അഭിനയത്തോട് കൊതിയാണ്; അനീഷ് രവി

അനീഷ് രവി
കെ എ നിധിൻ നാഥ് [email protected]
Published on Feb 22, 2026, 11:48 AM | 3 min read
25 വർഷമായി മലയാള ടെലിവിഷൻ മേഖലയിലെ നിറസാന്നിധ്യമാണ് അനീഷ് രവി. ഈ കാലത്ത് ടെലിവിഷൻ മേഖലയിലുണ്ടായ മാറ്റങ്ങളുടെ ഒരുവശത്ത് അനീഷുണ്ടായിരുന്നു. അഭിനേതാവായി തുടങ്ങി ആങ്കറും സംവിധായകനും എല്ലാമായി മലയാള ടെലിവിഷൻ പിന്നിട്ട കാൽനൂറ്റാണ്ട് തന്റേതുകൂടിയാക്കി അനീഷ് മാറ്റിയിട്ടുണ്ട്. എല്ലാവരും സിനിമ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുമ്പോൾ, അനീഷ് തന്റെ പ്രവർത്തനമേഖല ടെലിവിഷനിൽ കൂടുതൽ ഉറപ്പിക്കുകയായിരുന്നു. പിന്നിട്ട കാലത്തെക്കുറിച്ച് അനീഷ് രവി സംസാരിക്കുന്നു.
തൃപ്തനാണ്
25 വർഷമായി ഈ മേഖലയിൽ എത്തിയിട്ട്. എന്നെ സംബന്ധിച്ച് ഞാൻ പൂർണമായും തൃപ്തനാണ്. എന്റെ തുടക്ക കാലത്ത് ഒരുദിവസം മൂന്ന് വർക്കുകളൊക്കെ ചെയ്തിട്ടുണ്ട്. കൂടുതൽ വർക്ക് ചെയ്യണമെന്നാണ് ആദ്യം തോന്നിയിരുന്നത്. എന്നാൽ, പിന്നീട് ഒരു സമയം ഒരു വർക്ക് മാത്രം ചെയ്യുന്നതാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. കൈരളിയിൽ ‘കാര്യം നിസ്സാരം’ ചെയ്യുന്നതുമുതൽ ഒരു സമയം ഒരു വർക്ക് മാത്രമാണ് ചെയ്യുന്നത്. ഓടിനടന്ന് ചെയ്യുന്നതിൽ കാര്യമില്ലെന്ന തിരിച്ചറിവിൽനിന്നാണ് തീരുമാനം എടുത്തത്. ഈ മേഖലയിൽ നിലനിൽക്കുക എന്നുള്ളത് നമ്മുടെമാത്രം ആവശ്യമാണ്. ഒരു സമയം ഒന്നിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ഗുണകരമായി എന്നാണ് കാലം തെളിയിച്ചത്. ‘മിന്നുകെട്ട്’ സീരിയൽ 1000 എപ്പിസോഡ് പിന്നിട്ടു. അതിനുശേഷം തമിഴിൽ കെ ബാലചന്ദ്രന്റെ സീരിയലിൽ അഭിനയിച്ചു. വീണ്ടും മലയാളത്തിലെത്തി ചെയ്ത ‘കാര്യം നിസ്സാര’വും 1000 കടന്നു. ഇപ്പോൾ ചെയ്യുന്ന ‘അളിയൻസ്’ ആയിരത്തിലധികം എപ്പിസോഡുകളായി.
മറ്റു പരിപാടികൾ
അഭിനയം കൂടാതെ ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം ലഭിക്കുന്നുണ്ട്. യാത്രകൾ, നൃത്തം എല്ലാം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ആങ്കർ എന്ന നിലയിൽ ഒരുപാട് പുതിയ പരിപാടികൾ അവതരിപ്പിക്കാനായി. സാധാരണ പരിപാടിയിൽനിന്ന് വ്യത്യസ്തമായി സാഹസികത നിറഞ്ഞ സ്റ്റാർ വാർ, സിറ്റി ഗേൾസ്, സെലിബ്രേറ്റി കിച്ചൻ മാജിക് തുടങ്ങിയതെല്ലാം അവതരിപ്പിച്ചു. ഇപ്പോൾ കേരള വിഷനിൽ കേരളത്തിന്റെ മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് ഒരു ഷോ ചെയ്യുന്നുണ്ട്. ആകാശവാണി നാടകം ചെയ്യുന്നുണ്ട്. ഇങ്ങനെ പലവിധ മേഖലയിൽ കൈയൊപ്പ് ചാർത്താനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം.
