ad
Deshabhimani

ഇ‍ൗ സ്‌കിപ്പിങ്‌ വേറെ ലെവലാണ്‌...

YATHI SKIPPING

യതി

avatar
ഗയ പുത്തലത്ത്‌

Published on Mar 08, 2026, 09:55 AM | 2 min read

നിങ്ങളുടെ കൈയിലൊരു സ്‌കിപ്പിങ്‌ റോപ്പ്‌ കിട്ടിയാലെന്തു ചെയ്യും? പുതിയ പരീക്ഷണങ്ങൾ നടത്താൻ തയ്യാറാണോ?. എന്നാൽ കാസർകോട് പീലിക്കോട് സ്വദേശിയായ യതി തയ്യാറാണ്‌. സ്കിപ്പിങ്ങും പാട്ടും നൃത്തവും എല്ലാം സമന്വയിപ്പിച്ചുള്ളതാണ്‌ യതിയുടെ പരീക്ഷണം. സമൂഹമാധ്യമങ്ങളിലെ ട്രെന്റിങ് പാട്ടുകൾക്ക്‌ സ്കിപ്പിങ്ങിനൊപ്പം ചുവടുവച്ച് വൈറലായ തന്റെ പരീക്ഷണത്തെപ്പറ്റി യതി സംസാരിക്കുന്നു.


പരീക്ഷണങ്ങൾ


ചെറുപ്പം മുതൽ സ്കിപ്പിങ് പരിശീലിച്ചിട്ടുണ്ടെങ്കിലും കോവിഡ് കാലത്താണ്‌ വീണ്ടും സ്കിപ്പിങ്ങിലേക്ക്‌ കടന്നതും അതിൽ പുതിയ പരീക്ഷണങ്ങൾ നടത്തി നോക്കിയതും. ആ സമയത്ത്‌ മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന്‌ മനസ്സിലായപ്പോഴാണ്‌ വ്യായാമം ചെയ്‌ത്‌ തുടങ്ങിയത്‌. അങ്ങനെ ആദ്യം വ്യായാമം എന്ന നിലയിൽ സ്‌കിപ്പിങ്‌ ചെയ്‌തു തുടങ്ങി. പിന്നീട്‌ സ്‌കിപ്പിങ്ങിനൊപ്പം സിനിമ ഗാനങ്ങൾക്ക്‌ ചുവടുകൾ വച്ച്‌ പരിശീലിച്ചു. സമൂഹമാധ്യമങ്ങളിൽ വിദേശികൾ സ്കിപ്പിങ് റോപ്പ് ഉപയോഗിച്ച് നടത്തുന്ന പലതരം പ്രകടനങ്ങൾ കണ്ടിട്ടുണ്ട്‌. എന്നാൽ നമ്മുടെ നാട്ടിൽ ഇത്തരം പരീക്ഷണങ്ങൾ അധികം ആരും ചെയ്‌ത്‌ കണ്ടിട്ടില്ല. അതിനാൽതന്നെ പരീക്ഷണം വിജയിച്ച ഘട്ടത്തിൽ പതിയെ അവ വീഡിയോയെടുത്ത്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പ്രകടനത്തിലെ പുതുമയാകാം ആളുകൾ അത്‌ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്‌തു. പിന്നീട്‌ കാമ്പസ്‌ പരിപാടികളിൽ സ്റ്റേജ്‌ ഷോ ചെത്‌തു തുടങ്ങി. ഇന്നിപ്പോൾ പാട്ടിന്റെ ഭാഷയോ വരികളിലെ വേഗമോ ഒന്നും ചാട്ടത്തിനും നൃത്തത്തിനും തടസ്സമല്ല. ഇരുന്നും കിടന്നും നൃത്തം ചെയ്‌തും അങ്ങനെ ഏത് തരത്തിൽ വേണമെങ്കിലും സ്കിപ്പിങ് ചെയ്യാനാകും.


‘പട്ടണത്തിലെ കൊട്ടകയിൽ...'


