ad
Deshabhimani

ആവർത്തനം ബോറടിപ്പിക്കും... കലാവഴികളെക്കുറിച്ച്‌ റോഷൻ മാത്യു സംസാരിക്കുന്നു

roshan mathew

photo credit: Roshan mathew facebook

avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Jan 25, 2026, 09:01 AM | 3 min read

ചത്താ പച്ചയിലെ വെട്രിയായി റോഷൻ മാത്യു തിയറ്ററുകളിൽ നിറഞ്ഞാടുകയാണ്‌. കോസ്റ്റ്യൂം ഗുസ്‌തിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങളുടെ മികവിന്‌ വൻ കൈയടിയാണ്‌ ലഭിക്കുന്നത്‌. അതേസമയം, റോഷൻ സംവിധാനം ചെയ്‌ത ‘ബൈ ബൈ ബൈപാസ്‌’ എന്ന നാടകം കേരള സംഗീതനാടക അക്കാദമിയുടെ 16–ാമത്‌ അന്താരാഷ്‌ട്ര നാടകോത്സവത്തിൽ അവതരിപ്പിക്കാനും ഒരുങ്ങുകയാണ്‌. അഭിനേതാവ്‌ എന്ന നിലയിൽ മലയാളത്തിന്റെ ഭാഷാതിരുകൾ താണ്ടിയ റോഷൻ, നാടകസംവിധായകൻ എന്ന നിലയിൽക്കൂടി സാന്നിധ്യം ഉറപ്പിക്കുകയാണ്‌. സിനിമയിൽ 10 വർഷം പിന്നിട്ട റോഷൻ അതിനുമുമ്പേ നാടകത്തട്ടിലുണ്ടായിരുന്നു. നാടകവും സിനിമയും ഒരേ പ്രാധാന്യത്തോടെ കാണുന്ന, രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകുന്ന കലാവഴികളെക്കുറിച്ച്‌ റോഷൻ മാത്യു സംസാരിക്കുന്നു.


കോസ്റ്റ്യൂം ഗുസ്‌തി ആക്‌ഷൻ കോമഡി സ്വഭാവത്തിലുള്ള ചിത്രമാണ്‌ ചത്താ പച്ച. എന്നാൽ, അതിനപ്പുറം കുടുംബം, സാഹോദര്യം ഒക്കെ ഉൾക്കൊള്ളുന്ന ഡ്രാമയാണ്‌. മലയാളത്തിലും ഇന്ത്യൻ സിനിമയിലും പുതുമ സമ്മാനിക്കുന്ന കോസ്റ്റ്യൂം ഗുസ്‌തിയാണ്‌ സിനിമ പറയുന്നത്‌. എന്നാൽ, സിനിമയുടെ പഞ്ചാത്തലം എല്ലാവർക്കും പരിചിതമാണ്‌. വെട്രി എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. മൂന്ന്‌ സഹോദരങ്ങളിൽ മൂത്ത ആളാണ്‌. ഇവരിൽനിന്നെല്ലാം മാറി ജീവിക്കുന്ന വെട്രി തിരിച്ചെത്തുന്ന കഥയാണ്‌. ഇതിനുസമാന്തരമായി ഗുസ്‌തിയും കുടുംബവുമെല്ലാം കടന്നുവരുന്നുണ്ട്‌. ഒരുപാട്‌ ശാരീരിക അധ്വാനം ആവശ്യമുള്ള സിനിമയായിരുന്നു. ശാരീരിക പരിവർത്തനം എന്നതിനപ്പുറം പരിക്ക്‌ പറ്റാതെയിരിക്കുക എന്നതായിരുന്നു പ്രധാനം. ഒരുപാട്‌ ആക്‌ഷനുള്ള സിനിമയാണ്‌. അതിനാൽ സുരക്ഷിതമായി വീഴുക, പരിക്ക്‌ പറ്റാതെയിരിക്കാനുള്ള വ്യായാമം ചെയ്യുക തുടങ്ങിയവയ്ക്കാണ്‌ പ്രാധാന്യം നൽകിയത്‌. പ്രധാന അഭിനേതാക്കളടക്കം എട്ടുപേരുള്ള ഗ്യാങ്ങാണ്‌. അവർ എല്ലാവരും ഒരുമിച്ചും തനിച്ചുമെല്ലാം പരിശീലനം നടത്തിയിരുന്നു.


