ad
Deshabhimani

print edition റാമ്പിൽ നിന്ന് സിനിമയിലേക്ക്

rosmin
avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Jan 11, 2026, 12:01 AM | 2 min read

മൂന്ന്‌ സിനിമകളുടെ ചെറുപ്പമാണ്‌ റോസ്‌മിൻ. ഇതിൽ രണ്ടെണ്ണം മലയാളവും ഒരെണ്ണം തമിഴുമാണ്‌. ദേശാതിരുകൾതാണ്ടി സിനിമയെന്ന സ്വപ്‌നം സാക്ഷാൽക്കരിച്ച സന്തോഷത്തിലാണ്‌ കോഴിക്കോട്‌ ചെറുവണ്ണൂർ സ്വദേശിയായ റോസ്‌മിൻ. ക്രിസ്‌മസിന്‌ തിയറ്ററിലെത്തിയ ‘ആഘോഷ’ത്തിലെ അധ്യാപികയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സ‍ൗന്ദര്യമത്സരങ്ങളിലെ വിജയമാണ്‌ സിനിമയിലേക്ക്‌ വഴിതുറന്നത്‌. റാന്പിലെ ചുവടുകളിൽനിന്ന്‌ ലഭിച്ച ആത്മവിശ്വാസം കാമറയ്‌ക്കുമുന്നിൽ നിൽക്കുമ്പോഴുണ്ടായ പേടിയെ മറികടക്കാൻ സഹായിച്ചു. സ്‌കൂളിൽ കലോത്സവങ്ങളിലൂടെ വേദിയിലെത്തി, പിന്നീടുള്ള യാത്രയെക്കുറിച്ച്‌ നടി റോസ്‌മിൻ സംസാരിക്കുന്നു.


സിനിമയിലേക്ക്‌


സ‍ൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. എന്റെ ഫോട്ടോ കണ്ടാണ്‌ വിനീത്‌ കുമാർ വിളിക്കുന്നത്‌. അങ്ങനെയാണ്‌ അദ്ദേഹം സംവിധാനം ചെയ്‌ത ‘പവി കെയർ ടേക്കറി’ൽ അഭിനയിക്കുന്നത്‌. പിന്നീട്‌ ബ്രേക്‌ഫാസ്റ്റ്‌ എന്ന തമിഴ്‌ ചിത്രം ചെയ്‌തു. സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്‌. ഉടൻ തിയറ്ററിലെത്തും. അമൽ കെ ജോബി സംവിധാനം ചെയ്‌ത ‘ആഘോഷ’ത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ടീച്ചറുടെ വേഷമായിരുന്നു. സിനിമ കണ്ടവരിൽനിന്ന്‌ നല്ല അഭിപ്രായമാണ്‌ കിട്ടിയത്‌. തിയറ്ററുകൾ സന്ദർശിച്ചപ്പോഴും പലരിൽനിന്നും നല്ല പിന്തുണ ലഭിച്ചു. തുടക്കക്കാരി എന്നനിലയിൽ ഇ‍ൗ പിന്തുണ വലിയ ആത്മവിശ്വാസവും ഉ‍ൗർജവുമാണ്‌ നൽകിയത്‌.


തമിഴ്‌ സിനിമ


കാസ്റ്റിങ്‌ ഡയറക്ടർവഴിയാണ്‌ തമിഴ്‌ സിനിമയിലേക്ക്‌ എത്തുന്നത്‌. ഭാഷ അറിയില്ല എന്നത്‌ വലിയ ബുദ്ധിമുട്ടായിരുന്നു. ആദ്യം ഡയലോഗ്‌ കാണാപാഠം പഠിച്ചു. തമിഴ്‌ പാട്ടുകൾ കേൾക്കാൻ ഇഷ്ടമാണ്. പാട്ട്‌ കേട്ടുള്ള അറിവുമാത്രമേ ഭാഷയുമായി ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌ രണ്ടുമൂന്ന്‌ ആഴ്‌ചകൊണ്ട്‌ ഭാഷ പഠിച്ചു. ഇപ്പോൾ തമിഴ്‌ എഴുതാനും വായിക്കാനും അറിയാം. ബാക്കി കാര്യങ്ങളിലെല്ലാം വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. ബ്രേക്‌ഫാസ്റ്റ്‌ മൂന്നു ഭാഷകളിലായാണ്‌ ഇറങ്ങുന്നത്‌. തമിഴ്‌ കൂടാതെ തെലുഗു, കന്നഡ ഭാഷകളിലും റിലീസ്‌ ചെയ്യും. മൂന്നു ഭാഷയിലും ഞാൻതന്നെയാണ്‌ ഡബ്ബ്‌ ചെയ്‌തത്‌. അത്‌ വലിയ അനുഭവമായിരുന്നു. സ‍ൗണ്ട്‌ എൻജിനിയേഴ്‌സ്‌ സഹായിച്ചു. തെലുഗുവും കന്നഡയും എനിക്ക്‌ ഒട്ടും അറിയില്ല, അതിനാൽ ഡബ്ബ്‌ ചെയ്യാൻ കുറെ ദിവസമെടുത്തു.


