തുന്നത്. ഞാൻ ഒരു സയൻസ് വിദ്യാർഥിയായിരുന്നു. ഫിസിക്സിൽ ബിരുദവും, ആസ്ട്രോഫിസിക്സിൽ ബിരുദാനന്തര ബിരുദവും ചെയ്തിട്ടുണ്ട്. ബിരുദ പഠന കാലത്താണ് ആദ്യമായി ഒരു നാടകം സംവിധാനം ചെയ്യുന്നത്. പിന്നീട് കലയും പഠനവും ജീവിതവും അങ്ങനെ ഇടകലർന്ന് പോയി. പി എച്ച്ഡി ചെയ്തുകൊണ്ടിരുന്നപ്പോൾ സിനിമയോ സയൻസ് പഠനമോ എന്ന് ആശയക്കുഴപ്പമുണ്ടായി. ഒന്ന് തെരഞ്ഞെടുത്തേ മതിയാകൂ എന്ന് ഉറപ്പായി. അതോടെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് ചലച്ചിത്ര രം​ഗത്തേക്ക് പൂർണമായും ശ്രദ്ധിച്ചു. ഫിസിക്സ് പഠനം സിനമ മനസിലാക്കാൻ ഒരുപാട് സഹായിച്ചു. അധ്യാപനവും ആക്ടിങ് വർക്ക്ഷോപ്പുകളിലൂടെയാണ് ആദ്യ സിനിമക്കുള്ള പണം കണ്ടെത്തിയത്.


ഹാർത്ത് ആൻഡ് ഹോം


ഐഎഫ്എഫ്കെയിലെത്തുന്ന എന്റെ രണ്ടാം ചിത്രമാണ് ഹാർത്ത് ആൻഡ് ഹോം. അറുപതുകളിലുള്ള ഒരാൾ അമ്മയെ പരിചരിക്കുന്നതാണ് സിനിമയുടെ പ്രമേയം. അമ്മ മറവിരോ​ഗത്തിന്റെ ആദ്യഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അമ്മയും മകനും തമ്മിലുള്ള സ്നേഹവും വൈകാരികമായ അടുപ്പവുമാണ് ചിത്രത്തിലുടനീളം. ഒപ്പം നിരാശയുടെ നിമിഷങ്ങളും അവരെ കടന്നുപോകുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള നിസ്വാർത്ഥ സ്നേഹം എല്ലാമാണ് ചിത്രത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. ഒരു വീട്ടിൽ നടക്കുന്ന രം​ഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. അമ്മയും മകനുമല്ലാതെ ആ വീട്ടിൽ ആരുമില്ല. ഇടയ്ക്ക് അവിടെ വന്ന് പോകുന്ന ചിലർ മാത്രമാണ് മറ്റ് കഥാപാത്രങ്ങൾ. പ്രധാന കഥാപാത്രങ്ങളുടെ ഒരോ ദിവസത്തെയും ചര്യകളാണ് ദൃശ്യങ്ങളിൽ. എപ്പോഴും പെൺകുട്ടികളാണ് അമ്മയെ പരിചരിക്കുന്നതായി സമൂഹം കൽപ്പിക്കുന്നത്. അതാണ് സമൂഹത്തിന്റെ ഒരു ചിന്ത. എന്നാൽ അതേ സാഹചര്യത്തിൽ മകനും അമ്മയെ പരിചരിക്കാൻ സാധിക്കും എന്ന് കാണിച്ചു നൽകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.


hearth and homeഹാർത്ത് ആൻഡ് ഹോം എന്ന ചിത്രത്തിൽ നിന്ന്


ആദ്യ സിനിമ


'ഐ ആം നോട്ട് ദി റിവർ ഝലം' ആണ് ആദ്യ ചിത്രം. കശ്മീരിന്റെ ജനാധിപത്യം കശാപ്പ് ചെയ്ത് സ്വതന്ത്ര പദവി ഇല്ലാതാക്കിയ സംഘപരിവാർ ശക്തികൾക്കെതിരെയാണ് ചിത്രത്തിന്റെ യാത്ര. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഐബിയടക്കമുള്ളവയുടെ വേട്ട അതിജീവിച്ചാണ് സിനിമ പൂർത്തിയാക്കിയത്. സിനിമ പുറത്തിറങ്ങിയതിന് ശേഷം ഞാൻ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി. അവർ നിരന്തരം പിന്തുടർന്നു. 2022ലെ ഐഎഫ്എഫ്കെയിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.