സിനിമ തെരഞ്ഞെടുപ്പ്‌


കുറച്ച്‌ മച്ചാന്മാർ ചേർന്ന്‌ ഫോർട്ട്‌ കൊച്ചിയിൽ ഗുസ്‌തിയുടെ പരിപാടി സെറ്റ്‌ ചെയ്യുന്നുവെന്നതാണ്‌ ആദ്യം തന്നെ സിനിമയിലേക്ക്‌ ആകർഷിച്ചത്‌. സംവിധായകൻ അദ്വൈതിനെ നേരത്തേ പരിചയമുണ്ട്‌. മൂത്തോനിൽ ഒരുമിച്ചുണ്ടായിരുന്നു. സിനിമകളുടെ തെരഞ്ഞെടുപ്പ്‌ പല രീതിയിലും പല കാരണങ്ങൾകൊണ്ടുമാണ്‌. അഭിനേതാവ്‌ എന്ന നിലയിൽ സമാനമായ സിനിമകൾ ചെയ്യരുതെന്നുണ്ട്‌. സിനിമയിലെത്തിയിട്ട്‌ 10 വർഷമായെങ്കിലും തുടക്കക്കാരൻ എന്ന നിലയിൽത്തന്നെയാണ്‌ ഇപ്പോഴും നിൽക്കുന്നത്‌. ആവർത്തനമില്ലാതെ നോക്കാനാണ്‌ ശ്രമിക്കുന്നത്‌. 3–4 വർഷത്തിൽ സമാനമായത്‌ വരാം. ആവർത്തനമുണ്ടായാൽ കാണുന്നവർക്ക്‌ സ്വാഭാവികമായും ബോറടിക്കും. പല സിനിമകളും ചത്താ പച്ചപോലെ അതിന്റെ ആശയമാണ്‌ ആകർഷിക്കുന്നത്‌. ‘റോന്ത്‌’ ചെയ്‌തത്‌ ഷാഹി കബീറിന്റെ സിനിമയായതിനാലാണ്‌. ഷാഹിയുടെ ഏത്‌ സിനിമയാണെങ്കിലും ഞാൻ ചെയ്യും. ‘ഇത്തിരി നേരം’ ചെയ്‌തത്‌ പ്രശാന്തിന്റെ ‘അതിശയങ്ങളുടെ വേനൽ’ കണ്ടതിനാലാണ്‌.


