ad
Deshabhimani

print edition എല്ലാം 100 ശതമാനം വിജയമാകില്ല

തോമസ് തിരുവല്ലയും സുരാജ് വെഞ്ഞാറമൂടും

തോമസ് തിരുവല്ലയും സുരാജ് വെഞ്ഞാറമൂടും

avatar
കെ എ നിധിൻനാഥ്‌

Published on May 17, 2026, 12:01 AM | 3 min read

സിനിമയോടുള്ള ഇഷ്ടമാണ്‌ തോമസ്‌ തിരുവല്ലയെ നിർമാതാവാക്കിയത്‌. ‘കളിമണ്ണി’ൽ തുടങ്ങിയ യാത്ര 16 വർഷമായി തുടരുകയാണ്‌. അതിനിടയിൽ ‘പൂക്കാല’മടക്കം വലിയ സ്വീകാര്യതയും ചർച്ചയുമായ സിനിമകൾ പ്രേക്ഷകരിലെത്തിച്ചു. എന്നാൽ, തിയറ്റർ വിജയംമാത്രം അകലെയായിരുന്നു. ‘മോഹിനിയാട്ട’ത്തിലൂടെ അത്‌ സാധ്യമായി. ഒടിടിയിൽ വൻ വിജയമായ ‘ഭരതനാട്യ’ത്തിന്‌ രണ്ടാംഭാഗം ഒരുക്കാൻ മുൻകൈയെടുത്തത്‌ ഹിറ്റ്‌ നേടിയെടുത്തു. സിനിമയിൽ പണം ഇറക്കുന്നതിനപ്പുറം നിർമാതാവിന്‌ റോളുണ്ടെന്ന്‌ എന്നും ഓർമപ്പെടുത്തുന്ന ഒരാൾകൂടിയാണ്‌ തോമസ്‌. സിനിമയുടെ എല്ലാ മേഖലകളിലും ഇടപെടുന്ന ഒരു നിർമാതാവ്‌. അതാണ്‌ തോമസ്‌ തിരുവല്ല. അദ്ദേഹം സംസാരിക്കുന്നു.


തിയറ്റർ പരാജയം


തിരക്കഥ കേട്ടപ്പോൾത്തന്നെ ചെയ്യണമെന്ന്‌ തീരുമാനിച്ച സിനിമയാണ്‌ ഭരതനാട്യം. സംവിധായകൻ കൃഷ്ണദാസ്‌ മുരളിയുടെ മേക്കിങ്‌ വളരെ ഇഷ്ടമായി. വിജയിക്കുമെന്ന്‌ പ്രതീക്ഷിച്ച സിനിമയുമാണ്‌. അധികം ബജറ്റും വന്നിട്ടില്ല. പക്ഷേ, സിനിമ തിയറ്ററിൽ പരാജയപ്പെട്ടു. എവിടെയും പരാജയം പ്രതീക്ഷിച്ച സിനിമയല്ല. എന്തുകൊണ്ടാണ്‌ ഫ്ലോപ്പായതെന്ന്‌ മനസ്സിലായില്ല. പക്ഷേ, സിനിമ ആമസോൺ എടുത്തു. 28–ാംദിവസംതന്നെ ഒടിടിയിലെത്തി. പേ പെർ വ്യൂ ആയിരുന്നു. ഒരുപാടുപേർ കാണുകയും വലിയ അഭിനന്ദനം കിട്ടുകയും ചെയ്‌തു.


പിന്നീടുള്ള ആലോചനയിൽ ഉള്ളടക്കം അവതരിപ്പിച്ച രീതിയിലാണ്‌ പ്രശ്‌നമെന്ന്‌ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഒടിടിയിൽ വലിയ വിജയമായി ഭരതനാട്യം മാറി. രണ്ടുമൂന്നുമാസം കഴിഞ്ഞ്‌ സംവിധായകൻ കൃഷ്ണദാസിനോട്‌ രണ്ടാംഭാഗം ചെയ്‌താലോ എന്ന്‌ ചോദിച്ചു. പ്രേക്ഷകർ തിയറ്ററിൽ കൈവിട്ട സിനിമയല്ലേ അത്‌ വേണോ എന്നായിരുന്നു കൃഷ്ണദാസിന്റെ ചോദ്യം. രണ്ടാംഭാഗത്തിനെക്കുറിച്ച്‌ ചിന്തിച്ചുനോക്കാൻ പറഞ്ഞു. ഒടിടിയിലെ വിജയത്തിന്‌ ഞങ്ങൾ ചെറിയൊരു സക്‌സസ്‌ പാർടി നടത്തി. ആദ്യമായിട്ടായിരിക്കും ഒടിടി വിജയത്തിന്‌ വിജയാഘോഷം നടത്തുന്നത്‌.


