ad
Deshabhimani

ത്രില്ലറല്ല ത്രില്ലിങ്ങാണ്

jeethu joseph
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Feb 01, 2026, 09:32 AM | 4 min read

മലയാളസിനിമയിൽ ത്രില്ലറുകളുടെയും കുടുംബകഥകളുടെയും പുത്തൻ അധ്യായങ്ങൾ സമ്മാനിച്ച സംവിധായകൻ ജീത്തു ജോസഫ് ക്രൈം ഡ്രാമയുമായി വീണ്ടും പ്രേക്ഷകർക്കുമുന്നിൽ എത്തുകയാണ്. ദൃശ്യം, മെമ്മറീസ്, നേര് തുടങ്ങി വമ്പൻ വിജയങ്ങൾക്കുശേഷം ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ്‌ലൈനോടെ ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ഡിനു തോമസ് ഈലന്റെ തിരക്കഥയിൽ ഷാജി നടേശൻ നിർമിക്കുന്ന ഈ ചിത്രം കൊച്ചിയുടെയും പീരുമേടിന്റെയും പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫ് സംസാരിക്കുന്നു.


​വൈകാരികമായ യാത്ര


ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന എന്റെ ഏറ്റവും പുതിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. ജോജു ജോർജ്, ബിജു മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂദാശ എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ ഡിനു തോമസ് ഈലനാണ് തിരക്കഥ. ചിത്രത്തിന് വളരെ വൈകാരികമായ ഒരു തലമുണ്ട്. ഡിനു എന്നോട് കഥ പറയുമ്പോൾ ഈ സിനിമ ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചതും ഇതേ കാരണത്താലാണ്.


ജോജു അവതരിപ്പിക്കുന്ന കഥാപാത്രമായ സാമുവേൽ ജോർജും മകളും തമ്മിലുള്ള ബന്ധം ഒരുവശത്തുണ്ട്. അതുപോലെതന്നെ ബിജു മോനോന്റെ കഥാപാത്രമായ ആന്റണി സേവിയറും മകനും തമ്മിലുള്ള നിമിഷങ്ങളാണ് മറുവശത്ത്. ഇവരുടെ വൈകാരികമായ യാത്രയാണ് ചിത്രം.

ബിജു– ജോജു കോംബോ


രണ്ടുപേരും വളരെ പ്രൊഫഷണലായിട്ടുള്ള ആളുകളാണ്. അവർ ഒരുമിച്ചെത്തിയപ്പോൾ ഞങ്ങൾക്ക് ശ്രമകരമായ ജോലിയൊന്നും ഉണ്ടായില്ല. അവർ വന്നു, അവർക്ക് നൽകിയ റോളുകൾ ഭംഗിയാക്കി. രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്നത് കാണാൻതന്നെ കൗതുകമായിരുന്നു. മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ലീഡ് ക്യാരക്ടർ അവർ ഒരുമിച്ച് ചെയ്തിരുന്നില്ല. ആ കോംബോയുടെ പുതുമതന്നെയായിരുന്നു ഞങ്ങളുടെ കൗതുകം.


ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, ആടുജീവിതത്തിലെ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ, മനോജ് കെ യു, ലിയോണ ലിഷോയ്, ശ്യാമപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.


സംഗീതം പ്രധാനം


എല്ലാ സിനിമകൾക്കും മ്യൂസിക് അത്യാവശ്യ ഘടകമാണ്. ഒരു സീനിന്റെ വൈകാരികമായ തലങ്ങളെ ഉയർത്താനുള്ള മാധ്യമമാണ് മ്യൂസിക്. പശ്ചാത്തലസംഗീതത്തിനും വളരെ പ്രാധാന്യമുണ്ട്. വിഷ്ണു ശ്യാമാണ് ചിത്രത്തിന്റെ മ്യൂസിക്. കൂമൻ, നേര്, നുണക്കുഴി തുടങ്ങിയ എന്റെ ചിത്രങ്ങളിൽ വിഷ്ണുവായിരുന്നു സംഗീതം നിർവഹിച്ചത്.


