Deshabhimani

'ഇടിമുറിയിൽ കൊണ്ടുപോയി മർദിച്ചു, ഷാൾ കഴുത്തിൽ മുറുക്കി’; ഡൽഹി പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തി മലയാളി വിദ്യാർഥിനി

athira vijayan police brutality

വിദ്യാര്‍ഥിനിയെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

വെബ് ഡെസ്ക്

Published on Oct 14, 2026, 03:21 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത മലയാളി വിദ്യാർഥിനിയെ പൊലീസ് സ്റ്റേഷനിലെ ബേസ്മെന്റിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് പുല്ലാളൂർ സ്വദേശിനിയും ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥിനിയും എൻഎസ്‌യുഐ പ്രവർത്തകയുമായ ആതിര വിജയനാണ് പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മർദനത്തിൽ വലതു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടതായും ചുണ്ടുപൊട്ടി രക്തം വന്നതായും ആതിര പറഞ്ഞു. കസ്റ്റഡിയുമായി സഹകരിക്കാമെന്ന് പറഞ്ഞതിനുശേഷവും മർദനം തുടരുകയായിരുന്നുവെന്നും ആതിര പറയുന്നു.


ചൊവ്വാഴ്ച കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച മിന്നൽ പ്രതിഷേധത്തിനിടെയാണ് ആതിരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തിൽ താനും പൊലീസ് വാഹനത്തിൽ താനും രാജസ്ഥാനിൽനിന്നുള്ള മറ്റൊരു പെൺകുട്ടിയും മാത്രമാണ് സ്ത്രീകളായി ഉണ്ടായിരുന്നതെന്ന് ആതിര പറഞ്ഞു. വനിതാ പൊലീസുകാർ വാഹനത്തിൽ ഇല്ലാത്തത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചതെന്നും ആതിര വെളിപ്പെടുത്തി.


'വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടത് ആരാണെന്ന് ചോദിച്ച് മൂന്ന് വനിതാ പൊലീസുകാർ വാനിൽ കയറി ഞങ്ങളെ പുറത്തേക്ക് വലിച്ചിഴച്ചു. ഇതിനിടെ തല റോഡിലിടിച്ചു. നിലത്തുകൂടി പൊലീസ് സ്റ്റേഷൻവരെ വലിച്ചിഴച്ചതിനാൽ വസ്ത്രങ്ങൾ കീറിപ്പോയി. പിന്നീട് രണ്ട് വനിതാ പൊലീസുകാർ എന്നെ ഒറ്റയ്ക്ക് സ്റ്റേഷനിലെ ബേസ്മെന്റിലുള്ള കോണിപ്പടിയുടെ അടിയിലേക്ക് കൊണ്ടുപോയി ഇരുകരണത്തും മാറിമാറി അടിച്ചു. അടിയേറ്റ് വലതു ചെവി കേൾക്കാതെയായി. ചുണ്ട് പൊട്ടി രക്തം വന്നു'. ആതിര പറഞ്ഞു.


ബേസ്മെന്റിൽ ഒറ്റയ്ക്ക് തടഞ്ഞുവച്ച വിവരം പുറത്തറിയിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായും ആതിര ആരോപിച്ചു. രണ്ടര മണിക്കൂറിനുശേഷമാണ് നേതാക്കൾ എത്തി തന്നെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും വിദ്യാർഥിനി പറഞ്ഞു.


സംഭവത്തിൽ ഡൽഹി പൊലീസ് ആശുപത്രിയിലെത്തി ആതിരയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home