ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇന്ത്യ
ഏഷ്യൻ പാരാ ഗെയിംസിൽ മോണ അഗര്‍വാളിന് സ്വര്‍ണം, അവനി ലേഖരയ്ക്ക് വെള്ളി

നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ് വിഭാഗത്തിൽ ചരിത്ര വിജയം നേടി ഇന്ത്യ. വനിതകളുടെ വിഭാഗത്തിൽ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയാണ് മുന്നേറ്റം. രാജ്യത്തിന്റെ സ്വന്തം താരങ്ങൾ വിജയം ഉന്നം വെച്ച പോരാട്ടത്തിൽ 0.4 പോയിൻ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് മോണ അഗർവാൾ സഹതാരം അവനി ലേഖരയെ പിന്തള്ളി സ്വർണം സ്വന്തമാക്കിയത്.
യോഗ്യതാ റൗണ്ടിൽ 629.1 പോയിൻ്റോടെ ഒന്നാം സ്ഥാനം നേടിയ മോണ, ഫൈനലിലും അതേ മികവ് ആവർത്തിച്ചു. ആകെ 250.0 പോയിൻ്റുകൾ നേടിയാണ് റെക്കോര്‍ഡ് തിളക്കത്തോടെ സ്വർണ മെഡൽ സ്വന്തമാക്കിയത്. 249.6 പോയിൻ്റ് നേടിയാണ് അവനി ലേഖര വെള്ളി മെഡൽ സ്വന്തമാക്കിയത്. ടൂർണമെൻ്റിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇരുവരുടെയും പോരാട്ടം മാറി. തലനാരിഴയ്ക്കാണ് ഇരുവരുടെയും മെഡലുകൾ പരസ്പരം മാറിയത്.

മോണ അഗർവാൾ
പവര്‍ ലിഫ്റ്റിങ് മുതൽ വോളിബോൾ വരെ
രാജസ്ഥാനിലെ സികാറിൽ ജനിച്ച മോണയ്ക്ക് ഒരു വയസ് തികയുന്നതിന് മുൻപ് പോളിയോ ബാധിച്ചതാണ്. 2021 ഡിസംബറിൽ പ്രൊഫഷണൽ ഷൂട്ടിംഗിലേക്ക് തിരിയുന്നതിന് മുൻപ് പാരാ-അത്‌ലറ്റിക്സ്, പാരാ-പവർലിഫ്റ്റിംഗ്, സിറ്റിംഗ് വോളിബോൾ എന്നിവയിലും താരം തിളങ്ങിയിട്ടുണ്ട്. 2019-ലെ ദേശീയ സിറ്റിംഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ രാജസ്ഥാൻ ടീമിനെ നയിച്ച് സ്വർണമെഡലും നേടിയിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ മോണ അഗർവാൾ അർജുന അവാർഡ് നേടിയ താരമാണ്.
2023 ൽ ലോകകപ്പ് സ്വർണമെഡൽ സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം ന്യൂഡൽഹി ലോകകപ്പിൽ സ്വർണവും ഏഷ്യൻ റെക്കോർഡും നേടി. അതേ വര്‍ഷം തന്നെ പാരിസ് പാരാലിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 ഇനത്തിൽ വെങ്കല മെഡൽ സ്വന്തമാക്കി.
Related News
പാരാലിമ്പിക്സിൽ ചരിത്രം കുറിച്ച അവനി
2020-ലെ ടോക്യോ പാരാലിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് (SH1) ഇനത്തിൽ സ്വർണം നേടിയാണ് അവനി ലേഖരയുടെ തുടക്കം. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി അന്നവര്‍ സ്വന്തമാക്കി. അതേ ഗെയിംസിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് (SH1) ഇനത്തിൽ വെങ്കലവും നേടി. ഇതും ചരിത്രമായിരുന്നു. പാരാലിമ്പിക്സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അവനി.
2024 ൽ പാരിസ് പാരാലിമ്പിക്സിലും തന്റെ കിരീടനേട്ടം നിലനിർത്തിക്കൊണ്ട് അവനി 10 മീറ്റർ എയർ റൈഫിൾ SH1 ഇനത്തിൽ സ്വർണമെഡൽ നേട്ടം ആവര്‍ത്തിച്ചിരുന്നു. കായികരംഗത്തെ മികച്ച സംഭാവനകൾക്ക് ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരവും പത്മശ്രീ ബഹുമതിയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഏഷ്യൻ പാരാ ഗെയിംസ് ബാഡ്മിന്റൺ വിഭാഗത്തിലും ഇന്ത്യ മുന്നേറ്റ നിരയിലാണ്. മിക്സഡ് ഡബിൾസ് (SL3-SU5) ഇനത്തിൽ ഇന്ത്യയുടെ നിതേഷ് കുമാർ - തുളസിമതി മുരുഗേൻ സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. ഒരു മെഡൽ കൂടി ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി സമ്മതിക്കാതെയാണ് ഈ സഖ്യം അവസാന നാലിൽ ഇടംപിടിച്ചത്.
ആദ്യ മത്സരത്തിൽ വാക്ക്‌ഓവർ ലഭിച്ച ഇന്ത്യൻ ജോടി, ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ചൈനയുടെ ചെൻ പെങ്ഫെയ് - ഹുവാങ് സിക്സുവാൻ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് (21-4, 21-18) ഗ്രൂപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വെറും 23 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ തിളക്കം.








0 comments