ad
Deshabhimani

സംസ്ഥാന ടെലിവിഷൻ പുരസ്കാരം

ടെലിവിഷൻ രംഗത്ത് നിലവാരത്തകർച്ച; സീരിയലുകൾക്ക് മൗലികതയില്ലെന്ന് ജൂറി

saji cheriyan
വെബ് ഡെസ്ക്

Published on Mar 04, 2026, 11:37 AM | 2 min read

തിരുവനന്തപുരം: മലയാളം ടെലിവിഷൻ മേഖലയിലെ ക്രിയാത്മകതയിൽ വലിയ ഇടിവുണ്ടാകുന്നതായി സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി. കഥാവിഭാ​ഗത്തിൽ ഇത്തവണ അവാർഡിനായി സമർപ്പിക്കപ്പെട്ട 81 എൻട്രികളിൽ ഭൂരിഭാഗവും നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ജൂറി വിലയിരുത്തി.


സീരിയലുകളെ അപേക്ഷിച്ച് ടെലിഫിലിമുകൾ ഭേദപ്പെട്ട നിലവാരം പുലർത്തി. എന്നാൽ, സീരിയലുകൾ ആവർത്തിച്ചു മടുത്ത പ്രമേയങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളെ ക്രൂര സ്വഭാവമുള്ളവരായി ചിത്രീകരിക്കുന്ന പഴയ രീതി തന്നെ തുടരുകയാണ്. മിക്ക പരമ്പരകളും അന്യഭാഷാ സീരിയലുകളുടെ അനുവർത്തനങ്ങളായിരുന്നു. സംഗീതത്തിന്റെ കാര്യത്തിലും മൗലികതയില്ലെന്നും 'സ്റ്റോക്ക് മ്യൂസിക്' രീതി ഒഴിവാക്കി പുതിയ പരീക്ഷണങ്ങൾ നടത്തണമെന്നും ജൂറി നിർദ്ദേശിച്ചു.


ഹാസ്യ പരിപാടികൾ പൊതുവെ അരോചകമാണെന്ന് ജൂറി നിരീക്ഷിച്ചു. കുട്ടികളെ വെച്ച് ചിത്രീകരിക്കുന്നത് കൊണ്ടുമാത്രം ചിത്രം കുട്ടികളുടെ ഹ്രസ്വചിത്രമാകുന്നില്ല. പല ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ലെന്നും ജൂറി വ്യക്തമാക്കി. കഥേതര വിഭാഗത്തിൽ ലഭിച്ച 140 എൻട്രികളിൽ 15 പുരസ്കാരങ്ങളും മൂന്ന് പ്രത്യേക പരാമർശങ്ങളും നൽകി. എന്നാൽ, വാർത്താധിഷ്ഠിത പരിപാടികളിൽ കൃത്യത, മിതത്വം, വസ്തുത, നിഷ്പക്ഷത എന്നിവയുടെ ഗുരുതരമായ അഭാവമുണ്ടെന്ന് ജൂറി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പാർശ്വവത്കൃത ജനവിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണാത്മക റിപ്പോർട്ടിംഗിൽ സമഗ്രതയില്ല.


രചനാ വിഭാഗത്തിൽ മികച്ച ടെലിവിഷൻ ഗ്രന്ഥത്തിന് അർഹമായ കൃതികളൊന്നും ലഭിച്ചില്ല. എങ്കിലും പുതിയ സമീപനങ്ങൾ പരിചയപ്പെടുത്തുന്ന 'ടെലിവിഷൻ; വിനിമയവും വിശകലനവും' എന്ന ഗ്രന്ഥത്തിന് പ്രത്യേക ജൂറി പരാമർശം നൽകാൻ ശുപാർശ ചെയ്തു. അപേക്ഷാ ഫോറങ്ങൾ പൂരിപ്പിക്കുന്നതിലെ അശ്രദ്ധ കാരണം അർഹരായ പലരെയും പരിഗണിക്കാൻ കഴിഞ്ഞില്ലെന്നും ജൂറി വ്യക്തമാക്കി.


കഥാവിഭാ​ഗത്തിൽ പി സുകുമാർ ചെയർപേഴ്സണും വിന്ദുജ മേനോൻ, അനിൽ മുഖത്തല, മനോജ് ഭാരകതി, സാനു കെ തോമസ് എന്നിവർ അം​ഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. കഥേതര വിഭാ​ഗത്തിൽ ജോൺസാമുവേൽ ചെയർപേഴ്സണും, ഡോ. ഷിനുജാസ്, എം കെ രാം ദാസ് , രശ്മി മാക്സിൽ, കെ പി രമേശ് എന്നിവർ ജൂറി അം​ഗങ്ങളുമായിരുന്നു. രചനാ വിഭാ​ഗത്തിൽ ഡോ. വത്സലൻ വാതുശേരി, രാജൻ പെരുന്ന, ഡോ . രശ്മി എന്നിവരുൾപ്പെടുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home