കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ ഇടം പിടിച്ച് ശിവരഞ്ജിനിയുടെ 'വിക്ടോറിയ'

തിരുവനന്തപുരം: 31-ാമത് കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ജെ ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (KSFDC) വനിതാ ശാക്തീകരണ പദ്ധതി പ്രകാരമാണ് 'വിക്ടോറിയ' നിർമ്മിച്ചത്. ഓസ്‌ട്രേലിയ അഡ്‌ലെയ്ഡ് ഫിലിം ഫെസ്റ്റിവൽ, തായ്‌പേയ്‌യിലെ വേവ്‌സ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധർമ്മശാല അന്താരാഷ്ട്ര ചലച്ചിത്രമേള, തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
കേരളത്തിലെ ഒരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബ്യൂട്ടി പാർലറിലെ യുവ ബ്യൂട്ടീഷ്യനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിക്ടോറിയ എന്ന യുവതിയുടെ ഒരു ദിവസത്തെ ജീവിതമാണ് ഫീച്ചർ ചിത്രത്തിന്റെ ഇതിവൃത്തം. യാഥാസ്ഥിതികരായ കത്തോലിക്കാ മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാതെ ഹിന്ദുവായ തന്റെ കാമുകനൊപ്പം ജീവിക്കാൻ തീരുമാനിക്കുന്ന വിക്ടോറിയയുടെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.ഇടതടവില്ലാത്ത കസ്റ്റമേഴ്‌സും, തന്റെ തീരുമാനങ്ങൾക്ക് സഹായകരമല്ലാത്ത കാമുകനുമായുള്ള ഫോൺ സംഭാഷണങ്ങളും, വിക്ടോറിയയുടെ മനസ്സിനെ അലട്ടുന്ന വികാരപരമായ പോരാട്ടങ്ങളുമെല്ലാം ചിത്രം അനാവരണം ചെയ്യുന്നു.
ചിത്രത്തിലെ സിംഗിൾ ഷോട്ടുകളും പ്രതീകങ്ങളും കൃത്യമായി ഉപോയോഗിക്കുന്ന ചില ബിംബങ്ങളും വിക്ടോറിയയുടെ ആസ്വാദന തലം ഉയർത്തുന്നുണ്ട്. മുംബൈയിൽ നടന്ന വാട്ടർഫ്രൻ്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി വിക്ടോറിയ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡയറക്ടർക്കുള്ള പുരസ്കാരം ശിവരഞ്ജിനിയും മികച്ച സിനിമാറ്റോഗ്രാഫറിനുള്ള പുരസ്കാരം ആനന്ദ് രവിയും നേടി. നവംബർ 6 മുതൽ 13 വരെയാണ് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.










0 comments