രണ്ടാമത് മാക്ട-രാജഗിരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു

കൊച്ചി: മാക്ടയും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. നടനും സംവിധായകനുമായ ജൂഡ് ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 15 വരെ നീളുന്ന മേളയുടെ ആദ്യ ദിനത്തിൽ മൂന്നു ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 'തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി', 'ആദി സ്നേഹത്തിന്റെ വിരുന്നുമേശ', 'ഭൂതലം' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നടന്മാരായ ശ്രീനിവാസൻ, സലിം കുമാർ എന്നിവരുടെ പേരിലുള്ള രണ്ട് വേദികളിലായാണ് സിനിമകളുടെ പ്രദർശനം ഒരുക്കിയത്.
രണ്ടാം ദിനമായ ഇന്ന് നിഴലാഴം, ചാവുകല്യാണം, അനന്തതയിലേക്ക് (ഡോക്യുമെന്ററി), ശേഷിപ്പുകൾ, ഖിഡ്കി ഗാവ് (ഹിന്ദി), കോലാഹലം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാജഗിരി കോളജ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ അധ്യക്ഷനായ ചടങ്ങിൽ സംവിധായകനും നടനുമായ മധുപാൽ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, പ്രിൻസിപ്പാൾ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനറും ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗം മേധാവിയുമായ രഞ്ജു എസി, കൺവീനറും മാക്ട എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ ബാബു പള്ളാശേരി എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് അന്തരിച്ച പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ജോൺ പോളിന്റെ അനുസ്മരണവും നടത്തി. ചടങ്ങിൽ ജോൺ പോൾ രചിച്ച അമൂല്യ പുസ്തകങ്ങളുടെ ശേഖരം മകൾ ജിഷ ജോൺ മാക്ടയ്ക്കും രാജഗിരി കോളേജിനുമായി കൈമാറി. സംവിധായകൻ മധുപാലാണ് പുസ്തകങ്ങൾ ഏറ്റുവാങ്ങിയത്. സിനിമ തന്റെ ജീവിതത്തിന്റെ ഭാഗമാകാൻ കാരണങ്ങളിൽ ഒന്ന് ജോൺ പോളായിരുന്നുവെന്ന് മധുപാൽ പറഞ്ഞു.
രാജഗിരി ഫിലിം ഫെസ്റ്റിവലിൽ ആദ്യ ദിനം പ്രദർശിപ്പിച്ച് മികച്ച പ്രേക്ഷക പ്രതികരണം നേടിയ 'തിയേറ്റർ: മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സംവിധായകൻ സജിൻ ബാബുവും നടി റിമ കല്ലിങ്കൽ വിദ്യാർഥികളുമായി പങ്കുവെച്ചു. ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം ജോൺ പോൾ നഗറിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് ഇരുവരും ചിത്രീകരണ വിശേഷങ്ങൾ പങ്കിട്ടത്.









0 comments