രാഷ്ട്രീയ സിനിമകളിൽ നിന്ന് മാറ്റം


സംഘപരിവാർ ഭീഷണികളെ ഭയന്നല്ല ഹാർത്ത് ആൻഡ് ഹോം കൈകാര്യം ചെയ്യുന്ന വിഷയത്തിലേക്കുള്ള മാറ്റം. കേന്ദ്രം എന്നെ ലക്ഷ്യംവച്ചിരുന്നു എന്നതൊന്നും ഒരു വിഷയമായിരുന്നില്ല. 'ഐ ആം നോട്ട് ദി റിവർ ഝലം' ചെയ്യുമ്പോൾ തന്നെ എന്റെ മനസിൽ ഹാർത്തിന്റെ കഥയുണ്ടായിരുന്നു. കഥ എഴുതി കഴിഞ്ഞ ഉടൻ തന്നെ അഭിനേതാക്കളെയും ലഭിച്ചതിനാൽ ചിത്രീകരണം ആരംഭിക്കുകയായിരുന്നു. രണ്ട് സിനമകളും സംസാരിക്കുന്നത് വ്യത്യസ്ത പശ്ചാത്തലമാണ്. എന്നാൽ സം​ഗീതത്തിനും കവിതയ്ക്കും ഇരു ചിത്രത്തിലും സമാനതയുണ്ട്. ആദ്യചിത്രത്തിൽ അഞ്ച് കവിതകൾ ഉപയോ​ഗിച്ചിരുന്നു. ശക്തമായി രാഷ്ട്രീയം സംസാരിക്കുന്ന മറ്റൊരു ചിത്രമാവാം അടുത്തത്.


i am not the river jhelumഐ ആം നോട്ട് ദി റിവർ ഝലം എന്ന ചിത്രത്തിൽ നിന്ന്


സ്വതന്ത്ര സിനിമ


സ്വതന്ത്ര സിനമ പ്രവർത്തനം വളരെ പ്രയാസമുള്ള ഒന്നാണ്. സിനിമയുടെ കഥ എഴുതി കഴിഞ്ഞാലും അവ ചിത്രീകരിക്കാൻ പണം ആവശ്യമാണ്. ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയെക്കുറിച്ച് നിർമാതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. സിനിമയുടെ മാർക്കറ്റും വളരെ പ്രധാനമാണ്. ഫെസ്റ്റിവലുകളിൽ ചിത്രങ്ങൾ പ്രദർശനത്തിനെത്തിക്കുന്നതിനും വളരെ ബുദ്ധിമുട്ടുണ്ട്. വിദേശ മേളകൾക്കും ചില ഇന്ത്യൻ മേളകൾക്കും നമ്മുടെ സിനിമ ആവശ്യമില്ല. അവർ അവസരങ്ങൾ നിഷേധിച്ചാൽ നമ്മൾ എന്ത് ചെയ്യും? എന്റെ ആദ്യ ചിത്രം ചെയ്തപ്പോൾ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ഞാൻ വേവലാതിപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എന്ത് തന്നെ സംഭവിച്ചാലും ഒരടി പിന്നോട്ടില്ല എന്ന് തീരുമാനിക്കുകയായിരുന്നു. എന്റെ കാഴ്ചപ്പാടിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്. എല്ലാവർക്കും അങ്ങനെ ആയിരിക്കണമെന്നില്ല.


