'1950 മോഡൽ എന്ന് സൂപ്പർസ്റ്റാർ'
തമിഴകം വാഴുന്ന സ്റ്റൈൽ മന്നൻ, പ്രേക്ഷകരുടെ രജനിക്ക് ഇന്ന് പിറന്നാൾ

ഒരു കഥ സൊല്ലട്ടുമാ സാർ... കർണാടകത്തിലെ ഒരു സാധാരണക്കാരൻ തമിഴക മണ്ണ് വാഴുന്ന സൂപ്പർസ്റ്റാറായ കഥ..
ആകസ്മികതകളുടെ വേലിയേറ്റമാണ് പ്രേക്ഷകരുടെ സ്വന്തം സൂപ്പർസ്റ്റാർ രജനിയുടെ ജീവിതം. 1950കളിൽ തുടങ്ങുന്ന കഥയാണ്. ജനനം ബംഗളുരുവിലെ ഒരു മറാത്തി കുടുംബത്തിൽ. ശിവാജി റാവു ഗെയ്‌ക്‌വാദ് എന്നായിരുന്നു ആദ്യകാല പേര്. സ്കൂളിൽ പഠിക്കുമ്പോൾ പുരാണ നാടകങ്ങളിൽ വേഷമിട്ട് അഭിനയ ജീവിതത്തിന് തുടക്കമിട്ടു. കാലചക്രം പിന്നീട് അയാളെ എത്തിക്കുന്നത് കർണാടക ട്രാൻസ്പോർട്ട് കോർപറേഷനിലെ ബസ് കണ്ടക്ടകർ ജോലിയിലേക്കാണ്. ഒപ്പം ജോലി ചെയ്തിരുന്ന ബസ് ഡ്രൈവർ രാജാ ബഹദൂറിലൂടെയാണ് അഭിനയക്കളരിയിലേക്ക് ശിവാജിറാവു വീണ്ടുമെത്തുന്നത്.
കുരുക്ഷേത്ര എന്ന നൃത്ത നാടകത്തിൽ അഭിനയിച്ചിരുന്ന രാജ ബഹദൂറിന്റെ പ്രകടനങ്ങൾ കാണാനാണ് അദ്ദേഹം ആദ്യം നാടക പരിശീലന കേന്ദ്രത്തിലെത്തിയത്. ആ സന്ദർശനത്തിനിടയിൽ നാടക ആശാനായ തോപി മുനുസാമി നായിഡു രജനിയോട് ഇങ്ങനെ ചോദിച്ചു: ഈ നാടകത്തിൽ ജരാസന്ധന്റെ വേഷം ചെയ്യാൻ കഴിയുമോ? അങ്ങനെ രജനി ആ സംഘത്തിന്റെ ഭാഗമായി.
എന്നാൽ നാടക അവതരണത്തിനോടടുത്ത ദിവസം ദുര്യോധന വേഷം ചെയ്യുന്ന നടൻ അസുഖബാധിതനായി. അങ്ങനെ ആ വേഷം രജനിയിലേക്കെത്തി. വ്യത്യസ്ത സ്റ്റൈലിൽ ദുര്യോധനൻ സ്റ്റേജിൽ അവതരിച്ചു. അതായിരുന്നു എല്ലാത്തിനും തുടക്കം. അന്നുയർന്ന ഹർഷാരവം ഒരു പടി പോലും താഴാതെ സൂപ്പർ സ്റ്റാറായി വെള്ളിത്തിരയിലെത്തിയപ്പോഴും ഒപ്പം കൂടുന്ന കാഴ്ചയാണ് പിന്നീട് ഇങ്ങോട്ട് കാണാനായത്..
പോരാട്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട് രജനിയുടെ സിനിമാ ജീവിതത്തിലേക്കുള്ള യാത്രയിൽ. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം മരപ്പണിക്കാരനായും കൂലിയായും ബസ് കണ്ടക്ടറായും ജോലി ചെയ്തു. ഒരു കണ്ടക്ടർ തമിഴ്സിനിമയും കടന്ന് ഇന്ത്യൻ സിനിമയുടെ തന്നെ താര രാജാക്കളിൽ ഒരാളായി മാറുന്നതും കാലം രേഖപ്പെടുത്തി.
1975ൽ 'അപൂർവ രാഗങ്ങൾ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനികാന്തിൻ്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 1975ൽ ഇറങ്ങിയ '16 വയതിനിലെ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ രജനി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
എം ഭാസ്കരൻ സംവിധാനം ചെയ്ത ഭൈരവിയിലൂടെ വില്ലനെ മറികടന്ന് രജനി കേന്ദ്ര കഥാപാത്രമായി. 1980കളിൽ 'ബില്ല' (1980), 'മുരട്ടു കാളൈ' (1980), 'മൂണ്ട്ര് മുഖം' (1982) തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ രജനികാന്ത് തന്റെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു. തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ നിരവധി ഭാഷകളിലും അഭിനയിച്ചു.
ഇന്നും ആര്‍ക്കും വിട്ടു നൽകാത്ത സ്റ്റൈലും സ്വാഗുമായി തലമുറകളുമായി മത്സരിക്കുന്ന രജനികാന്തിന്‍റെ ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങളാണ് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. രജനിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘പടയപ്പ’ ഇന്ന് റീ റിലീസിനെത്തുന്നത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.
സിനിമ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ രജനിയെ മുന്നോട്ട് നടത്തിയ കാഴ്ചയാണ് പ്രേക്ഷകർക്ക് മുന്നിലുള്ളത്. ആരാധകരും സിനിമ പ്രേക്ഷകരും വെള്ളിത്തിരയിൽ രജനിയെ കൊണ്ടാടി. സൂപ്പർസ്റ്റാർ, ദളപതി അങ്ങനെ... അങ്ങനെ ആർത്തുവിളിച്ച് ജനം നെഞ്ചോട് ചേർത്ത് നിർത്തി. ചിരിച്ചും കരഞ്ഞും ത്രില്ലടിപ്പിച്ചും 75 വയസ്സിലും ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് തലൈവർ.
പടയപ്പയിലെ ഡയലോഗ് കടമെടുത്താൽ- വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ... പുതിയ വേഷപ്പകര്‍ച്ചകള്‍ക്കായി സിനിമാ ലോകം നിങ്ങളെ കാത്തിരിക്കുന്നു. പിറന്തനാൾ നൽവാഴ്ത്തുക്കൾ സൂപ്പർസ്റ്റാർ...










0 comments