ad
Deshabhimani

ഉപരോധം തകർക്കുന്ന ഇറാനിയൻ ജീവിതങ്ങൾ; ഉള്ളുതൊട്ട് 'ദി ഡോട്ടർ'

The Daughter Movie
avatar
അഞ്ജലി ഗംഗ

Published on Dec 17, 2025, 05:26 PM | 1 min read

തിരുവനന്തപുരം: 'ഇറാനിയൻ സിനിമകൾ നിരാശപ്പെടുത്താറില്ലല്ലോ, മിക്കതും ക്ലാസിക്കുകളല്ലേ' പൂര്യ കക്കാവാൻഡിന്റെ "ദി ഡോട്ടർ' ഏരീസ്‌ പ്ലക്‌സ് തീയറ്ററിലെ ഓഡി നമ്പർ ഒന്നിൽ നിന്ന്‌ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. സാമൂഹ്യ, രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെ ദൈനംദിന ജീവിതത്തിന്റെ അകമ്പടിയോടെ ഏറ്റവും ലളിതമായി അവതരിപ്പിക്കുന്ന സിനിമകളാണ്‌ ഇറാനിലേത്‌. പക്ഷേ ആധുനിക ഇറാനിൽ സമൂഹം അംഗീകരിച്ച സാധാരണ ജീവിതം പോലും വിദൂര സ്വപ്‌നമാണെന്ന്‌ പറഞ്ഞുവയ്ക്കുകയാണ് 2025ൽ പുറത്തിറങ്ങിയ ഈ സിനിമ.

ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്ന്‌ അമേരിക്കയും യൂറോപ്യൻ യൂണിയനും ഐക്യരാഷ്‌ട്രസഭയടക്കം ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന്‌ പണപെരുപ്പവും ഇറാനിയൻ റിയാലിന്റെ ഇടിവും ജനജീവിതം ദുസ്സഹമാക്കി. ഇ‍ൗ ചരിത്രമൊന്നും സിനിമയിൽ പ്രതിപാദിക്കുന്നില്ലെങ്കിൽ കൂടി ആധുനിക ഇറാനിലെ ഇ‍ൗ സാഹചര്യങ്ങൾ കുടുംബ ജീവിതത്തിനുള്ളിൽ എങ്ങനെ വിള്ളലുണ്ടാക്കുന്നുവെന്ന്‌ അവതരിപ്പിക്കുകയാണ്‌ സംവിധായകൻ.

കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം മഹ്‌ഷിദ്‌ തന്റെ ഭർത്താവായ നിമയോട്‌ അവതരിപ്പിക്കുന്നുണ്ട്‌. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കുഞ്ഞിനെ കൂടി ഉൾപ്പെടുത്തി ഒരു ജീവിതം സാധ്യമല്ലെന്ന്‌ ഭർത്താവ്‌ നിമ ഓർമിപ്പിക്കുന്നു.


The daughter

തന്റെ അമ്മയാകാനുള്ള ആഗ്രഹത്തെ അടക്കി നിർത്താൻ കഴിയാതെ മഹ്‌ഷിദ്‌ ഒരു മായികലോകത്തേക്ക്‌ പ്രവേശിക്കുന്നു. അവിടെ കുഞ്ഞിന്റെ ചിരിയും കളിയുമെല്ലാം അവൾക്ക്‌ കേൾക്കാനാകും. സ്വന്തമായി ഒരു കുഞ്ഞിനെ നൽകാനാവില്ലെന്ന്‌ മനസിലാക്കിയ നിമയും ഭാര്യയോടൊപ്പം ചേരുന്നുണ്ട്‌. എന്നാൽ ഇ‍ൗ ഭ്രമാത്മകമായ ലോകം മഹ്‌ഷിദിന്റെ യാഥാർഥ്യമായി മാറുന്നിടത്തെ സംഭവ വികാസങ്ങളാണ്‌ സിനിമയുടെ ഇതിവ്യത്തം.

സാമ്രാജ്യത്വ ശക്തികളുടെ ചെയ്തികൾ മൂന്നാം ലോക രാജ്യത്തെ സ്‌ത്രീകളുടെ മേൽ വന്നുപതിക്കുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്ന്‌ സിനിമ നമ്മളോട്‌ സംവദിക്കുന്നു. സ്‌ത്രീയുടെ ജൈവിക ജീവിതത്തെ പോലും താളം തെറ്റിക്കുന്ന നിലയിലേക്ക്‌ സാമ്രാജ്യത്വം വളർന്നുവെന്ന മുന്നറിയിപ്പ്‌ കൂടെയാണ്‌ 'ദി ഡോട്ടർ' എന്ന ഇറാനിയൻ സിനിമ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home