ad
Deshabhimani

റൈന എന്ന 'പെണ്ണ് '

raina radhakrishnan
avatar
ആര്യാ കൃഷ്ണൻ വി

Published on Mar 02, 2026, 08:12 AM | 4 min read

നാല്‌ വർഷം, നാല്‌ സിനിമകൾ. ഒരു ചെറിയ സിനിമായാത്രയാണ് റൈനയുടേത്. എന്നാൽ, ആ യാത്രയിൽ റൈന ചെയ്തവയെല്ലാം തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ. നടൻ രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമായ പെണ്ണും പൊറാട്ടും ശ്രദ്ധ നേടുമ്പോൾ റൈനയുടെ ചാരുവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. സിനിമയിലെ പെണ്ണായി ആദ്യാവസാനം നിറഞ്ഞുനിൽക്കുകയാണ് റൈന. കരിയറിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രം നൽകിയ സന്തോഷവും നാലുവർഷത്തെ സിനിമാ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് റൈന രാധാകൃഷ്ണൻ.


നാല്‌ സിനിമകൾ


‘കുടുക്ക്’ 2025ലാണ് ആദ്യചിത്രം. കോവിഡ് കാലത്ത് പിജി പഠനത്തിനിടയിൽ സുഹൃത്ത് വഴിയാണ് കുടുക്കിലേക്ക് എത്തുന്നത്. കുടുക്കിന്റെ സംവിധായകൻ ബിലഹരിയാണ് ബി 32 മുതൽ 44 വരെ എന്ന സിനിമയെപ്പറ്റി പറയുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. നിതീഷ് സഹദേവൻ സംവിധാനം ചെയ്ത ഫാലിമി ആണ് ആദ്യത്തെ വാണിജ്യ സിനിമ എന്നു പറയാം. ഓഡിഷൻ വഴിയാണ് ഇതുവരെ എല്ലാ സിനിമകളിലും അഭിനയിച്ചത്. വളരെ രസകരവും പതിയെയുമുള്ള ഒരു യാത്രയാണ് ഈ നാലുവർഷത്തേത്. ആർട്ട് സിനിമയിൽ തുടങ്ങി വാണിജ്യ സിനിമകളിലേക്കെത്തിയ ഒരു യാത്രയെന്ന് പറയാം.


​കഥയാണ് പ്രധാനം


എല്ലാവർക്കും തുല്യമായ സ്ക്രീൻ സ്പേസുള്ള സിനിമയാണ് ബി 32. ഒരു പുതുമുഖം എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും കരുത്തുറ്റ, വ്യത്യസ്തമായ വേഷമായിരുന്നു അതിൽ. ഇനി അങ്ങനെ ഒരു കഥാപാത്രം ഞാൻ ചെയ്യുമോ എന്നും അറിയില്ല. ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എനിക്ക് മുൻ മാതൃകകളും ഉണ്ടായിരുന്നില്ല.


സിനിമയിൽ ഉടനീളം ഇല്ലെങ്കിൽപ്പോലും പ്രാധാന്യമുള്ള കഥാപാത്രമാണ് ഫാലിമിയിലും ലഭിച്ചത്. രാജേഷ് മാധവൻ മുമ്പ് പ്രവർത്തിച്ചിട്ടുള്ള സിനിമകൾ ഒക്കെ മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്. അങ്ങനെ ഒരാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പെണ്ണും പൊറാട്ടും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. സിനിമയിലെ പെണ്ണ് എന്ന വേഷത്തിനുവേണ്ടിയാണ് എന്നു പറഞ്ഞല്ല ഓഡിഷന് പോയത്. കഥാപാത്രത്തിനു സിനിമയിൽ കൃത്യമായ സ്ഥാനം ഉണ്ടെങ്കിൽ സ്ക്രീൻ ടൈം പ്രധാനമല്ല.


raina radhakrishnan


ചാരു എന്ന പെണ്ണ്


ആദ്യമായാണ് ഒരു ടൈറ്റിൽ റോൾ ചെയ്യുന്നത്. ഞാൻ ഇപ്പോഴും പുതുമുഖമാണ്. സിനിമയുടെ ആദ്യാവസാനം ചാരു ഉണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ സ്‌ക്രീനിൽ ഇല്ല എന്ന തോന്നൽ ഉണ്ടാകുന്നില്ല. ഓരോ രംഗങ്ങളും പൂർണമായി അറിഞ്ഞിട്ടല്ല സിനിമയിൽ ആരും അഭിനയിച്ചത്. സിനിമ പുറത്തിറങ്ങുന്നതിനുമുന്പ്‌ പ്രതികരണങ്ങളെപ്പറ്റിയും നമ്മുടെ സ്ക്രീൻ സമയത്തെ കുറിച്ചുമൊക്കെ ചെറിയ സംശയം ഉണ്ടായിരുന്നു. എന്നാൽ, സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ ചാരുവും സുട്ടുവും എല്ലാവരുടെയും മനസ്സിലുണ്ടാകും. സിനിമയുടെ ക്ലൈമാക്സ്‌ എന്താണ് എന്നുള്ളതാകും എപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ടാവുക. ആ അവസാനനിമിഷങ്ങളിൽ വന്ന് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗത്തിന്റെ ഭാഗം ആകുക, എന്നൊക്കെയുള്ളത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.