ആദ്യ ഹിറ്റ്‌


കൃഷ്‌ണദാസ്‌ തിരക്കഥ കൊണ്ടുവന്നു. വായിച്ചപ്പോൾത്തന്നെ നല്ല രസം തോന്നി. സൈജു കുറുപ്പ്‌ പടം ചെയ്യാമെന്നു പറഞ്ഞു. സംവിധായകൻ കൃഷ്ണദാസിലുള്ള വിശ്വാസമാണ്‌ എന്നെ ‘മോഹിനിയാട്ടം’ ചെയ്യാൻ പ്രേരിപ്പിച്ചത്‌. തിരക്കഥ എഴുതുന്നതിൽ അവൻ പുലിയാണ്‌. മനസ്സുവച്ചാൽ എഴുതാൻ കഴിയുമെന്ന്‌ തെളിയിച്ചതാണ്‌ ഇ‍ൗ രണ്ടാംഭാഗം. 16 വർഷമായി സിനിമ ചെയ്യുന്നുണ്ട്‌. എനിക്ക്‌ കിട്ടിയ ആദ്യ ഹിറ്റാണ്‌ മോഹിനിയാട്ടം. പക്ഷേ, നിർമിച്ച സിനിമകൾക്കെല്ലാം അഭിനന്ദനവും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്‌. ബ്ലെസി സംവിധാനം ചെയ്‌ത ‘കളിമണ്ണാ’ണ്‌ ആദ്യമായി നിർമിച്ച ചിത്രം. പിന്നീട്‌ ഓട്ടം, മ്യാവു, പൂക്കാലം തുടങ്ങി ഒരുപാട്‌ സിനിമകൾ ചെയ്‌തു. ഒരുപാട്‌ പുതിയ ആളുകൾക്ക്‌ അവസരം നൽകാൻ കഴിഞ്ഞു. വലിയ ബജറ്റിലല്ല സിനിമകൾ ചെയ്‌തത്‌. അതിനാൽത്തന്നെ നഷ്ടംവരാതെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്‌.


തിരക്കഥ വായിക്കും


ആദ്യം തിരക്കഥ കേൾക്കും. ഇഷ്ടപ്പെട്ടവയുടെ തിരക്കഥ വായിച്ചശേഷം മാത്രമേ സിനിമ ചെയ്യാറുള്ളൂ. എഴുതിയത്‌ രണ്ടുമൂന്നുതവണ വായിക്കും. അപ്പോൾ ഇഷ്ടം തോന്നുന്ന സിനിമകളാണ്‌ നിർമിക്കാറുള്ളത്‌. ചിലത്‌ ചെയ്‌തുവരുമ്പോൾ പാളിച്ചകൾ വരുന്നുണ്ട്‌. പൂക്കാലം അങ്ങനെ ചെയ്‌ത സിനിമയാണ്‌. കുട്ടിക്കാലംമുതൽ കലാമേഖലയിലുണ്ട്‌. സ്‌കൂൾ കലോത്സവങ്ങൾ, യുവജനോത്സവം എന്നിവയിലൊക്കെ ഭാഗമായിട്ടുണ്ട്‌. കലാപരമായതെല്ലാം 100 ശതമാനം വിജയമാകില്ല. സിനിമ വിജയമാകാൻ ശ്രമിക്കും. വലിയ ലാഭം വേണമെന്നില്ല, നഷ്ടമില്ലാതെ പോകാനാകണം.


പുതിയവരെ കൊണ്ടുവന്നു


നല്ല കലാകാരന്മാരെ സിനിമയിലേക്ക്‌ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്‌ ഏറ്റവും സന്തോഷം നൽകുന്നത്‌. വാഴ–2ന്റെ സംവിധായകൻ സവിൻ ‘ഓട്ടം’ എന്ന എന്റെ സിനിമയിൽ സംവിധാനസഹായിയായി തുടങ്ങിയതാണ്‌. ഇങ്ങനെ പലരെയും കൊണ്ടുവരാൻ കഴിഞ്ഞതാണ്‌ എനിക്ക്‌ സിനിമയിൽനിന്നുള്ള ലാഭമെന്നാണ്‌ വിശ്വസിക്കുന്നത്‌. പൂക്കാലംപോലൊരു സിനിമ ചെയ്യാൻപറ്റി. ഉള്ളടക്കമാണ്‌ ആകർഷിച്ചത്‌. ഗണേഷ്‌ രാജ്‌ പറഞ്ഞപ്പോൾത്തന്നെ ഇഷ്ടമായി. വലിയ സൂപ്പർ ഹിറ്റ്‌ പ്രതീക്ഷിച്ചുചെയ്‌ത സിനിമയുമല്ല. പക്ഷേ, പടം ലാഭമായിരുന്നു. ഒടിടിയിൽ വലിയ സ്വീകാര്യതയും ലഭിച്ചു.


