ദേശീയ പലച്ചിത്ര പുരസ്‌കാരങ്ങൾ
print edition മഹാ നടനം

കെ എ നിധിൻ നാഥ്
Published on Jul 19, 2026, 12:00 AM | 2 min read
തൃശൂർ: കാലം കഴിയുന്തോറും തിളക്കം കൂടുന്ന അഭിനയം. നാലാംവട്ടവും മമ്മൂട്ടിയെ തേടിയ എത്തിയ ദേശീയ ചലച്ചിത്ര പുരസ്‌കാരം അത് ശരിവയ്‌ക്കുന്നു. 1989 ൽ ആണ് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാഡ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഹരിഹരൻ സംവിധാനം ചെയ്‌ത ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തു ചേകവർ , അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്‌ത ‘മതിലുകളിലെ ’ വൈക്കം മുഹമ്മദ് ബഷീർ എന്നീ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളിലൂടെയായിരുന്ന ആ നേട്ടം. വടക്കൻ പാട്ടുകളിലെ ചതിയനെന്ന് മുദ്രകുത്തപ്പെട്ട ചന്തുവിനെ മാനുഷിക ഭാവങ്ങളോടെ അവതരിപ്പിച്ച ചന്തുവും, ബഷീറിന്റെ ജയിൽ ജീവിതവും പ്രണയവും മലയാളികളുടെ ഹൃദയത്തിൽ അനശ്വരങ്ങളായി.
1993 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്‌ത ‘വിധേയനി’ലെ ഭാസ്‌കര പട്ടേലറും ടി വി ചന്ദ്രൻ സംവിധാനം ചെയ്‌ത ‘പൊന്തൻ മാട’യിലെ മാടയിലൂടെയുമായിരുന്നു രണ്ടാംവട്ടം. ക്രൂരനും അധികാരഗർവ്വുമുള്ള ജന്മിയായിരുന്നു പട്ടേലറെങ്കിൽ നേർ വിപരീതമായിരുന്നു മാട.
ഭരണഘടനാ ശില്പിയായ ഡോ. ബാബാസാഹേബ് അംബേദ്കറിനെ വെള്ളിത്തിരയിൽ ജീവൻപകർന്നതും മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്‌ത ചിത്രം ഹിന്ദിയിലും ഇംഗ്ലീഷുമായിരുന്നു. 1998 ൽ അംബേദ്‌കറിലൂടെ മൂന്നാംതവണയും പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി.
26 വർഷത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ‘ഭ്രമയുഗ’ത്തിലൂടെ നാലാംതവണയും നേട്ടം. മനയുടെ മുന്നിൽ ചാരുകസേരയിൽ ഇരുന്ന് മുഖം വശങ്ങളിലേക്ക് ചെരിച്ച് പാതി പല്ലുമാത്രം കാണിച്ച് നിശബ്ദമായി ചിരിക്കുന്ന കൊടുമൺ പോറ്റി ഇതുവരെ കണ്ട മമ്മൂട്ടിയേ അല്ല. ഓരോ തവണയും പുതിയ സിനിമ വരുമ്പോൾ പുതുമ സമ്മാനിക്കാൻ മമ്മൂട്ടി കഴിഞ്ഞു. ‘എനിക്കിപ്പോഴും അഭിനയത്തോട് കൊതിയാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വെറുതെ അല്ല. സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച ചിത്രത്തിൽ പോറ്റിയായി നിറയുകയും അതിനകത്ത് ചാത്തനായി പകർന്നാടുകയും ചെയ്യുന്ന മികവിനുള്ള അംഗീകാരമാണിത്.
കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഒരു ശരീരത്തിൽ ആവാഹിച്ച് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിനെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കാണ് കഴിയുക. താരപദവിയും പ്രതിച്ഛായയും മറന്ന് ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കിയ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണത കഥാപാത്രങ്ങൾക്ക് ഉണ്ട്. പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ, ഭ്രമയുഗം തുടങ്ങിയവയെല്ലാം മമ്മൂട്ടിയെന്ന നടന വൈഭവത്തിന്റെ സമീപകാല നേർസാക്ഷ്യമാണ്. വെളുപ്പിനും കറുപ്പിനുമിടയിൽ അധികാരത്തിന്റെയും മോചനത്തിന്റെയും ലോകമാണ് ഭ്രമയുഗം. ഇങ്ങനെ താരശരീരത്തെ മറന്ന് തീർക്കുന്ന തിരനടനം ഒരിക്കൽക്കൂടി അംഗീകരിക്കപ്പെട്ടിരിക്കുന്നു.ആ നേട്ടത്തിൽ മലയാളം ആഹ്ലാദത്തിലാണ്.
ബച്ചനൊപ്പം മമ്മൂട്ടി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ നടൻ എന്ന ചരിത്ര നേട്ടത്തിൽ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനൊപ്പം ഇനി മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത്.ഇരുവർക്കും നാല് പുരസ്‌കാരങ്ങൾ വീതം ലഭിച്ചു. കമൽഹാസന് മികച്ച നടനുള്ള പുരസ്കാരം മൂന്ന് തവണ ലഭിച്ചു. ബാലതാരമായും കമലിന് ദേശീയ പുരസ്കാരം കിട്ടിയിട്ടുണ്ട്. അജയ് ദേവ്ഗൺ മൂന്നുതവണ പുരസ്കാരം ഏറ്റുവാങ്ങി. മോഹൻലാലിന് രണ്ടുതവണ പുരസ്കാരം ലഭിച്ചു. കിരീടത്തിന് പ്രത്യേക പരാമർശവും. മിഥുൻ ചക്രവർത്തി , ഓം പുരി, നസീറുദ്ദീൻ ഷാ, സഞ്ജീവ് കുമാർ, ധനുഷ് തുടങ്ങിയവരും രണ്ട്‌തവണ പുരസ്കാരം ഏറ്റുവാങ്ങി.










0 comments