മന്ത്രി പറഞ്ഞ ദിവസവും കഴിഞ്ഞു; വാടകയും ജീവനോപാധിയും ഇനിയും കിട്ടിയില്ല; കടുത്ത അവഗണനയിൽ മുണ്ടക്കൈ ദുരന്തബാധിതർ

ടി സിദ്ദിഖ്
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ കടുത്ത അവഗണന തുടർന്ന് യുഡിഎഫ് സർക്കാർ. ദുരന്തബാധിതർക്കുള്ള വാടകയും ജീവനോപാധിയും ഇപ്പോഴും ലഭ്യമായിട്ടില്ല. ഒക്ടോബർ 12നകം പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മന്ത്രിയും സ്ഥലം എംഎൽഎയുമായ ടി സിദ്ദിഖ് നേരത്തെ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ആ ഉറപ്പ് പാഴായി.
പണം ലഭിക്കുന്നത് ഇനിയും വൈകിയാൽ വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് ദുരന്തബാധിതർ. ദുരന്തത്തിന് ശേഷം പലർക്കും ജീവനോപാധി തന്നെ നഷ്ടമായി. മറ്റ് വരുമാനമാർഗങ്ങളൊന്നും തന്നെയില്ല. ഇവർക്കുള്ള സഹായമെന്ന നിലയിലാണ് മുൻപ് എൽഡിഎഫ് സർക്കാർ പണം കൃത്യമായി നൽകിയിരുന്നത്. മുൻപ് എല്ലാമാസവും രണ്ടാംതിയതിയോടെ വാടകയും ജീവനോപാധിയും ലഭിച്ചിരുന്നതാണ്. എന്നാൽ ഭരണം മാറിയതോടെ ദുരന്തബാധിതരുടെ അവസ്ഥയും മാറി.
രണ്ടാംഘട്ട ഗുണഭോക്താക്കൾക്കുള്ള ടൗൺഷിപ്പിലെ വീടുകൾ കൈമാറാനുള്ള തീയതിപോലും തീരുമാനിച്ചിട്ടില്ല. ഓരോ മാസവും 6,000 രൂപ വീതം നൽകിയിരുന്ന വാടക, ടൗൺഷിപ്പിലെ വീടുകൾ കൈമാറുംമുൻപേ അവസാനിപ്പിച്ചു. 1,168 പേർക്ക് ദിവസം 300 രൂപ വീതം ജീവനോപാധി നൽകിയിരുന്നതും അവസാനിപ്പിച്ചു. കിടപ്പുരോഗികൾക്കുള്ള സഹായവും ലഭിക്കുന്നില്ല. ഭക്ഷ്യകൂപ്പൺ വിതരണവും നിലച്ചു.
ടൗൺഷിപ്പിന്റെ പ്രവൃത്തി സമീപകാലത്തൊന്നും പൂർത്തിയാകില്ലെന്നാണ് മനസ്സിലാകുന്നത്. തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു. അതിവേഗത്തിലാണ് ഒന്നാംഘട്ടത്തിലെ 178 കുടുംബങ്ങൾക്ക് എൽഡിഎഫ് സർക്കാർ വീടുകൾ കൈമാറിയത്.
രണ്ടാംഘട്ടം വീടുകൾ നിശ്ചയിച്ചുനൽകാൻ നറുക്കെടുപ്പിന് കലക്ടറെ ചുമതലപ്പെടുത്തിയെന്നാണ് മന്ത്രി സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് കലക്ടർ പറയുന്നത്.കുടുംബശ്രീ മൈക്രോപ്ലാനിൽ ഉൾപ്പെടുത്തി മുഴുവൻ കുടുംബങ്ങൾക്കും രണ്ടുലക്ഷം രൂപ നൽകുമെന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞെങ്കിലും നടപ്പാക്കിയിട്ടില്ല. പുനരധിവാസം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ദുരന്തബാധിതരുടെ കൂട്ടായ്മയുടെ തീരുമാനം.









0 comments