വെല്ലുവിളി


അധികം വെല്ലുവിളികളുള്ള കഥാപാത്രങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. ഇതുവരെ എനിക്ക് ലഭിച്ചവയൊക്കെ കുറച്ച്‌ സിംപിളായ കഥാപാത്രങ്ങളായിരുന്നു. ചാരുവും വെല്ലുവിളി ഉയർത്തിയിരുന്നില്ല. പക്ഷേ, ഞാൻ ഇതുവരെ ചെയ്തുവന്ന രീതികളായിരുന്നില്ല ഇവിടെ. കൂടെ ഉള്ളവർ എല്ലാം പുതിയ ആൾക്കാരാണ്. അവർക്കൊപ്പം ഒരു പുതുമുഖമായി നിന്നാണ് ചാരുവിന് ജീവൻ നൽകിയത്. പട്ടികളെ ചെറിയ പേടിയുള്ളതിനാൽ സുട്ടുവുമൊത്തുള്ള സീനുകളിൽ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ, അതും മനോഹരമായിത്തന്നെ ചെയ്യാൻ സാധിച്ചു.


കംഫർട്ട്‌ സോൺ


ബി 32ൽ വളരെ ഗൗരവമുള്ള വേഷമാണ് ചെയ്തത്. ഫാലിമിയിൽ പൂർണമായി സീരിയസും അല്ല, കോമഡിയും അല്ല. പെണ്ണും പൊറാട്ടുമിൽ മറ്റു കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷമാണ്. എന്താണ് നടക്കുന്നത് എന്ന് ആലോചിച്ച് അസ്വസ്ഥമാകുന്ന കഥാപാത്രം. വ്യക്തിജീവിതത്തിൽ ഞാൻ വളരെ ഹൈപ്പറായി സന്തോഷിക്കുന്ന ആളാണ്. ഗൗരവമേറിയ കഥാപാത്രങ്ങൾ വരുമ്പോഴാണ് കുറച്ചുകൂടി അഭിനയിക്കേണ്ടി വരുന്നത്. കോമഡി ടച്ചുള്ള റോളുകൾ ചെയ്യാനാണ് കൂടുതൽ ആഗ്രഹം. അതാണ് എന്റെ കംഫർട്ട്‌ സോൺ. എങ്കിലും പൂർണമായും അത്തരം ഒരു കഥാപാത്രം ലഭിച്ചാൽമാത്രമേ ഉറപ്പിച്ചുപറയാൻ പറ്റൂ.

ഫാലിമിയിലെ കഥാപാത്രം സെൽഫ് റെസ്‌പെക്ട് ഒരുപാടുള്ള വ്യക്തിയാണ്. പെണ്ണും പൊറാട്ടുമിൽ ഒരു കാര്യത്തിനുവേണ്ടി ധൈര്യമായി നിലകൊള്ളുന്ന കഥാപാത്രമാണ്. അത്തരം സ്വഭാവങ്ങളൊക്കെ വ്യക്തിജീവിതത്തിലുമുണ്ട്. അതിലുപരിയായി പൂർണമായും ഒരു കഥാപാത്രവും ജീവിതവുമായി അടുത്തുനിൽക്കുന്നതായി ഇല്ല.


പിന്നണിയിലും


സിനിമയെപ്പറ്റി പഠിക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പഠനവിഷയമായി തെരഞ്ഞെടുത്തത്. തിയററ്റിക്കൽ ആയുള്ള പഠനമാണ് അവിടെ. നമ്മൾ സിനിമ കാണുന്ന രീതിയിൽ മാറ്റം വരും. കുറച്ചുകൂടെ വിമർശനാത്മകമായി സിനിമയെ കണ്ടു തുടങ്ങി. സിനിമയുടെ പിന്നിൽ പണി എടുക്കണം എന്നുള്ള ആഗ്രഹം പിജി പഠനകാലത്താണ് ഉണ്ടായത്. സിനിമ കാണുന്ന രീതി മാറിയതോടെ സ്വയം ഉണ്ടായ തീരുമാനം ആയിരുന്നു അത്. മൂന്നു സിനിമകളിൽ അഭിനയിച്ച ശേഷമാണ് അസിസ്റ്റന്റ് ഡയറക്ടറായത്. ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ ധീരൻ സിനിമയിലാണ് സഹസംവിധായികയായത്. അഭിനയിക്കാൻ പറ്റുമെന്ന് തോന്നിയതുകൊണ്ട് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഭാവിയിൽ സഹ സംവിധാനം തുടരാനും താൽപ്പര്യമുണ്ട്.


