രണ്ടാഴ്‌ച പിന്നിട്ട് ജെഎൻയുവിലെ നിരാഹാര സമരം; വിദ്യാർഥികളുടെ ആരോഗ്യനില വഷളായി

ഗോപികാ ബാബു നിരാഹാര സമരത്തിൽ (ഇടത്)
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാല (ജെഎൻയു)യിൽ വിദ്യാർഥികളുടെ നിരാഹാര സമരം രണ്ടാഴ്‌ച പിന്നിട്ടു. സർവകലാശാലയുടെ വിദ്യാർഥി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഏഴ് വിദ്യാർഥികളാണ് നിരാഹാരമിരിക്കുന്നത്. വിദ്യാർഥികളുടെ ആരോഗ്യനില വഷളായിട്ടും ചർച്ചയ്ക്ക് വൈസ് ചാൻസലർ തയ്യാറായിട്ടില്ല.
വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അതിഥി മിശ്ര, വൈസ് പ്രസിഡന്റ് കെ ഗോപിക ബാബു, ജനറൽ സെക്രട്ടറി സുനിൽ യാദവ്, അഭിനയ് ഉൾപ്പെടെ 18 വിദ്യാർഥികളാണ് രണ്ടാഴ്‌ച മുൻപ് നിരാഹാരം ആരംഭിച്ചത്. എന്നാൽ ആരോഗ്യ നില വഷളായതോടെ സുനിലുൾപ്പെടെയുള്ള 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാല് പേർ കൂടി നിരാഹാരമിരിക്കുകയായിരുന്നു. ഗോപികയ്ക്ക് തുടർച്ചയായി ഛർദ്ദിയും തലകറക്കവുമുണ്ട്, ഇപ്പോൾ ശരിയായി നടക്കാനും കഴിയുന്നില്ല. അഭിനയ്ക്കും കടുത്ത ശാരീരികക്ഷീണമുണ്ട്.
സമരം ചെയ്തതിന് സസ്‌പെൻഷനിലുള്ള വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തിരിച്ചെടുക്കുക, കാന്പസിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ലൈംഗികാതിക്രമ കേസുകളിലും ജാതി വിവേചനം തടയാനും ഫലപ്രദമായ നടപടിയെടുക്കുക, സർവകലാശാലയിലുയർന്ന നിയമന വിവാദത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് രാജ്യസഭാംഗങ്ങളായ ജോൺബ്രിട്ടാസും വി ശിവദാസനും ആവശ്യപ്പെട്ടു. സമരം നീണ്ടുപോകുന്നതും വിദ്യാർഥികളുടെ ആരോഗ്യനില വഷളാകുന്നതും ഇരുവരും ചൂണ്ടിക്കാണിച്ചു. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ്‌ജോഷിക്ക് ഇരുവരും കത്ത് നൽകി. ജെഎൻയുവിന്റെ വിസിറ്ററെന്ന നിലയ്‌ക്ക് ജോൺബ്രിട്ടാസ് രാഷ്ട്രപതി ദ്രൗപദി മുർമുവിനും കത്തയച്ചു.
സമരം ചെയ്യുന്ന വിദ്യാർഥികളെ നേരിട്ട് സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് എംപിമാർ കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ല മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും ജനാധിപത്യ അവകാശങ്ങൾക്കും സർവ്വകലാശാലയിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമാണ് വിദ്യാർഥികൾ സമരം ചെയ്യുന്നതെന്ന് എംപിമാർ ചൂണ്ടിക്കാണിച്ചു. സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് എതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് പകരം ജനാധിപത്യപരമായ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർവ്വകലാശാല അധികൃതർ ശ്രമിക്കേണ്ടതെന്നും എംപിമാർ ആവശ്യപ്പെട്ടു.








0 comments