Deshabhimani

എട്ട് ദിവസം കൊണ്ട് 1000 കോടി കടന്ന് രാമായണ'; ലക്ഷ്യം 5000 കോടിയോ? ബോക്സ് ഓഫീസിൽ വൻ പ്രതീക്ഷയുമായി ചിത്രം

ramayana
വെബ് ഡെസ്ക്

Published on Nov 13, 2026, 12:39 PM | 2 min read

മുംബൈ: റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപയുടെ നേട്ടം സ്വന്തമാക്കി 'രാമായണ പാർട്ട് 1'. നവംബർ 12 വ്യാഴാഴ്ചയോടെ ചിത്രത്തിന്റെ ആഗോള കളക്ഷൻ 1,033.55 കോടി രൂപയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 358.50 കോടി രൂപ വിദേശ വിപണികളിൽ നിന്നാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതുവരെ പത്ത് ചിത്രങ്ങൾ മാത്രമാണ് 1,000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുള്ളത്.


എന്നാൽ 1,000 കോടി എന്ന നേട്ടത്തിനപ്പുറം ചിത്രത്തിന്റെ സാമ്പത്തിക വിജയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏകദേശം 4,000 കോടി രൂപയാണ് രണ്ട് ഭാഗങ്ങളിലായി നിർമിക്കുന്ന ചിത്രത്തിന്റെ ആകെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആദ്യ ഭാഗത്തിന്റെ ചെലവ് 2,000 കോടി രൂപയാണെന്ന് കണക്കാക്കിയാൽ തിയറ്ററുകളിൽ നിന്ന് മാത്രം മുതൽമുടക്ക് തിരിച്ചുപിടിക്കാൻ ഏകദേശം 5,000 കോടി രൂപയുടെ ആഗോള കളക്ഷൻ വേണ്ടിവരുമെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ.


5,000 കോടി ലക്ഷ്യം എത്രത്തോളം യാഥാർഥ്യമാകും?


ആദ്യ എട്ട് ദിവസത്തെ കണക്കനുസരിച്ച് ചിത്രത്തിന്റെ ആഗോള കളക്ഷൻ 1,033.55 കോടി രൂപയാണ്. തിങ്കളാഴ്ചയാണ് ചിത്രം ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. ഇന്ത്യയിൽ ഒരു ദിവസം 100 കോടി രൂപയിലധികം നെറ്റ് കളക്ഷൻ നേടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ധുരന്ധർ 2 ആണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.


എന്നാൽ ബോക്സ് ഓഫീസിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും നിർമാതാവിന് ലഭിക്കില്ല. തിയറ്ററുകളുടെ വിഹിതവും വിതരണക്കാരുടെ കമ്മീഷനും കുറച്ച ശേഷമാണ് നിർമാതാവിന്റെ വരുമാനം കണക്കാക്കുന്നത്. ഇതുവരെ ചിത്രത്തിന്റെ തിയറ്റർ വരുമാനത്തിൽ നിന്ന് നിർമാതാവിന് ലഭിച്ച വിഹിതം ഏകദേശം 400-450 കോടി രൂപയാണെന്നാണ് വ്യാപാര മേഖലയിലെ കണക്ക്. ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല.


നിർമാണത്തിലെ പ്രധാന പങ്ക് സ്വന്തം കമ്പനിക്ക്


വമ്പൻ വിഷ്വൽ എഫക്ട്സുകളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നമിത് മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള പ്രൈം ഫോക്കസിന്റെ വിഷ്വൽ എഫക്ട്സ് വിഭാഗമായ ഡിഎൻഇജിയാണ് ചിത്രത്തിലെ പ്രധാന സാങ്കേതിക ജോലികൾ നിർവഹിക്കുന്നത്.


നിർമാണച്ചെലവിന്റെ ഏകദേശം 20 ശതമാനം എഴുത്തുകാർക്കും സംവിധായകനും അഭിനേതാക്കൾക്കുമായി നീക്കിവയ്ക്കുമ്പോൾ ബാക്കി 80 ശതമാനം നിർമാണത്തിനും വിപണനത്തിനുമാണ് ചെലവിടുന്നതെന്ന് മൽഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.


ഒടിടി കരാറിലും വലിയ പ്രതീക്ഷ


ഏപ്രിലിൽ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾക്കായി ലഭിച്ച 700 കോടി രൂപയുടെ ഓഫർ മൽഹോത്ര നിരസിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 1,000 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.


എന്നാൽ പിന്നീട് ചിത്രത്തിന്റെ തിയറ്റർ പ്രദർശനത്തിന് ശേഷം ജിയോഹോട്ട്സ്റ്റാറിലൂടെ പേ പെർ വ്യൂ രീതിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഓരോ കാഴ്ചയ്ക്കും പണം ഈടാക്കുന്ന രീതിയാണിത്. പ്ലാറ്റ്‌ഫോമിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇത്തരം റിലീസായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.


ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ ഉൾപ്പെടുന്ന സ്റ്റാർ ഗ്രൂപ്പ്-ജിയോഹോട്ട്സ്റ്റാർ കരാറിന് 450 കോടി രൂപ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഭാഗങ്ങളുടെയും സംഗീതാവകാശങ്ങൾക്കായി ടി-സീരീസ് 75 കോടി രൂപ റീഫണ്ടബിൾ അഡ്വാൻസായി നൽകിയതായും റിപ്പോർട്ടുണ്ട്.


ചൈനീസ് വിപണിയും നിർണായകം


ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിൽ ചൈനീസ് വിപണിക്കും നിർണായക പങ്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ചൈനയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. നിതേഷ് തിവാരി സംവിധാനം ചെയ്ത 'ദംഗൽ' എന്ന ചിത്രം ആഗോള കളക്ഷന്റെ മൂന്നിൽ രണ്ട് ഭാഗത്തോളം നേടിയത് ചൈനീസ് വിപണിയിൽ നിന്നായിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ദംഗലിന്റെ പേരിലാണ്.


എട്ട് ദിവസം കൊണ്ട് 1,000 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയെങ്കിലും 2,000 കോടി രൂപയെന്ന് കണക്കാക്കുന്ന ആദ്യ ഭാഗത്തിന്റെ മുതൽമുടക്ക് തിരിച്ചുപിടിക്കാൻ ഇനിയും വലിയ ദൂരം മുന്നിലുണ്ട്. തിയറ്റർ വരുമാനത്തിന് പുറമെ ഡിജിറ്റൽ, സംഗീത, വിതരണ അവകാശങ്ങളിൽ നിന്നുള്ള വരുമാനവും സിനിമയുടെ ഭാവി സാമ്പത്തിക വിജയത്തിൽ നിർണായകമാകും. 5,000 കോടി രൂപയുടെ ആഗോള കളക്ഷൻ എന്ന വലിയ ലക്ഷ്യത്തിലേക്ക് രാമായണത്തിന് എത്താനാകുമോയെന്നാണ് ഇനി സിനിമാ ലോകം ഉറ്റുനോക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home