ലൗലജന്റെ നൈസിയായി മീരാ ജാസ്മിൻ; മോഹൻലാൽ - തരുൺമൂർത്തി ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: 'തുടരും' എന്ന ചിത്രത്തിനുശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായികയായി മീരാ ജാസ്മിൻ എത്തും. മീരയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് നായികയുടെ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടത്.
നൈസി എന്നാണ് മീരാ ജാസ്മിന്റെ കഥാപാത്രത്തിന്റെ പേര്. 'ലൗലജന്റെ നൈസി' എന്ന ക്യാപ്ഷനോടെയാണ് തരുൺ മൂർത്തി പോസ്റ്റർ പങ്കുവെച്ചത്. നേരത്തേ മോഹൻലാൽ അവതരിപ്പിക്കുന്ന ലൗലജൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ പുറത്തുവിട്ടിരുന്നു. മീശപിരിച്ച് കൈയിൽ പൊലീസ് ഷൂസുമായി നിൽക്കുന്ന ലാലിനെ പോസ്റ്ററിൽ കാണാം.
ഇതുവരെ, പേര് പുറത്തുവിടാത്ത ചിത്രം എൽ366 എന്നാണ് അറിയപ്പെടുന്നത്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ക്യാമറ: ഷാജി കുമാർ, സംഗീതം: ജേക്സ് ബിജോയ്, സഹസംവിധാനം: ബിനു പപ്പു,
2006ൽ പുറത്തിറങ്ങിയ രസതന്ത്രം എന്ന ചിത്രത്തിലാണ് മോഹൻലാലും മീരാ ജാസ്മിനും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ആകാശഗോപുരം എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിൽ മീരാ ജാസ്മിൻ അതിഥിവേഷത്തിലെത്തിയിരുന്നു.










0 comments