ട്രെയിലർ ഇറങ്ങിയപ്പോൾമുതൽ പശ്ചാത്തലസംഗീതം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകർക്ക് ആ മ്യൂസിക് ഇഷ്ടപ്പെട്ടു എന്ന തരത്തിലായിരുന്നു സമൂഹമാധ്യമത്തിലെ കമന്റുകൾ. സംഗീതത്തിന്റെയും ശബ്ദങ്ങളുടെയും പിൻബലത്തിൽമാത്രമേ ഒരു ഹൊറർ സിനിമ പ്രേക്ഷകർക്ക് അനുഭവവേദ്യമാകൂ. അതുപോലെ ‘വലതുവശത്തെ കള്ളനി’ലെ വൈകാരിക മുഹൂർത്തങ്ങൾ പ്രേക്ഷകരിലെത്തിക്കാനും അവർക്ക് അത് ശരിയായി മനസ്സിലാക്കാനും പശ്ചാത്തലസംഗീതം വളരെ സഹായിച്ചിട്ടുണ്ട്.


അടുത്ത പ്രോജക്ടുകൾ


​ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ലോ ഡ്രാമയാകും അടുത്തത്‌. ‘നേരി’ന്റെ എഴുത്തുകാരിയായ ശാന്തി മായാ ദേവിയാണ് കഥ. സ്ക്രിപ്റ്റ് പൂർത്തിയായിട്ടുണ്ട്. ഫഹദ് ഫാസിലുമായി സംസാരിക്കുന്നുണ്ട്. അതായിരിക്കുമോ അടുത്തതായി തുടങ്ങാൻ പോകുന്ന ചിത്രമെന്ന് ഇപ്പോൾ പറയാനാകില്ല. മറ്റൊരു ജോണറിലുള്ള സ്ക്രിപ്റ്റ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുകയാണ്. ആ ചിത്രം ഉടൻ സംഭവിക്കില്ല. അതിന് ഒരുപാട് തയ്യാറെടുപ്പുകളും സമയവും വേണം. ഉടൻ പുറത്തിറങ്ങുന്നത്‌ ‘ദൃശ്യം 3’ ആണ്.


ത്രില്ലർ സിനിമകൾ


പല ജോണറുകളിലുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതിനായാണ് പുറത്തുനിന്ന്‌ തിരക്കഥകൾ ക്ഷണിക്കുന്നത്. പക്ഷേ, പലപ്പോഴും അയക്കുന്ന തിരക്കഥകളിലേറെയും ത്രില്ലർ സ്വഭാവമുള്ളവയായിരിക്കും. അഭിനേതാക്കളെപ്പോലെതന്നെ ഒരേ രീതിയിലുള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ സംവിധായകർക്കും മടുപ്പ് തോന്നും. എനിക്ക് അങ്ങനെ തോന്നാറുണ്ട്. എല്ലാ ചലച്ചിത്രകാരന്മാർക്കും വ്യത്യസ്‌ത ജോണറിലുള്ള ചിത്രങ്ങൾ ഒരുക്കണമെന്നാണ് ആഗ്രഹം. പലപ്പോഴും അവർക്ക് അത് സാധ്യമാകാറില്ല. ബോധപൂർവം ഒരു മാറ്റത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.


എന്റെ സിനിമകൾ


ആദ്യചിത്രമായ ‘ഡിറ്റക്ടീവ്’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരുന്നു. അതിനുശേഷം മമ്മി ആൻഡ് മീയുടെയും മെമ്മറീസിന്റെയും സ്ക്രിപ്റ്റുകളുമായാണ് ഞാൻ പ്രൊഡക്‌ഷൻ കമ്പനികൾ കയറിയിറങ്ങിയത്. പക്ഷേ, മെമ്മറീസിന്റെ സ്ക്രിപ്റ്റ് ഞാൻ ആരെയും കാണിച്ചിരുന്നില്ല. രണ്ടരവർഷത്തോളമെടുത്ത് മമ്മി ആൻഡ് മീ ചെയ്തു. അപ്പോൾ അവിടത്തെ സെറ്റിൽ വച്ച് നടി ഉർവശി ചോദിച്ചു, ഒരു കുടുംബചിത്രം ചെയ്തുകൂടേ എന്ന്. അങ്ങനെ ചെയ്ത ചിത്രമാണ് മൈ ബോസ്.