സ‍ൗന്ദര്യമത്സരം


സിനിമ ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നു. പക്ഷേ, സിനിമയിൽ എങ്ങനെ എത്തുമെന്ന്‌ അറിയില്ലായിരുന്നു. കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോഴാണ്‌ സ‍ൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുന്നത്‌. അങ്ങനെ സിനിമയിലേക്കും എത്തി. സ്‌കൂളിൽ പഠിക്കുമ്പോൾ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. മോണോ ആക്ട്‌, സ്‌കിറ്റ്‌ ഒക്കെ ചെയ്യുമായിരുന്നു. അഭിനയത്തിനോട്‌ വലിയ താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ പഠിക്കണം, ജോലി വാങ്ങണം എന്നായിരുന്നു. അതിനാൽ പ്ലസ്‌ വൺ, പ്ലസ്‌ടു പഠിക്കുമ്പോൾ കലോത്സവങ്ങളിൽ ഭാഗമായില്ല. കോവിഡ്‌ കാലത്ത്‌ കോളേജിൽ പഠിക്കുകയായിരുന്നു. അപ്പോഴാണ്‌ സ‍ൗന്ദര്യമത്സരത്തിൽ ഭാഗമാകുന്നത്‌.


പുതിയ കാര്യങ്ങൾ


സിനിമ കാണുമ്പോൾ നമുക്ക്‌ പരമാവധി മൂന്നുമണിക്കൂറുള്ള കാഴ്‌ചയാണ്‌. എന്നാൽ, ഒരു മിനിറ്റുള്ള രംഗം ചെയ്യാൻ എടുക്കുന്ന പരിശ്രമം കാണുന്നവർക്ക്‌ മനസ്സിലാകില്ല. അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ്‌ അതിനുപിന്നിലുള്ള പരിശ്രമം മനസ്സിലാകുന്നത്‌. അഭിനയിക്കുമ്പോൾ എപ്പോഴും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കും. ആദ്യസമയങ്ങളിൽ ഇത്‌ എനിക്ക്‌ ചെയ്യാൻ പറ്റുമോ? ഞാൻ നല്ല അഭിനേതാവാണോ? പ്രേക്ഷകർ കാണുമ്പോൾ അവർക്ക്‌ എന്ത്‌ തോന്നും എന്നെല്ലാം ചിന്തിക്കുമായിരുന്നു. എന്നാൽ, സെറ്റിൽനിന്ന്‌ കിട്ടുന്ന പിന്തുണ വലിയ ആത്മവിശ്വാസമാണ്‌ നൽകിയത്‌.


സ്വയം വിലയിരുത്തൽ


മിസ്‌ മലബാർ മത്സരത്തിൽ വിജയിയായിരുന്നു. മിസ്‌ സ‍ൗത്ത്‌ ഇന്ത്യയിൽ സെക്കൻഡ്‌ റണ്ണറപ്പുമായിരുന്നു. ഇ‍ൗ മത്സരങ്ങളിൽ പങ്കെടുത്തത്‌ സ്റ്റേജിനോടുള്ള പേടി ഇല്ലാതാക്കി. നിൽക്കുന്ന രീതിയും നടക്കുന്ന രീതിയുമെല്ലാം മെച്ചപ്പെടുത്താൻ ഇ‍ൗ മത്സരങ്ങൾ സഹായിച്ചിട്ടുണ്ട്‌. എപ്പോഴും സ്വയം വിലയിരുത്താറുണ്ട്‌. ഭാഷ ഉപയോഗം, ചില സ്ഥലത്തെ ഇമോഷൻസൊക്കെ എങ്ങനെ മെച്ചപ്പെടുത്താം എന്ന്‌ നോക്കാറുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home