കല്ല്, കരട്, കാഞ്ഞിരകുറ്റി-മുള്ള്, മുരട്, മൂർഖൻ പാമ്പ്; ടൊവിനോയുടെ മാസ് ആക്ഷൻ വിരുന്ന്; 'പള്ളിച്ചട്ടമ്പി' ട്രെയിലർ പുറത്ത്

ടൊവിനോ തോമസ്, കയാദു ലോഹർ
കൊച്ചി : ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം നിർവഹിക്കുന്ന പീരീഡ് ഡ്രാമ ത്രില്ലർ ‘പള്ളിച്ചട്ടമ്പി’യുടെ ട്രെയിലർ പുറത്തിറങ്ങി. കയാദു ലോഹർ നായികയാകുന്ന ചിത്രം ടൊവിനോയുടെ മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ‘എ ആർ എം’ എന്ന ചിത്രത്തിലെ മണിയൻ എന്ന കഥാപാത്രത്തിന്റെ അഭ്യാസങ്ങളെ കടത്തിവെട്ടുന്ന പ്രകടനമായിരിക്കും ‘പള്ളിച്ചട്ടമ്പി’യിലേതെന്ന് ട്രെയിലർ സൂചന നൽകുന്നു.
കല്ല് കരട് കാഞ്ഞിര കുറ്റി-മുള്ള്, മുരട്, മൂർഖൻ പാമ്പ്. കുന്നും പുറത്തിന്റെ ചരിവുകളും തിട്ടകളും കാടും മേടും നമുക്ക് മനകണക്കാ,തെക്കൻ കാറ്റും തുലാ പെയ്ത്തും ഒരുമിച്ച് വന്നാലും ഇവിടുത്തെ മര കൂട്ടങ്ങൾക്ക് ഉയിര് കൊണ്ട് കാവൽ നിക്കുന്നത് മനുഷ്യരാ,അവരെ നേരിടാൻ നമ്മുടെ ആയുധം ഈ മണ്ണാണ്, എന്നീ ടൊവിനോയുടെ മാസ് ഡയലോഗുകളാണ് ട്രെയിലറിലെ പ്രധാന ആകർഷണം.
വിഷു റിലീസായി എത്തുന്ന ചിത്രം ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും. 1950-60 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ടിഎസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്വീൻ, ജനഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുൻ ചിത്രങ്ങളിലേതുപോലെ തന്നെ ഹിറ്റ് ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.ചിത്രത്തിലെ കാട്ടുചെമ്പകം പൂത്തോട്ടെ എന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമാണം നിർവഹിക്കുന്നത്. ടൊവിനോയുടെ മാസ് ആക്ഷൻ എന്റർടെയ്‌നറിനായി വലിയ കാത്തിരിപ്പിലാണ് പ്രേക്ഷകർ.










0 comments