വെല്ലുവിളികൾ


ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വതന്ത്രമായ ചിന്താ​ഗതികൾ സിനിമയാക്കുക എന്നത് വെല്ലുവിളിയാണ്. അത്ര വലിയ ബഡ്ജറ്റ് അല്ലെങ്കിലും സ്വതന്ത്ര സിനിമകൾക്കും ഒരു ബഡ്ജറ്റ് ഉണ്ട്. എന്റെ ചില സുഹൃത്തുക്കൾ മനോഹരമായ നിരവധി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. എന്നാൽ ഒരു മേളയിൽ പോലു അവ പ്രദർശിപ്പിച്ചിട്ടില്ല. അവസരങ്ങൾ ലഭിക്കാതിരുന്നപ്പോൾ അവർ ഞെട്ടിപ്പോയി. പക്ഷെ എന്ത് ചെയ്യാൻ പറ്റും. മുന്നോട്ട് പോവുക മാത്രമാണ് വഴി. പിന്നെ ഇപ്പോൾ സോഷ്യൽ മീഡിയ യു​ഗമാണ്. വെർട്ടിക്കൽ കണ്ടന്റുകൾ കണ്ടാണ് ആളുകൾ വളരുന്നത്. ആ ആളുകളെ സ്വതന്ത്ര സിനിമകളുടെ പ്രേക്ഷകരാക്കുക എന്നതും ശ്രമകരമാണ്.


ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച എന്റെ ആദ്യ സിനിമ ഇന്ത്യയുടെ രാജ്യാന്ത്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചില്ല. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഇടപെടലിലൽ എനിക്ക് ആ മേളയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നു. സ്വതന്ത്ര സിനിമകൾ സെൻസർ ചെയ്യുമ്പോൾ സെൻസർ ചെയ്യപ്പെടുന്നത് സംവിധായകനും എഴുത്തുകാരനും കൂടിയാണ്. ഞാൻ എന്റെ സിനിമകൾ സെൻസർഷിപ്പിനായി സമർപ്പിച്ചില്ല. കഴിഞ്ഞ വർഷം പൂണെ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ അഥിതിയായി എത്തിയപ്പോൾ എനിക്ക് നേരെ ആക്രമണമുണ്ടായി. അയ്യായിരത്തോളം പേർ പിന്തുടർന്നു. അവസാനം പൊലീസ് സ്റ്റേഷനിൽ വരെ ആക്രമണം നീണ്ടു.


prabhash chandra പ്രഭാഷ് ചന്ദ്ര


അജൻഡകളും പ്രത്യാഘാതങ്ങളും


സിനിമകളിലൂടെയും അല്ലാതെയും സംഘപരിവാർ ഫാസിസ്റ്റ് അജൻഡകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്ന് മാത്രമല്ല, ഭാവിയിൽ വളരെ വലിയ തോതിൽ തന്നെ ഉണ്ടാകുമെന്നാണ് ഞാൻ ഭയപ്പെടുന്നത്. കാരണം പുതിയ തലമുറ ഇവയൊക്കെ കണ്ടാണ് വളരുന്നത്. വസ്തുതകളെ അജൻഡകൾകൊണ്ട് വളച്ചൊടിക്കുകയാണ്. കശ്മീർ ഫയൽസ് പോലെയുള്ള ചിത്രങ്ങൾ സംഘപരിവാറിന്റെ ഫാസിസ്റ്റ് ആശയങ്ങൾ പേറുന്നതായിരുന്നു. സവർക്കറെ മഹാത്മാവാക്കുന്നതുപോലെയുള്ള ഭ്രാന്തമായ ആശയങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്.


ഐഎഫ്എഫ്കെ


ഏഷ്യയിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നാണ് ഐഎഫ്എഫ്കെ. അതിന് പല കാരണങ്ങളുണ്ട്. പല ചിത്രങ്ങളും പ്രദർശിപ്പിക്കാൻ മുൻകൈയെടുക്കുന്ന ഐഎഫ്എഫ്കെയുടെ ശ്രമം പ്രശംസനീയമാണ്. 2020 മാർച്ച് 22നാണ് എന്റെ ആദ്യ ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. ആ സമയത്താണ് 'കശ്മീർ ഫയൽസ്' റിലീസ് ചെയ്യുന്നത്. 'കശ്മീർ ഫയൽസി'നോടുള്ള ഞങ്ങളുടെ പ്രതികരണമാണ് 'ഐ ആം നോട്ട് ദി റിവർ ഝലം' എന്നാണ് പ്രമുഖർ അന്ന് അഭിപ്രായപ്പെട്ടത്. എല്ലാ നല്ല ചിത്രങ്ങളെയും ഉൾക്കൊള്ളാനുള്ള വേദിയാണ് ഐഎഫ്എഫ്കെ. അത്തരത്തിലുള്ള ഒരു രാഷ്ട്രീയമാണ് മേള പിന്തുടരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home