ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലിന് ഇന്ന് പിറന്നാളിന്റെ മധുരം

vaikom vijayalakshmi
avatar
കൃഷ്ണപ്രിയ സി വി

Published on Oct 07, 2025, 12:15 PM | 2 min read

ഒറ്റയ്ക്കു പാടി നടക്കുന്ന ഒരു പൂങ്കുയിലിനെ പോലെയാണീ പാട്ടുകാരിയും. വെളിച്ചമില്ലായ്മയെ ഈണങ്ങൾ കൊണ്ടു തോൽപിച്ച പ്രതിഭ. അപാരമായ ഊർജപ്രവാഹവുമായി സംഗീത ലോകത്ത് പാറി നടക്കുന്ന ​ഗായികയുടെ പിറന്നാൾ ദിനമാണിന്ന്. വൈക്കം ഉദയനാപുരം എന്ന ചെറുഗ്രാമത്തിൽ ജനിച്ച സാധാരണക്കാരിയിൽ നിന്നും സം​ഗീത പ്രിയരുടെ പ്രിയ ഗായികയായി മാറാൻ വിജയലക്ഷ്മിക്ക് അധിക കാലം വേണ്ടിവന്നില്ല. ഇന്നവർ ഇന്ത്യ അറിയപ്പെടുന്ന മികച്ച ​ഗായികമാരിൽ ഒരാളാണ്. സ്വതസിദ്ധമായ ശൈലിക്കൊണ്ടും ശബ്ദത്തിലെ പ്രത്യേകതയാലും അവർ സം​ഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തി. കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉൾവെളിച്ചം നിറച്ച അവർ ഏവരുടെയും പ്രിയങ്കരിയായി മാറി.


viji



പരിമിതികൾക്ക് മുന്നിൽ കീഴടങ്ങാനുള്ളതല്ല തന്റെ മനസ്സെന്ന് പ്രവർത്തികളിലൂടെ തെളിയിച്ച കലാകാരികൂടിയാണ് വിജയലക്ഷ്മി, താങ്ങായും തണലായും വിജയലക്ഷ്മിക്കൊപ്പം നിൽക്കുന്ന അച്ഛനമ്മമാർ ആണ് ഗായികയുടെ കാഴ്ച. മകൾക്കൊപ്പം ഇരുവരും എവിടെയും ഉണ്ടാകും. അത് തന്നെയാണ് പരിമിതികളിൽ തളരാതെ ഗായികയെ പിടിച്ചു നിർത്തുന്നതും. വൈക്കം വിജയലക്ഷ്മിയെന്ന നാടറിയുന്ന ​ഗായിക അടുത്തറിയുന്നവർക്ക് വിജിയാണ്. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെയാണ് അവർ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ... എന്ന ഓരൊറ്റ ​ഗാനം മലയാള ചലചിത്ര​ഗാനരം​ഗത്ത് അവരെ അടയാളപ്പെടുത്തി. പാൻ ഇന്ത്യ‌ൻ ചലചിത്രമായ ബാഹുബലിയിലെ ആരിവൻ ആരിവൻ... എന്ന് തുടങ്ങുന്ന ​ഗാനം വിജയലക്ഷ്മി എന്ന ​ഗായികയെ മറ്റൊരു തലത്തിലെത്തിച്ചു. ടൊവിനോ നായകനായ എആർഎം എന്ന ഹിറ്റ് ചിത്രത്തിലെ അങ്ങ് വാന കോണിലെ ... എന്ന പാട്ട് മൂളാത്ത സം​ഗീതപ്രിയരുണ്ടാവില്ല. മലയാളത്തിന് പുറമെ തമിഴിൽ സൂര്യ നായകനായ ജയ് ഭീമിലെ മണ്ണിലെ ഈറമുണ്ട്.. എന്ന ​ഗാനം തമിഴിലും അവർക്ക് നിറയെ ആരാധകരെ സമ്മാനിച്ചു.


AWARD



പാട്ട് പാടുക എന്ന കഴിവിന് പുറമെ മിമിക്രിയിലും ഒരു കൈ നോക്കി ആരാധകരെ അവർ ചിരിപ്പിച്ചു. സം​ഗീത ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നതിലും വൈദ​ഗ്ധ്യം നേടിയ വിജയലക്ഷ്മിക്ക് സഹോദരൻ വിനോദ് ചിരട്ടകൊണ്ട് ഒറ്റക്കമ്പി കളിവീണ നിർമ്മിച്ചു നൽകി. അവിടുന്ന് ശ്രുതി മീട്ടിതുടങ്ങി. പിന്നീട് അച്ഛൻ അതിൽ ചില ഭേദഗതികൾ വരുത്തി. നിലവിൽ അച്ഛൻ നിർമ്മിച്ചു നൽകിയ വീണയിലാണ് വായിക്കുന്നത്. ഏതു ശ്രുതിയിലും വായിക്കാൻ സാധിക്കും എന്നതാണ് ഗായത്രി വീണയുടെ പ്രത്യേകത. സ്വന്തമായി അഭ്യസിച്ചതുകൊണ്ട് ഗായത്രിവീണ മീട്ടുന്നത് മറ്റുള്ളവരെ പഠിപ്പിച്ചുകൊടുക്കാൻ വിജിക്ക് അറിയില്ല. വീണയ്ക്ക് ദക്ഷിണ സമർപ്പിച്ചത് പ്രശസ്ത വയലിൻ വിദ്വാൻ കുന്നകുടി വൈദ്യനാഥ ഭാഗവതർക്കാണ്. അദ്ദേഹമാണ് ഗായത്രി വീണ എന്ന പേര് നൽകിയത്. ഭക്തിഗാനങ്ങളിലും നാടകഗാനങ്ങളിലും ചില സിനിമാഗാനങ്ങളിലും ഗായത്രി വീണ ഉപയോഗിച്ചു വരികയാണ്.


vijayalakshmi family


ചെറുതും വലുതുമായ ഒട്ടേറെ പുരസ്കാരങ്ങൾ വിജയലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്. 2013 ലെ കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം, 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം, പ്രഥമ കേരളശ്രീ പുരസ്കാരം എന്നിവ അതിൽ ചിലത് മാത്രം. സം​ഗീത യാത്രയിൽ ഇനിയുമേറെ ദൂരം താണ്ടാനുള്ള വിജയലക്ഷ്മിയുടെ മുന്നോട്ടുള്ള വെളിച്ചം സം​ഗീതമാണ്. 1981 ലെ വിജയദശമി നാളിലാണ് വിജയലക്ഷ്മിയുടെ ജനനം. ജനിച്ച ദിവസവും പേരും അന്വര്‍ഥമാക്കുന്ന പോലെയായി സംഗീത ജീവിതവും. ഇനിയും അത് അങ്ങനെ തന്നെ തുടരട്ടെ. വൈക്കം വിജയലക്ഷ്മിയെന്ന പൂങ്കുയിലിന് പിറന്നാള്‍ ആശംസകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home