ബോക്സ് ഓഫീസ് കീഴടക്കാൻ മമ്മൂട്ടിയും മോഹൻലാലും; അഡ്വാൻസ് ബുക്കിങിൽ തരംഗമായി 'പേട്രിയറ്റ്'

പേട്രിയറ്റ് സിനിമ പോസ്റ്റർ
കൊച്ചി : മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിലൊന്നായ 'പേട്രിയറ്റ്' തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ സ്പൈ ആക്ഷൻ ത്രില്ലറിന് റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെയ് 1ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആഗോള പ്രീ-സെയിൽസ് ബുക്കിങ് ഇതിനോടകം 6 കോടി രൂപ പിന്നിട്ടു.
ഒരു മണിക്കൂറിൽ 4500-ലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ബുക്ക് മൈ ഷോയിലെ നിലവിലെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് ചിത്രം.
കേരളത്തിൽ നിന്ന് മാത്രം ചിത്രം 2 കോടിയിലധികം രൂപ നേടി. ഒരു പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും മുഴുനീള വേഷങ്ങളിൽ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഡോ ഡാനിയൽ ജെയിംസായി മമ്മൂട്ടിയും കേണൽ റഹീം നായിക്കായി മോഹൻലാലും എത്തുമ്പോൾ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും നിർണായക വേഷങ്ങളിലുണ്ട്.
നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, പ്രകാശ് രാജ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ആൻ്റോ ജോസഫ് പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിലെ ട്രെൻഡ് അനുസരിച്ച് സമീപകാലത്തെ വമ്പൻ ഹിറ്റുകളുടെ ആദ്യദിന കളക്ഷൻ റെക്കോഡുകൾ പേട്രിയറ്റ് തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. മഹേഷ് നാരായണൻ തന്നെ രചനയും ഏഡിറ്റിങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം 2026ലെ ഏറ്റവും വലിയ മലയാളം റിലീസായി ഇതിനോടകം മാറിക്കഴിഞ്ഞു. കേരളത്തിന് പുറമെ വിദേശ വിപണികളിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. റിലീസിന് നാല് ദിവസം കൂടി ബാക്കി നിൽക്കെ, ചിത്രം പുതിയ ബോക്സ് ഓഫീസ് ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പായി.










0 comments