‘പട്ടണത്തിലെ കൊട്ടകയിൽ സിനിമ കാട്ടിത്തരാം...' ഇ‍ൗ പാട്ടിന്‌ സ്‌കിപ്പിങ്ങിനൊപ്പം നൃത്തം ചെയ്‌തപ്പോഴാണ്‌ ആദ്യം വൈറലായത്‌. അതിനാണ്‌ എനിക്കാദ്യമായി മില്ല്യൺ വ്യൂസ്‌ ലഭിച്ചത്‌. പിന്നീട്‌ സമൂഹമാധ്യമങ്ങളിൽ ഓരോ സമയത്തും ട്രെന്റിങായ പാട്ടുകൾക്കെല്ലാം സ്കിപ്പിങ്ങിനൊപ്പം ചുവടുവച്ചു. അയ്യപ്പ ഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ, കന്നട, തമിഴ് ഭാഷകളിലെ സിനിമാഗാനങ്ങൾ എന്നിവയ്‌ക്കെല്ലാം സ്‌കിപ്പിങ്ങിനൊപ്പം ചുവടുവയ്‌ക്കാറുണ്ട്‌. ഏറ്റവുമൊടുവിലായി ‘മണിക്കുട്ടി നീയെന്റെ...’ എന്ന ട്രെന്റിങ്‌ പാട്ടിനും സ്‌കിപ്പിങ്ങിനൊപ്പം ചുവടുകൾ വച്ച്‌ വീഡിയോ ചെയ്‌തു. ‘ചേലക്കുറി മണം പതക്കമില്ലാ...’, 'അങ്ങകലെ മലമേലെ എൻ്റയ്യൻ്റെ സന്നിധാനം...’ തുടങ്ങിയ വീഡിയോകൾ ആളുകൾ കൂടുതൽ ഏറ്റെടുത്തു. കാഴ്ചക്കാരിൽനിന്നും നല്ല പ്രതികരണമാണ്‌ വീഡിയോകൾക്കെല്ലാം ലഭിക്കുന്നത്‌. കൂടാതെ യാത്രകളിലും മറ്റും ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഇതെല്ലാം കൂടുതൽ വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ വേഷം ധരിച്ച്‌ ചെയ്യുന്ന നർമം കലർന്നുള്ള അനുകരണ വീഡിയോകൾക്കും ആരാധകരേറെയാണ്‌. ഇന്ന്‌ ഇപ്പോൾ വീഡിയോ കണ്ട്‌ പരിശീലന വീഡിയോകളിടാൻ ആളുകൾ ആവശ്യപ്പെടുന്നുമുണ്ട്‌. സ്‌കിപ്പിങ്ങിന്‌ പുറമേ അഭിനയവും ഇഷ്‌ട വിനോദമാണ്‌. ഷോർട്ട്‌ ഫിലിമിലും നാടകങ്ങളിലും അഭിനയിക്കാറുണ്ട്‌. കൂടാതെ പൂരക്കളി കലാകാരൻ കൂടിയാണ്‌.


കർണാടകയിലും ചുവടുവച്ചു


എന്റെ പരീക്ഷണങ്ങൾക്ക്‌ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കുന്നത്‌ വിവിധ റിയാലിറ്റി ഷോകളിൽ എനിക്ക്‌ ലഭിച്ച സ്വീകാര്യതയാണ്‌. എന്റെ വീഡിയോ കണ്ട്‌ ചാനലുകൾ അവരുടെ റിയാലിറ്റി ഷോകളിൽ ഗസ്റ്റായി ക്ഷണിച്ചു. മലയാളത്തിൽ അമൃത ടിവിയിലും ഫ്ലവേഴ്‌സിലുമുള്ള റിയാലിറ്റി ഷോകളിൽ പരിപാടി അവതരിപ്പിച്ചു. നല്ല പിന്തുണയാണ്‌ ലഭിച്ചത്‌. കർണാടകയിലെ സിഫൈവ്‌ ചാനലിലെ ഒരു റിയാലിറ്റി ഷോയിലും പങ്കെടുക്കാനായി. സിനിമ പ്രൊമോഷന്റെ ഭാഗമായി ആ സിനിമയിലെ ഗാനത്തിന്‌ സ്‌കിപ്പിങ്ങിനൊപ്പം ചുവടുവയ്‌ക്കുകയായിരുന്നു. കൂടാതെ ഷോയിക്കിടയിൽ നടൻ രാജ്‌ ബി ഷെട്ടിയും ഞാനും മലയാളത്തിൽ സംസാരിക്കുകയും അത്‌ ടെലിക്കാസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. അത്‌ വലിയ സന്തോഷം നൽകി.


‘യതി ജംപ്സ്'


സമൂഹമാധ്യമങ്ങളായ യൂട്യൂബ്‌, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ ‘യതി ജംപ്സ്' എന്ന പേരിലുള്ള അക്ക‍ൗണ്ടുകളിലാണ്‌ വീഡിയോകൾ പങ്കുവയ്‌ക്കുന്നത്‌. ഇവയ്‌ക്കെല്ലാം യഥാക്രമം 138 K, 73.5 K ഫോളവേഴ്‌സ്‌ ഉണ്ട്‌. സ്‌കിപ്പിങ്ങ്‌ താരമെന്നതിനപ്പുറം താത്‌ക്കാലിക അധ്യാപകൻ കൂടിയാണ്‌. കുട്ടികൾ എന്റെ നല്ല പ്രോത്സാഹകരാണ്‌. ഇടയ്‌ക്ക്‌ ക്ലാസ്സിനിടയിൽ ചില പാട്ടിന്‌ ചുവട്‌ വയ്‌ക്കാൻ എന്നോട്‌ ആവശ്യപ്പെടാറുണ്ട്‌. അത്‌ എനിക്ക്‌ ഇഷ്‌ടമാണ്‌. ആദ്യമൊക്കെ ഞാൻ എന്ത്‌ ചെയ്യുന്നുവെന്ന്‌ വീട്ടുകാർക്ക്‌ സംശയമായിരുന്നു. എങ്കിലും നിരുൽസാഹപ്പെടുത്താതെ അവർ ഒപ്പമുണ്ടായിരുന്നു. ഇന്നും എല്ലാം പിന്തുണയും നൽകി കുടുംബം ഒപ്പമുണ്ട്‌. അച്ഛൻ: മധു മോഹനൻ, അമ്മ: സജിത, സഹോദരി: ഇള പ്രശോഭ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home