യഥാർത്ഥ കേരള സ്റ്റോറി ഇതാണ്; ബീഫും പോർക്കും സദ്യയും പങ്കുവെച്ച് പ്രകാശ് രാജ്

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ യഥാർത്ഥ ചിത്രം പങ്കുവെച്ച് പ്രമുഖ നടൻ പ്രകാശ് രാജ്. ബീഫും പോർക്കും മീൻ കറിയും സദ്യയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സിനിമയ്ക്കെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്.
"ബീഫും പോർക്കും മീനും സദ്യയുമെല്ലാം എങ്ങനെ ഒരുമിച്ച് നിലനിൽക്കുന്നു എന്നതാണ് യഥാർത്ഥ കേരള സ്റ്റോറി. അവയെല്ലാം ഇവിടെ സമാധാനത്തോടെയും ഐക്യത്തോടെയും സഹവർത്തിക്കുന്നു. ദയവായി ഇത് ആസ്വദിക്കൂ," എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
സിനിമയുടെ ട്രെയിലറിൽ ഒരു ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിലെ മതസൗഹാർദ്ദത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിനിമയ്ക്ക് പിന്നിലെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.
'ജസ്റ്റ് ആസ്കിംഗ്' എന്ന തന്റെ സ്ഥിരം ഹാഷ്‌ടാഗോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ചിത്രത്തിനെതിരെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ചിലരുടെ മനഃപൂർവ്വമായ ശ്രമമാണ് കേരളം സ്റ്റോറി 2 എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.










0 comments