തയ്യാറെടുപ്പുകൾ


ഓരോ സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ വ്യത്യസ്‌തമാണ്‌. ചിലതിന്‌ തയ്യാറെടുപ്പുകൾ വേണ്ടിവരില്ല. നേരെ ചെയ്യാൻ കഴിയുന്നതാണ്‌. പാരഡൈസിന്റെ തയ്യാറെടുപ്പ്‌ ഭ‍ൗതികമായതാണ്‌. കഥാപാത്രത്തെ മനസ്സിലാക്കുകയാണ്‌ വേണ്ടിയിരുന്നത്‌. അതിന്‌ ശാരീരികമായ തയ്യാറെടുപ്പ്‌ വേണ്ട. ചത്താ പച്ച ശരീരത്തിനുകൂടി പ്രധാനമുള്ള സിനിമയാണ്‌. വിവിധ സ്വഭാവത്തിലുള്ള ഭാഷകളിലുള്ള സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്‌. പല ആളുകൾ, പലതരം സിനിമകൾ ചെയ്യുക എന്നത്‌ നല്ല ഇഷ്ടമാണ്‌. പല മീറ്ററിലുള്ള സിനിമകൾ, വ്യത്യസ്‌തമായ സാഹചര്യത്തിൽ ചെയ്യുക ഇതെല്ലാം ആസ്വദിക്കാറുണ്ട്‌. രണ്ട്‌ സിനിമ മലയാളത്തിൽ ചെയ്‌തശേഷം ശ്രീലങ്കയിലും ഹിന്ദിയിലും ബല്ലാരിക്കപ്പുറം തെലുഗുവിലുമെല്ലാം സിനിമ ചെയ്യണം. ഇങ്ങനെ വ്യത്യസ്‌തമായ സാഹചര്യത്തിൽ സിനിമ ചെയ്യുക എന്ന പ്രോസസ്‌ ഇഷ്ടമാണ്‌. നമ്മൾ അത്രയുംകൂടി രൂപപ്പെടും. ഇങ്ങനെ ഓടിനടന്ന്‌ പണിയെടുക്കാനാണ്‌ താൽപ്പര്യം.


വിലയിരുത്തലുകൾ


നമ്മുടെ സിനിമകളെക്കുറിച്ച്‌ കുറെ കാര്യങ്ങൾ നമ്മുടെ ചുറ്റുമുള്ളവർ പറയും. പണം ചെലവഴിച്ച്‌ സിനിമ കാണുന്ന പ്രേക്ഷകരിൽനിന്നാണ്‌ ആദ്യം അഭിപ്രായം കിട്ടുക. അവരാണ്‌ ഉപഭോക്താക്കൾ. സമൂഹമാധ്യമങ്ങളുണ്ട്‌, അതുപോലെ എന്റെ ചുറ്റുമുള്ള പ്രൊഫഷണൽ കമ്യൂണിറ്റിയുണ്ട്‌. വളരെ അടുത്ത്‌ ബന്ധമുള്ള ഇന്നർ സർക്കിളുണ്ട്‌. അതിൽത്തന്നെ സിനിമയിലുള്ളവരും അല്ലാത്തവരുമുണ്ട്‌. സിനിമയെക്കുറിച്ച്‌ കേൾക്കുന്ന അഭിപ്രായങ്ങളിൽ കുറച്ചുകൂടി എനിക്ക്‌ വിശ്വസിക്കാൻ കഴിയുന്നത്‌ എന്റെ കൂട്ടുകാരെയാണ്‌. ഞാൻ സ്വയം വിലയിരുത്തുകയും ചെയ്യും. അതുപക്ഷേ കുറച്ച്‌ സമയം കഴിഞ്ഞ്‌ കാണുമ്പോഴാണ്‌ കൃത്യമായി മനസ്സിലാക്കാൻ കഴിയുക. ഒരു സിനിമ ചെയ്‌ത്‌ ആറുമാസമോ ഒരുവർഷമോ കഴിയുമ്പോഴാണ്‌ അത്‌ കൃത്യമായി വലിയിരുത്താൻ കഴിയുക.