ശേഷം മെമ്മറീസ് ചെയ്തു. അതിനുശേഷം മറ്റേതെങ്കിലും ജോണറിലുള്ള ചിത്രം ചെയ്യാമെന്നായിരുന്നു പ്ലാൻ. അപ്പോഴേക്കും ഞാൻ ദൃശ്യം എഴുതി പൂർത്തിയാക്കിയിരുന്നു. പക്ഷേ, അത് ഞാൻ എനിക്കുവേണ്ടി എഴുതിയ ചിത്രമായിരുന്നില്ല. എന്റെ അസോസിയറ്റിനുവേണ്ടി എഴുതിയതായിരുന്നു. രണ്ടുവർഷത്തോളമെടുത്തിട്ടും ആ തിരക്കഥ അദ്ദേഹത്തിന് സിനിമയാക്കാൻ കഴിയാതെ എന്റെ കൈയിൽ തിരികെ എത്തി. പെട്ടെന്നാണ് മോഹൻലാൽ ചിത്രത്തിലേക്ക് വരുന്നത്. ആ ആകാംക്ഷയിൽ ഉടൻ ചിത്രം പൂർത്തിയാക്കി.


2013 സെപ്തംബറിൽ മെമ്മറീസും ഡിസംബറിൽ ദൃശ്യവും റിലീസ് ചെയ്തു. രണ്ടു ത്രില്ലർ ചിത്രങ്ങൾ അടുപ്പിച്ചെത്തിയതോടെ ഞാൻ ത്രില്ലർ സിനിമകളുടെ സംവിധായകൻ എന്ന് ടാഗ് ചെയ്യപ്പെട്ടു. തൊട്ടുപിന്നാലെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം ചെയ്തു. പ്രതീക്ഷകളുടെ അമിതഭാരം ആ ചിത്രത്തിനുമേൽ ഉണ്ടാകുമെന്ന അറിവോടെതന്നെയാണ് ആ ചിത്രം ചെയ്തത്. പക്ഷേ, എനിക്ക് ത്രില്ലർ സിനിമകളിൽനിന്ന് ഒരു മാറ്റം അനിവാര്യമായിരുന്നു.


കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്


ചില സ്ക്രിപ്റ്റ്‌ എഴുതുമ്പോഴോ വായിക്കുമ്പോഴോ നമ്മുടെ മനസ്സിലേക്ക് ചില കഥാപാത്രങ്ങൾ തെളിഞ്ഞുവരും. നുണക്കുഴി എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് ആദ്യംതന്നെ അത്തരത്തിൽ വന്നത് ബൈജു ആയിരുന്നു. വലതുവശത്തെ കള്ളനിലെ പൊലീസ് ഉദ്യോഗസ്ഥനായി മനസ്സിൽ വന്നത്‌ ബിജു മേനോനായിരുന്നു. മറ്റൊരു പ്രധാന കഥാപാത്രത്തിന്റെ സ്ഥാനത്ത് ജോജുവും ആദ്യംതന്നെ ഇടംപിടിച്ചിരുന്നു.


‘ദൃശ്യ’ത്തിലെ സഹദേവൻ എന്ന കഥാപാത്രമായി ജഗതി ശ്രീകുമാറിനെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആകസ്മികമായി അപകടം സംഭവിച്ചതിനാൽ അത് സാധ്യമായില്ല. കോമഡി റോൾ ചെയ്യുന്ന ഒരാൾ അത്രയും സീരിയസായ ഒരു കഥാപാത്രം ചെയ്യുമ്പോൾ വലിയ ഇംപാക്ട് പ്രേക്ഷകരിലുണ്ടാകുമെന്ന തോന്നലുണ്ടായിരുന്നു. ഷാജോണിനോട് ‘ദൃശ്യ’ത്തിലെ പൊലീസ് റോളിനെക്കുറിച്ച് പറയുന്നത് മൈ ബോസ് എന്ന സിനിമയ്ക്കായി സെറ്റിലെത്തിയപ്പോഴാണ്. അന്ന് അദ്ദേഹത്തെ കണ്ടപ്പോൾ ആ റോളിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു.


