ad
Deshabhimani

പലസ്തീനികളുടെ വിലക്കപ്പെട്ട കനിയായി കടൽ മാറിയ കഥയുമായി 'ദി സീ'

avatar
അഞ്‌ജലി ഗംഗ

Published on Dec 18, 2025, 12:19 AM | 2 min read

തിരുവനന്തപുരം: നിശാഗന്ധി ഓപ്പൺ തിയറ്ററിൽ 'ദി സീ' (The Sea) എന്ന പലസ്തീനിയൻ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിൽ "നദി മുതൽ കടൽ വരെ" (From the river to the sea) എന്ന വിമോചന മുദ്രാവാക്യം ഒരു തവണയെങ്കിലും ഓർമ വന്നിരിക്കും. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള ഭൂപ്രദേശം അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കണമെന്നും, അവിടെ വംശ-മത ഭേദമന്യേ എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള ഒരു സ്വതന്ത്ര രാഷ്ട്രം നിലവിൽ വരണമെന്നുമുള്ള പലസ്തീൻ ജനതയുടെ തീവ്രമായ പ്രത്യാശയുടെ പ്രതീകമാണീ മുദ്രാവാക്യം.

തന്റെ സുഹൃത്തുക്കൾ കടൽ കാണാൻ പോകുമ്പോൾ, ഇസ്രായേൽ അധികാരികളുടെ അനുമതിയില്ലാത്തതിനാൽ പന്ത്രണ്ടുകാരനായ ഖാലിദിന് മാത്രം പോകാൻ കഴിയുന്നില്ല. തന്റെ ആഗ്രഹത്തിന് മുന്നിൽ അതിർത്തിയിലെ പട്ടാള ടാങ്കുകളും നിയമത്തിന്റെ വിലക്കുകളും തടസമായിട്ടും കടൽ കാണാൻ അവൻ വീട്‌ വിട്ടിറങ്ങുകയാണ്‌. കാണാതായ തന്റെ മകനെ അന്വേഷിച്ചിറങ്ങുന്ന അച്ഛൻ റിബിയും ചിത്രത്തിൽ പ്രധാന കഥാപാത്രമാണ്‌. ഇരുവരുടേയും യാത്രയാണ്‌ സിനിമയുടെ കാതൽ.

പലസ്തീനികളുടെ പൂർവികർ സ്വതന്ത്രമായി മീൻ പിടിക്കുകയും തിരമാലകളിൽ കളിച്ചുല്ലസിക്കുകയും ചെയ്തിരുന്ന ആ കടൽ ഇന്ന് ഇസ്രായേലിന്റെ പൂർണ നിയന്ത്രണത്തിലാണ്. സ്വന്തം മണ്ണിൽ നിന്ന് തൊട്ടടുത്തുള്ള കടൽ കാണാൻ പോലും അനുവാദം കാത്തുനിൽക്കേണ്ടി വരുന്ന ഒരു ജനതയുടെ ദുരവസ്ഥ ഈ സിനിമ ആവിഷ്കരിക്കുന്നു. ഇസ്രായേൽ സംവിധായകനായ ഷൈക്കാർ മെലി പോളാക്ക്, പലസ്തീൻ ജനതയെയും അവരുടെ സ്വപ്നങ്ങളെയും അടിച്ചമർത്തുന്ന ഇസ്രായേൽ ഭരണകൂടത്തെ കൃതൃമായി സിനിമയിലൂടെ അടയാളപ്പെടുത്തുന്നു.


നരച്ച വീടുകൾ മാത്രമുള്ള തന്റെ ദരിദ്രമായ ഗ്രാമത്തിൽ നിന്നും ഇസ്രായേലിലെ മിന്നിത്തിളങ്ങുന്ന അംബരചുംബികൾക്കിടയിലേക്ക് എത്തുന്ന ഖാലിദിന്, താൻ ഒരു മായിക ലോകത്തെത്തിയ അനുഭവമാണ് ഉണ്ടാകുന്നത്. ഭൗതിക സാഹചര്യങ്ങളിലെ ഈ വ്യത്യാസം കേവലം കാഴ്ച്ചയല്ല; മറിച്ച് അധിനിവേശത്തിന്റെ ക്രൂരമായ യാഥാർഥ്യമാണ്. ഒരു വര വരച്ച് അതിനപ്പുറവും ഇപ്പുറവും രണ്ട് ഭാഷകളുടെ മതിൽക്കെട്ടുകൾ പണിത്, പലസ്തീനിന്റെ വികസനത്തെയും സ്വപ്നങ്ങളെയും ഇസ്രായേൽ എങ്ങനെ കാൽക്കീഴിൽ ഞെരിച്ചുടയ്ക്കുന്നു എന്ന് ഈ ദൃശ്യങ്ങളിലൂടെ സംവിധായകൻ കൃത്യമായി വരച്ചുകാട്ടുന്നു. ഖാലിദിന്റെ അത്ഭുതം കലർന്ന നോട്ടം യഥാർത്ഥത്തിൽ ഒരു ജനതയ്ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ നേർച്ചിത്രമാണ്.


കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച "ദി സീ' സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ചലച്ചിത്ര മേളയിൽ അവതരിപ്പിച്ചത്. ലോകത്തിന്റെ ഒരു കോണിൽ നടക്കുന്ന ഇത്തരം ക്രൂരതകളെക്കുറിച്ച് സംസാരിക്കുന്ന സിനിമ എന്തിന് കേരളത്തിൽ വിലക്കണം എന്നതായിരുന്നു കണ്ടിറങ്ങിയ പ്രേക്ഷകരുടെ ചോദ്യം. സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നവരാണ് സിനിമകളെ ഭയപ്പെടുന്നതെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിർവരമ്പുകളില്ലെന്നും ഐഎഫ്എഫ്കെ ആസ്വാദകർ ആവർത്തിച്ചു പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home