ഭാവഗാനം നിലച്ചിട്ട് ഒരാണ്ട്: ഓർമകളിൽ പി ജയചന്ദ്രൻ

മലയാളത്തിന്റെ ഭാവഗാനം നിലച്ചിട്ട് ഇന്നേക്ക് ഒരാണ്ട് പൂർത്തിയാകുന്നു. മലയാളികളുടെ സന്തോഷത്തിനും സങ്കടങ്ങൾക്കും ജയചന്ദ്രന്റെ ഈണങ്ങൾ കൂട്ടുണ്ടായിരുന്നു. മലയാളികളെ ആസ്വാദനത്തിന്‍റെ അനന്തതയിലെത്തിച്ച ഗായകന്റെ വേർപാട് സംഗീത ലോകത്തിന് തീരാ നഷ്ടമാണ് സമ്മാനിച്ചത്.
1965 ൽ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലൂടയായിരുന്നു അദ്ദേഹം ഗാനലോകത്തേക്ക് പ്രവേശിച്ചത്. എങ്കിലും 1966 ൽ പുറത്തിറങ്ങിയ കളിത്തോഴൻ ചിത്രത്തിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി.. എന്ന ഗാനമാണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കിയത്.

മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ച് തവണയും ദേശീയ പുരസ്കാരം ഒരു തവണയും അദ്ദേഹത്തെ തേടിയെത്തി. 1972ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ.
1994ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021ല്‍ കേരളം അദ്ദേഹത്തെ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമുണ്ടാകില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തികൾ ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സിഐഡി നസീറിലെ നിന്‍ മണിയറയിലെ, പ്രേതങ്ങളുടെ താഴ്വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന്‍ ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.
ഗാനാലാപനം മാത്രമല്ല അഭിനയവും വശമായിരുന്നു പി ജയചന്ദ്രന്. നഖക്ഷതങ്ങളിലെ അലസനായ തിരുമേനിയും ട്രിവാൻഡ്രം ലോഡ്ജിൽ ലോഡ്ജുടമയുടെ അച്ഛനും തുടങ്ങി പല സിനിമകളിലേയും വേറിട്ട കഥാപാത്രങ്ങൾ ജയചന്ദ്രനിലെ അഭിനയപ്രതിഭയെ പുറത്തെടുത്തു. സിനിമേതരഗാനങ്ങളിലും ജയചന്ദ്ര സംഗീതം നമ്മെ ആസ്വാദനത്തിന്റെ മറ്റ് തലങ്ങളിലേയ്ക്കെത്തിച്ചു. ജീവന്റെ ജീവനാം കൂട്ടുകാരി, എന്തിനെന്നറിയില്ല, ഉറങ്ങാന്‍ നീയെനിക്കരികില്‍ വേണം, ഇന്നലെ ഞാന്‍ കണ്ട സുന്ദരസ്വപ്‌നമായ്...അങ്ങനെ എത്രയോ ഗാനങ്ങള്‍.. ജയചന്ദ്രന്റെ ശബ്ദം ഒരിക്കലെങ്കിലും കാതിൽ വന്നുവീഴാത്ത ദിനങ്ങളില്ല മലയാളിക്ക്.. അത്രമേൽ ആ ശബ്ദം മലയാളിയുടെ ഹൃദയത്തില്‍ ആഴത്തിൽ സ്പർശിക്കുന്നു..











0 comments