കിടിയലൻ തമാശയും, അടിപൊളി പെർഫോമൻസുമായി ഭരതനാട്യം 2, മോഹിനിയാട്ടം തിയേറ്ററുകളിൽ

തിരുവനന്തപുരം : സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ സിനിമയുടെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഇന്ന് പ്രദർശനത്തിനെത്തി. വിഷു വെക്കേഷൻ റിലീസായി എത്തുന്ന ചിത്രം യുവാക്കളെയും കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരേപോലെ ലക്ഷ്യം വെച്ചുള്ള ഒരു ഡാർക്ക് ഹ്യൂമർ മർഡർ മിസ്റ്ററിയാണ്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ.
ആദ്യ ഭാഗത്തിലെ സായ് കുമാറിന്റെ കഥാപാത്രം ഭരതൻ നായരുടെ മരണശേഷം അദ്ദേഹം ബാക്കിവെച്ചുപോയ സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കുടുങ്ങുന്ന ശശിധരന്റെയും (സൈജു കുറുപ്പ്) കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഓരോ നീക്കത്തിലും സംശയാലുക്കളായ ചിലർ ഈ കുടുംബത്തെ പിന്തുടരുന്നതും അതിനെത്തുടർന്നുണ്ടാകുന്ന നിഗൂഢതകളുമാണ് സിനിമയുടെ ഇതിവൃത്തം.
ഒടിടിയിൽ 100 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ‘ഭരതനാട്യ’ത്തിന്റെ വലിയ വിജയത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. സൈജു കുറുപ്പിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്.
ബബ്ലു അജു ക്യാമറയും ഷഫീഖ് വി ബി എഡിറ്റിങും നിർവഹിക്കുന്നു. ‘ഇലക്ട്രോണിക് കിളി’യാണ് സംഗീതം. കലാസംവിധാനം-ദിൽജിത് എം ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം-മനോജ് കിരൺരാജ്. സാംസൺ സെബാസ്റ്റ്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പിആർഓ എ എസ് ദിനേശാണ്.










0 comments