ഹ്യൂമർ ചെയ്യുന്നവർക്ക് ഏത് റോൾ നൽകിയാലും അവരത് നന്നായി കൈകാര്യം ചെയ്യും. പ്രേക്ഷകർക്കും അത് ഒരു പുതിയ അനുഭവമായിരിക്കും. പണ്ട് വില്ലൻവേഷങ്ങൾ കൈകാര്യം ചെയ്തിരുന്ന ജനാർദനൻ കോമഡിറോളുകളിലേക്ക്‌ എത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചതുപോലെ. ബാബുരാജ് സോൾട്ട് ആൻഡ് പെപ്പറിലെ പാചകക്കാരനായി എത്തിയപ്പോൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലേ. അത്തരത്തിൽ എന്റെ സിനിമകളിലും അഭിനേതാക്കളെ പരീക്ഷിക്കാൻ എനിക്ക് ഇഷ്ടമാണ്. മറ്റ് സിനിമകൾ കാണുമ്പോൾ ഇയാൾ കൊള്ളാമല്ലോ അടുത്ത സിനിമയിൽ പരിഗണിക്കാമെന്ന് കരുതി ഓർത്തുവയ്ക്കാറുമുണ്ട്.

‘നേരി’ലെ പ്രതിഭാഗം വക്കീലിന്റെ സ്ഥാനത്തേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുന്നത് ആലോചിച്ചിരുന്നു. അതിൽ അനശ്വര ചെയ്ത കഥാപാത്രത്തിന്റെ അച്ഛന്റെ റോളിലേക്കാണ് ആദ്യം സിദ്ദിഖിനെ പരിഗണിച്ചിരുന്നത്. എന്നാൽ, ഗംഭീരമായി വക്കീലിന്റെ റോൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോൾ ആ റോളിലേക്ക് സിദ്ദിഖ്‌ എത്തി. ചിലർക്ക് ഏതു കഥാപാത്രത്തെ നൽകിയാലും അവരുടെ കൈയിൽ അത് വളരെ ഭദ്രമായിരിക്കും.


ഇഷ്ടചിത്രങ്ങൾ


​എല്ലാ ജോണറിലുള്ള ചിത്രങ്ങളും ഇഷ്ടമാണ്. എങ്കിലും നമ്മുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ചിത്രങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഞാൻ ചെയ്ത സിനിമകളിൽ മമ്മി ആൻഡ് മീ, ലൈഫ് ഓഫ് ജോസൂട്ടി, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളാണ് ഇഷ്ടം. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളൊക്കെ ഇഷ്ടമാണ്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, സന്ദേശം പോലുള്ള ചിത്രങ്ങൾ. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം, ഹോം, ഭരതനാട്യം ഉൾപ്പെടെയുള്ള ചിത്രങ്ങളും വളരെ ഇഷ്‌ടമായി. ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ നമുക്ക് അടുത്ത് പരിചയമുള്ള അല്ലെങ്കിൽ കണ്ട് മറന്നതാണെന്ന് തോന്നാറില്ലേ. അങ്ങനെയുള്ള സിനിമകളോടാണ് കൂടുതൽ ഇഷ്ടം.


പ്രേക്ഷകരോട്


​വലതുവശത്തെ കള്ളൻ സസ്പെൻസും ട്വിസ്റ്റുമുള്ള സിനിമയാണെന്ന് കരുതി പ്രേക്ഷകർ ഈ സിനിമയെ സമീപിക്കരുത്. ചിലർ ഈ ചിത്രത്തെ ത്രില്ലർ എന്ന് വിളിക്കുമായിരിക്കും. എന്നാൽ, മറ്റു ത്രില്ലർ സിനിമകളിൽ പ്രേക്ഷകർ കണ്ടിട്ടുള്ളതുപോലെയുള്ള സസ്പെൻസുകളൊന്നും ഈ ചിത്രത്തിലില്ല. മുൻവിധികളില്ലാതെ പ്രേക്ഷകർ ചിത്രം കാണാൻ തിയറ്ററിൽ എത്തണമെന്നാണ് അഭ്യർഥന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home