print edition കാലത്തിന്റെ മെലഡി

മോഹൻ സിത്താര
ജിബിന എ എസ്
Published on Nov 15, 2026, 07:34 AM | 2 min read
നാലുപതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ ഈണങ്ങളുടെ വിസ്മയം തീർക്കുന്ന സംഗീതസംവിധായകനാണ് മോഹൻ സിത്താര. മെലഡിയുടെ മാധുര്യവും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഈണങ്ങളുമാണ് അദ്ദേഹത്തിന്റെ മുദ്ര. സംഗീതജീവിതത്തിലെ തുടക്കവും തിരിച്ചടികളും മറക്കാനാകാത്ത അനുഭവങ്ങളും പുതിയ കാലത്തെ സംഗീതത്തെക്കുറിച്ചുമെല്ലാം മോഹൻ സിത്താര സംസാരിക്കുന്നു.
ആ നാലുപതിറ്റാണ്ട്
സിനിമയിലേക്കുള്ള വഴിതുറന്നത് സുഹൃത്ത് ടി കെ രാജീവ് കുമാറാണ്. അദ്ദേഹമാണ് സംവിധായകൻ രഘുനാഥ് പാലേരിയെ പരിചയപ്പെടുത്തിയത്. അങ്ങനെയാണ് ‘ഒന്നുമുതൽ പൂജ്യംവരെ'യിലേക്ക് എത്തുന്നത്. സിനിമയ്ക്കുവേണ്ടി പാട്ടുകൾക്ക് ഈണം നൽകുന്നതിൽ അന്ന് വലിയ പരിചയമുണ്ടായിരുന്നില്ല. ഓർക്കസ്ട്രേഷൻ ചെയ്യാൻ അറിയാമായിരുന്നു. അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കുകയായിരുന്നു.
ഇത്രയും വർഷങ്ങൾക്കുശേഷവും പാട്ടുകൾ ചെയ്തുകൊണ്ടിരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ചെറുപ്പംമുതൽ സംഗീതത്തോട് വലിയ താൽപ്പര്യമായിരുന്നു. ചേട്ടൻ സുബ്രഹ്മണ്യനായിരുന്നു പ്രചോദനമായത്. അദ്ദേഹം യേശുദാസിന്റെ തരംഗനിസരി സ്കൂൾ ഓഫ് മ്യൂസിക്കിൽ സിത്താർ അധ്യാപകനായിരുന്നു. 1977-ലാണ് തിരുവനന്തപുരത്ത് യേശുദാസിന്റെ തരംഗനിസരി സ്കൂൾ ഓഫ് മ്യൂസിക്കിൽ പഠിക്കാൻ ചേർന്നത്. അവിടെ സൗജന്യമായാണ് പഠിച്ചത്.
തിരുവനന്തപുരത്തെ സിത്താര മ്യൂസിക് ക്ലബ്ബിൽ വയലിൻ വായിക്കാൻ പോകുമായിരുന്നു. പിന്നീട് അവിടെ ഓർക്കസ്ട്രേഷനും ചെയ്യാൻ തുടങ്ങി. ചിത്രാഞ്ജലി, തരംഗിണി സ്റ്റുഡിയോകൾ തുടങ്ങിയപ്പോൾ അസിസ്റ്റന്റായി. ദക്ഷിണാമൂർത്തി, ജി ദേവരാജൻ, ശ്യാം തുടങ്ങിയവർക്കുവേണ്ടി ഓർക്കസ്ട്രേഷൻ നിർവഹിച്ചിട്ടുണ്ട്. ദേവരാജൻ മാഷിന്റെയും ഇളയരാജയുടെയും ഗാനങ്ങൾക്കായി വയലിനും വായിച്ചു.
മോഹൻ സിത്താര എന്ന പേരിനുപിന്നിൽ
അതിനുപിന്നിലും ഒരു അനുഭവമുണ്ട്. തിരുവനന്തപുരത്ത് സിത്താര മ്യൂസിക് ക്ലബ്ബിൽ വയലിൻ വായിക്കാൻ പോകുമായിരുന്നു. പിന്നീട് അവിടെ ഓർക്കസ്ട്രേഷനും ചെയ്യാൻ തുടങ്ങി. ആ ക്ലബ്ബിന്റെ പേരാണ് പിന്നീട് എന്റെ പേരിന്റെ ഭാഗമായി മാറിയത്.