നിർമാതാവിന്റെ റോൾ


സിനിമയിലേക്ക്‌ നിർമാതാവിന്‌ വലിയ രീതിയിൽ സംഭാവന ചെയ്യാനാകും. എല്ലാ കാര്യങ്ങളിലും നിർമാതാവിന്റെ പങ്കാളിത്തം ഉണ്ടാകണം. സംവിധായകനെപ്പോലെ നമുക്കും സ്വാതന്ത്ര്യമുണ്ട്‌. അതിനാൽത്തന്നെ വലിയ ഉത്തരവാദിത്വവുമുണ്ട്‌. ബജറ്റുകൂടി മനസ്സിൽ കണ്ട്‌ വേണം ആർട്ടിസ്റ്റിനെ തീരുമാനിക്കാൻ. ലൊക്കേഷൻ, ആർട്ടിസ്റ്റ്‌ ഇതൊക്കെ പ്രധാനമാണ്‌. മോഹിനിയാട്ടം ഇടത്തരം ബജറ്റിൽ ചെയ്‌ത സിനിമയാണ്‌. മോഹിനിയാട്ടത്തിൽ സുരാജ്‌ വെഞ്ഞാറമൂടിന്റെ കഥാപാത്രം അദ്ദേഹം ചെയ്‌താൽ കൂടുതൽ നന്നാകുമെന്ന്‌ തോന്നി. അങ്ങനെയുള്ള സാഹചര്യത്തിൽ ബജറ്റിനപ്പുറം ചെയ്യണം. സുരാജ്‌ തമിഴ്‌ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ സമയത്തിനനുസരിച്ചാണ്‌ ചിത്രീകരിച്ചത്‌. പക്ഷേ, സുരാജ്‌ കഥാപാത്രമായത്‌ സിനിമയ്‌ക്ക്‌ ഗുണം ചെയ്‌തു.


ബജറ്റ്‌


കഥ കേൾക്കുമ്പോൾത്തന്നെ ബജറ്റിന്റെ രൂപമുണ്ടാകണം. പുതിയതായി വരുന്നവർക്ക്‌ തെറ്റുപറ്റുന്നത്‌ ഇവിടെയാണ്‌. സിനിമയിൽ കൃത്യമായ ബജറ്റ്‌, കൃത്യമായ അക്ക‍ൗണ്ടിങ്‌ സംവിധാനം ഇല്ലാത്തതാണ്‌ പ്രശ്‌നം. ബജറ്റ്‌ കൂടിയാൽ എവിടെ കൂടുന്നു, എങ്ങനെ കൂടുന്നു എന്നറിയണം. മോഹിനിയാട്ടത്തിൽ ആർട്ടിൽ ബജറ്റ്‌ കൂടി. രണ്ട്‌ വീടുകൾ, അന്പലം ഒക്കെ വന്നപ്പോഴാണത്‌. പക്ഷേ, ആർട്ട്‌ ഡയറക്ടറോട്‌ പറഞ്ഞു നിങ്ങളിട്ട ബജറ്റാണിതെന്ന്‌. അപ്പോൾ വാടകയ്‌ക്ക്‌ കിട്ടുന്നതും വെറുതെ കിട്ടുന്നതുമെല്ലാം ഉപയോഗിച്ചു. ഇങ്ങനെ നമ്മൾ എല്ലാ കാര്യങ്ങളും അറിയണം. അല്ലാതെ അവസാനം ടിവി ചാനലിലും പത്രങ്ങളിലും വന്നിരുന്നു പറഞ്ഞിട്ട്‌ കാര്യമില്ല.


സാങ്കേതികമേഖല


‘ഭരതനാട്യ’ത്തിൽ മിക്‌സിങ്ങൊക്കെ മിനിമമാണ്‌. പക്ഷേ, മോഹിനിയാട്ടത്തിലേക്ക്‌ എത്തിയപ്പോൾ അതിനു നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്‌. ഡാർക്ക്‌ ഹ്യൂമർ ജോണർ പിടിച്ചപ്പോൾത്തന്നെ ഞങ്ങൾ സംഗീതസംവിധായകനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. സംവിധായകൻ വിപിൻ ദാസുമായി സംസാരിച്ചപ്പോഴാണ്‌ ഇലക്‌ട്രോണിക്‌ കിളിയെക്കുറിച്ച്‌ പറഞ്ഞത്‌. പുതിയ ട്രെൻഡ്‌ മാറ്റംകൂടി മുന്നിൽ കണ്ടാണ്‌ സംഗീതം ചെയ്‌തത്‌. ‘കളിമണ്ണി’ൽ എം ജയചന്ദ്രനാണ്‌ സംഗീതം ചെയ്‌തത്‌. ‘ലാലി ലാലി’ പാട്ട്‌ ഒ എൻ വിയാണ്‌ എഴുതിയത്‌. ഓരോ കാലഘട്ടത്തിനനുസരിച്ച്‌ സംഗീതം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home