നടൻ
എല്ലാവർക്കും ഇഷ്ടമുള്ള നടനാവുക എന്നതാണ് എന്റെ സന്തോഷം. അത് സിനിമയിൽത്തന്നെ വേണമെന്നില്ല എന്നാണ് വിശ്വസിക്കുന്നത്. മീഡിയത്തിനേക്കാൾ ഉപരി അഭിനയിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. ടെലിവിഷൻ അഭിനയത്തിന് ഇടയിലും ലഭിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നുണ്ട്. പ്രധാന വേഷം ചെയ്ത ‘ശ്രീ അയ്യപ്പൻ’ ഡിസംബറിൽ തിയറ്ററിലെത്തി. നേരത്തേ മണിച്ചേട്ടന്റെ (കലാഭവൻ മണി) ഒപ്പമെല്ലാം അഭിനയിക്കാനായി. തമിഴിലും സിനിമ ചെയ്തു. വെറുതെ കുറെ സിനിമ ചെയ്യുക എന്നതിനപ്പുറം സ്വീകാര്യത കിട്ടുന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് കാര്യം. മൂന്നുപ്രാവശ്യം സംസ്ഥാന ടെലിവിഷൻ അവാർഡിന് അർഹനായി. രണ്ടുപ്രാവശ്യം മികച്ച നടനും ഒരുപ്രാവശ്യം മികച്ച അവതാരകനും. മലയാളത്തിൽ ‘എന്നിട്ടും’, തമിഴിൽ ‘ധർമപതി’ ഉൾപ്പെടെ നിരവധി സിനിമകളുടെ വർക്കിലാണ് ഇപ്പോൾ.
കൈരളിയുടെ പുതിയ ചുവട്
മലയാള ടെലിവിഷൻ ചരിത്രത്തിൽ കൈരളി തുടക്കമിട്ട പുതിയൊരു ചുവടുവയ്‌പായിരുന്നു ‘കാര്യം നിസ്സാരം’. അതുവരെയുണ്ടായിരുന്ന സീരിയലുകളുടെ സ്വഭാവത്തിൽനിന്ന് പൂർണമായും മാറ്റമായിരുന്നു അത്. അഭിനേതാവ് എന്ന നിലയിൽ സീരിയലിനേക്കാളും കൂടുതൽ അവസരവും അതിൽ കിട്ടി. സീരിയലിൽ 15 ദിവസമാണ് ഷൂട്ടുള്ളതെങ്കിൽ എല്ലാ ദിവസവും നമുക്ക് ചിത്രീകരണം ഉണ്ടാകില്ല. പക്ഷേ, സിറ്റ് കോം അങ്ങനെയല്ല. ഓരോ എപ്പിസോഡ് ഓരോ കഥയാണ്. അതിനാൽ 15 ദിവസം നമുക്ക് വർക്കുണ്ടാകും. പിന്നെ ഒരുപാട് തരത്തിലുള്ള കഥാപാത്രങ്ങൾ അതിൽ ചെയ്യാനും പറ്റി. ഇത്തരത്തിലുള്ള അവസരങ്ങൾ കിട്ടിയത് ഒരു ഭാഗ്യമായാണ് കാണുന്നത്. അതിനാൽത്തന്നെ പിന്നിട്ട കാലത്തെക്കുറിച്ച് ആലോചിക്കുമ്പോൾ പൂർണമായും സന്തോഷവാനാണ്.
ഗോഡ്ഫാദറില്ല
മാറിമാറി ലഭിക്കുന്ന അവസരങ്ങൾ മടുപ്പ് ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ട്. ഒപ്പം അഭിനയിക്കാനുള്ള കൊതി നിലനിർത്തുകയും ചെയ്തിട്ടുണ്ട്. താരോത്സവം എന്ന പരിപാടിയുടെ ഭാഗമായി. രണ്ടുതവണ ഞാൻ ഭാഗമായ ടീമാണ് ജേതാക്കളായത്. അതിന്റെ തിരക്കഥയും സംവിധാനവും ചെയ്യാൻ കഴിഞ്ഞു. ദുബായ് ഷോപ്പിങ് ഭാഗമായി പരിപാടി അവതരിപ്പിച്ചു. എനിക്ക് ഗോഡ്ഫാദറില്ല. അതിനാൽത്തന്നെ എനിക്കുവേണ്ടി പറയാനും ആരും ഉണ്ടായിട്ടില്ല. പക്ഷേ, സ്വന്തമായി ഒരു ഇടംനേടാനായി. തമിഴ്നാട്ടിൽ എട്ടുമണിവരെയാണ് ഷെഡ്യൂൾ. പക്ഷേ, എന്റെ ഷോട്ടുണ്ടെങ്കിൽ അവർ എട്ടുമണിക്കുശേഷവും എടുക്കും. കാരണം എനിക്ക് അഭിനയിക്കാൻ അത്രയ്ക്കും ഇഷ്ടമാണ്. ചിറയിൻകീഴ് സ്വദേശിയായ അനീഷ് ഇപ്പോൾ തിരുവനന്തപുരം മണ്ണന്തലയിലാണ് താമസം. പട്ടം പബ്ലിക് സർവീസ് കമീഷൻ ഓഫീസിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജയലക്ഷ്മിയാണ് ഭാര്യ. അദ്വൈത്, അദ്വിക് എന്നിവർ മക്കൾ.