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും അനുഭവിച്ചു. ആ അനുഭവങ്ങളും വികാരങ്ങളുമൊക്കെ മനസ്സിലുണ്ടാകും. അതിന്റെ സ്വാധീനം എന്റെ സംഗീതത്തിലും പ്രതിഫലിക്കുന്നുണ്ടാകാം. അതുകൊണ്ടുതന്നെ സ്വാഭാവികമായി മെലഡിയിലേക്ക് എത്തിച്ചേർന്നു.
ഞാൻ അവസരം നൽകിയിട്ടുള്ളവരെല്ലാം നന്നായി പാടുന്നവരാണ്. കഴിവുള്ളവരെയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്. മികച്ച രീതിയിൽ പാടാനും സംഗീതത്തോട് ആത്മാർഥത പുലർത്താനും അവർക്ക് കഴിവുണ്ട്. ഇന്ന് അവരിൽ പലരും അറിയപ്പെടുന്ന ഗായകരാണ്. അവരുടെ വളർച്ചയിൽ ഞാനൊരു നിമിത്തമായി എന്നുമാത്രം.
സിനിമാഗാനങ്ങളുടെ മാറ്റം
ഓരോ സിനിമയിലും സംവിധായകൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള പാട്ടുകളാണ് നമ്മൾ ചെയ്യേണ്ടത്. ഒരു പ്രത്യേക സന്ദർഭത്തിന് അനുയോജ്യമായ സംഗീതമായിരിക്കണം. അത് മെലഡിയാണോ മറ്റൊരു ശൈലിയാണോ എന്നത് സിനിമയുടെ ആവശ്യത്തിനനുസരിച്ചാണ് തീരുമാനിക്കുന്നത്. കാലം മാറി. സിനിമയുടെ അവതരണരീതിയും മാറി.
സംഭാഷണങ്ങളിൽപ്പോലും മാറ്റങ്ങളുണ്ടായി. അതിനനുസരിച്ച് സംഗീതത്തിലും മാറ്റങ്ങളുണ്ട്. ഭാവിയിൽ സിനിമകളിൽ പാട്ടുകളുടെ പ്രാധാന്യം കുറയുമോ എന്നൊരു ആശങ്കയുമുണ്ട്. ഇന്നും നല്ല പാട്ടുകൾ ഉണ്ടാകുന്നുണ്ട്. ചെറുപ്പംമുതൽ അഭിനയത്തോട് വലിയ താൽപ്പര്യമായിരുന്നു. പഠിക്കുന്ന കാലത്ത് നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിനൊക്കെ സമ്മാനങ്ങളും ലഭിച്ചിരുന്നു. ആ താൽപ്പര്യം അന്നുതന്നെ ഉള്ളിലുണ്ടായിരുന്നു. പിന്നീട് ആൽബങ്ങളിലൂടെയും മറ്റ് അവസരങ്ങളിലൂടെയും അഭിനയത്തിലേക്ക് കടന്നു. സംഗീതംപോലെതന്നെ അഭിനയവും എനിക്ക് ഇഷ്ടമുള്ള മേഖലയാണ്.
ഒരുപാട് നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട്. എന്നാൽ, അവയ്ക്കെല്ലാം അവാർഡുകളോ അംഗീകാരങ്ങളോ ലഭിക്കണമെന്നില്ലല്ലോ. അവാർഡുകൾ ചിലർക്കാണ് ലഭിക്കുന്നത്. അതിൽ പരാതിയൊന്നുമില്ല. ആളുകൾക്ക് ഇഷ്ടപ്പെടുന്ന പാട്ടുകൾ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. എന്റെ പാട്ടുകൾ കേൾക്കുന്നവർക്ക് സന്തോഷം ലഭിക്കണം.
ഇനിയുള്ള സ്വപ്‌നങ്ങൾ
സംഗീതം എനിക്ക് ഒരുതരം ഭ്രാന്താണ്. പുതിയ സിനിമകൾക്കുവേണ്ടിയുള്ള സംഗീതസംവിധാനത്തിന്റെ തിരക്കിലാണ്. ഇനിയും നല്ല സംഗീതം ചെയ്യണമെന്നതാണ് ആഗ്രഹം. ആളുകൾ ഓർത്തുവയ്‌ക്കുന്ന നല്ല ഈണങ്ങൾ സൃഷ്ടിക്കാനാകണം. അതിനപ്പുറം പ്രത്യേകിച്ച് വലിയ സ്വപ്‌നങ്ങളൊന്നുമില്ല.








0 comments