ഇറ്റ്‌ഫോക്‌


ഇത്തവണത്തെ ഇറ്റ്ഫോക്കിൽ ഞാൻ സംവിധാനം ചെയ്‌ത ‘ബൈ ബൈ ബൈപാസ്‌’ അവതരിപ്പിക്കുന്നുണ്ട്‌. അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റിലാണ്‌. കേരളത്തിൽമാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമെല്ലാം നാടകങ്ങൾ വരുന്ന ഫെസ്റ്റിവലാണ്‌. അയച്ചപ്പോൾ കിട്ടണമെന്നുണ്ടായിരുന്നു. കിട്ടിയപ്പോൾ ഓസ്‌കാർ കിട്ടിയപോലെയാണ്‌. ഇ‍ൗ നാടകത്തിലുള്ള പകുതിപേരും ആദ്യമായി നാടകം ചെയ്യുന്നവരാണ്‌. പക്ഷേ, അവരെല്ലാം വളരെ കഴിവുള്ളവരുമാണ്‌. നാടകവും സിനിമയും രണ്ടുംകൂടി ഒരുമിച്ച്‌ കൊണ്ടുപോകണം. നാടകം ചെയ്യുക എന്നത്‌ എന്റെ പേഴ്‌സണൽ ആവശ്യമാണ്‌. അഭിനയിക്കുമ്പോൾ നമ്മൾ ചെലവഴിക്കുന്ന സമയം കുറവാണ്‌. ചത്താ പച്ചയിൽ 3–4 മാസം അഭിനയിച്ചു. അതിനുമുന്പ്‌ പ്രീ പ്രൊഡക്‌ഷൻ നടന്നു. പിന്നീട്‌ പ്രീ പ്രൊഡക്‌ഷനും പ്രൊമോഷനുമെല്ലാം നടക്കുന്നു. അഭിനയിക്കുന്ന സമയം കുറവാണ്‌. നാടകം അങ്ങനെയല്ല. നാടകത്തിൽ നമ്മൾ ജോലി ചെയ്യുന്ന സമയം കൂടുതലാണ്‌. കൂടുതലും എഴുതി തിട്ടപ്പെടുത്തി കൊണ്ടുവരികയല്ല. ആശയങ്ങൾ കോർത്തിണക്കി അതിനെ ചുറ്റിപ്പറ്റി വികസിപ്പിക്കുകയാണ്‌. നാടകം ചെയ്തില്ലെങ്കിൽ എന്റെ വളർച്ച പതുക്കെയാകുമെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. -നാടകമാണ്‌ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള ഏറ്റവും മികച്ച മാർഗം.


സംവിധാനം


നാടകം എപ്പോഴും നമ്മുടെ സങ്കൽപ്പംകൂടി ചേർന്നാണ്‌ ചെയ്യുന്നത്‌. ഭാവനയ്‌ക്ക്‌ വലിയ സാധ്യതയുണ്ട്‌. നാടകത്തിൽ അഭിനയിക്കുമ്പോൾ ഇത്‌ സ്‌റ്റേജല്ല, മറ്റൊരു സ്ഥലമാണെന്ന്‌ സങ്കൽപ്പിച്ചാണ്‌ അഭിനയിക്കുന്നത്‌. ഇത്‌ സിനിമയിലും ഗുണകരമായിട്ടുണ്ട്‌. ചിലപ്പോൾ സിനിമയിൽ ആദ്യം ചിത്രീകരിക്കുന്നത്‌ 36–ാമത്തെ രംഗമായിരിക്കും. അതിനുമുന്പുള്ള രംഗങ്ങൾ മനസ്സിൽ സങ്കൽപ്പിച്ചാണ്‌ സിനിമ ചെയ്യുക. ഇ‍ൗ ആലോചനയ്‌ക്ക്‌ നാടകത്തിലെ അനുഭവങ്ങളാണ്‌ ഗുണം ചെയ്യുന്നത്‌. കഥ പറയാൻ ഇഷ്ടമാണ്‌. ആളുകളുമായി ചേർന്ന്‌ പ്രവർത്തിക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്‌. നാടകമേഖലയിൽ എല്ലാവരും പരസ്‌പരം ബന്ധപ്പെട്ടാണ്‌ പ്രവർത്തിക്കുന്നത്‌. പക്ഷേ, സിനിമയിൽ അങ്ങനെയല്ല. അഭിനേതാവുമാത്രമാണ്‌. നാടകം ചെയ്‌ത്‌ ചെയ്‌ത്‌ പഠിക്കാനാകും. പക്ഷേ, സിനിമ പഠിച്ചിട്ട്‌ വേണം ചെയ്യാൻ. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്‌ സമയമായിട്ടില്ല. പഠിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home