പുതുമുഖങ്ങളുടെ കൂട്ടായ്‍മ
"നോട്ട് എ സിനിമ'

പുതുമുഖങ്ങളുടെ കൂട്ടായ്‍മ "നോട്ട് എ സിനിമ' ഐഎഫ്എഫ്കെയിലേക്ക് തൊടുപുഴ പുതുമുഖങ്ങളുടെ കൂട്ടായ‍്‍മയ്‍ക്ക് ഐഎഫ്എഫ്കെ അംഗീകാരം. കൂത്താട്ടുകുളം മാറിക സ്വദേശി മനു വിശ്വംഭരൻ അണിയിച്ചൊരുക്കിയ "നോട്ട് എ സിനിമ' എന്ന ചിത്രം 31ാമത് ഐഎഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മലയാളം സിനിമാ ടുഡേ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. സംവിധായകൻ മുതല്‍ അണിയറ പ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്. ആശയവ്യക്തതയും അവതരണത്തിലെ പുതുമയുമാണ് ചിത്രത്തിന്റെ കരുത്ത്. ആരും ശ്രദ്ധിക്കാതെ പോകുന്ന ചില നിമിഷങ്ങളിലൂടെ വെളിപ്പെടുന്ന ജീവിതങ്ങളുടെ കഥയാണ് സിനിമ പങ്കുവയ്‍ക്കുന്നത്.
പറയാതെ ബാക്കിവച്ച വാക്കുകളും ഉള്ളിലെ സംഘർഷങ്ങളും ജീവിതത്തെ നിശബ്ദമായി നിർവചിക്കും. അത്തരമൊരു മനുഷ്യനിലേക്കാണ് "നോട്ട് എ സിനിമ' പ്രേക്ഷകരെ ക്ഷണിക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളൊരുക്കിയ പരിചയസമ്പത്താണ് സംവിധായകൻ മനുവിന്റെ കരുത്ത്.
ബോബി ബാലകൃഷ്‍ണൻ നായകനാകുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സനീഷ് ചെങ്ങമനാടാണ്. അഖില്‍ അനിലിന്റെ കഥയ്‍ക്ക് അഖില ദീപലക്ഷ്‍മി തിരക്കഥയെഴുതി. ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങി എല്ലാ മേഖലയിലുള്ളവരും സ്വതന്ത്ര സിനിമയിൽ തങ്ങളുടേതായ ഇടം തേടുന്നവരാണ്. വിവിധ സ്വതന്ത്ര ചലച്ചിത്രമേളകളില്‍നിന്ന് നാല് പുരസ്‍കാരം നേടിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗിക പ്രവേശനവും ലഭിച്ചു. ഈ മാസം ആദ്യം പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ്. ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലെത്തും.








0 comments