കാണുന്ന രീതി മാറി


മുമ്പ് വളരെ സിമ്പിളായാണ് സിനിമ കണ്ടിരുന്നത്. വീട്ടിൽ അമ്മ ഒരുപാട് സിനിമകൾ കാണുന്ന വ്യക്തിയാണ്. ചെറുപ്പംമുതൽതന്നെ വിദേശഭാഷാ ചിത്രങ്ങൾ അടക്കം കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് സിനിമ പഠിക്കാൻ ഇഷ്ടം തോന്നിയത്. പഠിക്കാൻ തുടങ്ങിയപ്പോൾ കാണുന്ന രീതി പൂർണമായി മാറി. കുറച്ചുകൂടെ വിമർശനാത്മകമായി സിനിമയെ കണ്ടു തുടങ്ങി. എല്ലാ സിനിമകളെയും സിദ്ധാന്തങ്ങൾ വച്ച് പഠിച്ചുതുടങ്ങി. സിനിമയിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് സാങ്കേതികമായ ബുദ്ധിമുട്ടുകളും വശങ്ങളും മനസ്സിലായത്. സിനിമയിലെ രാഷ്ട്രീയം അന്നും ഇന്നും ഒരുപോലെതന്നെയാണ്. സാങ്കേതിക വശങ്ങൾകൂടി മനസ്സിലാക്കിയതോടെ മുന്പുള്ളതിനേക്കാൾ കുറച്ചുകൂടെ ഫ്രീ ആയിട്ടാണ് ഇപ്പോൾ സിനിമ കാണുന്നത്.


ബി 32 മുതലാണ് സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത്. ചലച്ചിത്രപഠനത്തിലാണ് പിജി ചെയ്തത്. സ്കൂളിലും കോളേജിലുമൊക്കെ നാടകത്തിൽ അഭിനയിച്ചിട്ടുമുണ്ട്. അതിനപ്പുറത്തേക്ക് സിനിമ ചെയ്യാം എന്നൊന്നും കരുതിയിരുന്നില്ല. ആ ധൈര്യം ഉണ്ടാക്കിയത് ബി 32 മുതൽ 44 വരെയാണ്. 6 പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഞാൻ. വളരെ ഗൗരവമായ റോളായിരുന്നു.


raina radhakrishnanറൈനയും രാജേഷ് മാധവനും


​ഐഎഫ്എഫ്കെ


2018 മുതൽ ഐഎഫ്എഫ്കെയിൽ വരുന്നുണ്ട്. ഞാൻ ഭാഗമായ രണ്ട് ചിത്രങ്ങൾ മേളയിൽ വന്നു. അന്താരാഷ്ട്ര സിനിമകൾ കൂടുതലായി കാണാൻ തുടങ്ങിയത് ഐഎഫ്എഫ്കെയിൽ നിന്നാണ്. അത്തരമൊരു വേദിയിൽ നമ്മുടെ രണ്ട് സിനിമകൾ വന്നു എന്നുള്ളത് വലിയ കാര്യമാണ്. ഒരുപാട് സിനിമകൾ കാണാൻ അവസരം ഒരുക്കിയ, ഒരുപാട് സൗഹൃദങ്ങൾ നൽകിയ ഇടമാണ് ഐഎഫ്എഫ്കെ. എപ്പോഴും വരാൻ ഇഷ്ടമുള്ള ഇടം .


ഇഷ്ടം എല്ലാത്തിനോടും


എല്ലാ ജോണറിലുള്ള സിനിമകളും കാണാറുണ്ട്. സയൻസ് ഫിക്ഷൻ സിനിമകൾ അധികം കാണാറില്ല. എല്ലാ ഭാഷകളിലെയും സിനിമകൾ കാണാറുണ്ട്. മറ്റു ഭാഷകളിലെ സിനിമ രീതികൾ, അവിടെ ഉണ്ടാകുന്ന മാറ്റങ്ങൾ ഒക്കെ ശ്രദ്ധിക്കാറുണ്ട്.


പുതു പ്രതീക്ഷ


ജോജി, തൊണ്ടിമുതൽ എന്നീ ചിത്രങ്ങളുടെ എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്ത പ്രോജക്ട്. കുഞ്ചാക്കോ ബോബൻ-, ലിജോമോൾ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ സ്ക്രിപ്റ്റ് ഷാഹി കബീറാണ്. പനോരമ സ്റ്റുഡിയോസാണ് നിർമാണം. ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home