കോവിഡ് കാലം
എല്ലാവരും വീടിനകത്തിരുന്ന രണ്ട് കോവിഡ് ലോക്ക്ഡൗൺ കാലത്തും ഞാൻ ഫെയ്സ്ബുക്കിൽ വന്ന് ആളുകളുമായി സംസാരിക്കുമായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്കൂർ കഥയും കവിതയും സംസാരവുമെല്ലാമായി ആളുകളുമായി ഇടപഴകുമായിരുന്നു. എന്റെ പേരിലുള്ള ഒരു കൂട്ടായ്മ കോവിഡ് കാലത്ത് കുട്ടികൾക്ക് പഠിക്കാൻ 51 ടിവികൾ നൽകി. ഇപ്പോഴും എല്ലാ മാസവും കിറ്റുകൾ നൽകുന്നുണ്ട്. ഇങ്ങനെ ആളുകളുമായി പലതരത്തിൽ ഇടപഴകാൻ കഴിയുന്നുണ്ട്.
സമൂഹമാധ്യമങ്ങളുടെ കാലം
ഓരോ കാലത്തും അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും. ഇപ്പോൾ മൊബൈൽ എടുത്തുവച്ച് നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അറിയപ്പെടും. സമൂഹമാധ്യമങ്ങളുടെ വളർച്ചയിൽ എല്ലാവർക്കും സ്വന്തമായി കണ്ടന്റ് ഉണ്ടാക്കാൻ കഴിയും. എന്നാൽ, മികച്ച ഉള്ളടക്കങ്ങൾ മാത്രമാണ് എല്ലാ കാലത്തും നിലനിൽക്കുക. പണ്ടും അങ്ങനെതന്നെയായിരുന്നു. ഇപ്പോഴുണ്ടായൊരു മാറ്റം, തമാശയുടെ ആയുസ്സ് കുറഞ്ഞു എന്നതാണ്. സ്റ്റേജിൽ ഒരു തമാശ പറഞ്ഞ് ഫലിപ്പിക്കുക എന്നത് പ്രയാസമാണ്. പണ്ട് ഒരു വേദിയിൽ പറഞ്ഞത് മറ്റൊരിടത്ത് പറയുമ്പോൾ അവർക്കത് പുതുമയായിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയല്ല സ്ഥിതി. ഞാൻ ഒരു സ്കൂളിൽ ഒരു കഥ പറഞ്ഞു. അവർ അത് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അത് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇനി ആ കഥ എനിക്ക് മറ്റൊരിടത്ത് പറയാനാകില്ല. ഒരു നിമിഷംകൊണ്ട് ഒരു കാര്യം ലോകം മുഴുവൻ വ്യാപിക്കും.
അവഗണിക്കുക
മുമ്പൊരിക്കൽ ഒരു പരിപാടിയിൽ ഞാൻ തലവേദനയാണെന്ന് പറഞ്ഞിരുന്നു. പിന്നീടത് പ്രചരിച്ചത് എനിക്ക് ട്യൂമറാണെന്ന രീതിയിലാണ്. ഇപ്പോഴും ആളുകൾ വന്ന് അസുഖം എങ്ങനെയുണ്ട്, മാറിയോ എന്നെല്ലാം ചോദിക്കും. അതുപോലെതന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്ന പല പ്രതികരണങ്ങളും. അതിന് അർഹിക്കുന്നതിനുമാത്രം മറുപടി കൊടുക്കുക. മറ്റുള്ളതെല്ലാം അവഗണിക്കുക. നമുക്ക് എത്രപേർക്ക് മറുപടി പറയാനാകും. എല്ലാ കാലത്തും സത്യം മാത്രമേ നിലനിൽക്കൂ. നുണയുടെ ആയുസ്സ് സത്യം തിരിച്ചറിയുന്നതുവരെ മാത്രമേയുള്ളൂ.











0 comments