Deshabhimani

ആലപ്പുഴ മെഡിക്കൽ കോളേജിൽ 8 ഡോക്‍ടര്‍മാരെ സ്ഥലംമാറ്റി

ആര്‌ ചികിത്സിക്കും, 
ആര് പഠിപ്പിക്കും

ആലപ്പുഴ മെഡിക്കല്‍കേളേജ് ദുരവസ്ഥ ചിത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 16, 2026, 03:14 AM | 2 min read

ആലപ്പുഴ

രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും ആവശ്യത്തിന് ഡോക്‍ടർമാരില്ലാതെ വലയുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഇരുട്ടടിയായി കൂട്ട സ്ഥലംമാറ്റം. വിവിധ വിഭാഗങ്ങളിലെ എട്ട് ഡോക്‍ടര്‍മാരെയാണ് തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഡോ. എം ഗണേഷ് (അസി. പ്രൊഫസര്‍ ജനറൽ സർജറി), ഡോ. ഷെറിൻ ഷാ - (അസി. പ്രൊഫസര്‍ ഇഎൻടി) അസി. പ്രൊഫസർ ഡോ. ആർഷ എം ദേവ് - (ഫിസിയോളജി), ഡോ. നൈന സൂസൻ, ഡോ. അനശ്വര കാർത്തിക, ഡോ. ജി രമ്യ (കമ്യൂണിറ്റി മെഡിസിൻ), ഡോ. മേഘ ജി നാഥ് -(ബയോകെമിസ്ട്രി), ഡോ. എസ് ഹാരിഷ് - (ഫോറൻസിക് മെഡിസിൻ) എന്നിവരെയാണ് പകരം നിയമനം നടത്താതെ മാറ്റിയത്. ജനറൽ സര്‍ജറി വിഭാഗമൊഴികെയുള്ളവ നോൺ ക്ലിനിക്കൽ വിഭാഗത്തിലായതിനാൽ മെഡിക്കൽ വിദ്യാര്‍ഥികളുടെ പഠനത്തെയും സ്ഥലംമാറ്റം സാരമായി ബാധിക്കും. നോ നിയമനം, സ്ഥലംമാറ്റം ഒൺലി ​കരുണാകരന്റെ പേരിലുള്ള മെഡിക്കൽ കോളേജിൽ ദേശീയ മെഡിക്കൽ കമീഷൻ പരിശോധന നടത്താനിരിക്കെ എംബിബിഎസ് സീറ്റിന് അംഗീകാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടസ്ഥലം മാറ്റത്തിലൂടെ നിയമനം നടത്തിയത്. സംസ്ഥാനത്തെ വിവിധ മെഡിക്കൽകോളേജുകളിൽനിന്നായി 113 ഡോക്‌ടര്‍മാരെയാണ് ഇവിടേക്ക് മാറ്റിയത്. പുതിയ തസ്‌തികകള്‍ സൃഷ്‍ടിച്ച് പിഎസ്‍സി വഴി നിയമനം നടത്താതെ സ്ഥലംമാറ്റത്തിലൂടെ ഒഴിവ് നികത്തുന്നതിനെതിരെ ഡോക്‍ടര്‍മാരിൽ അമര്‍ഷം ശക്തമാണ്. ​തേടിയത്‌ സഹായം, കിട്ടിയത്‌ ദ്രോഹം ​നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോക്‍ടര്‍മാരുടെ പ്രതിസന്ധിയുണ്ട്. ഒപിയിലും രാത്രികാല അത്യാഹിതവിഭാഗത്തിലും രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റശേഷം മെഡിക്കൽ കോളേജിലെത്തിയപ്പോള്‍ കെ മുരളീധരനോട് 31 വിഭാഗത്തിലായി 93 ഡോക്‍ടർമാരുടെ ഒഴിവുകളുണ്ടെന്നത് അധികൃതര്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിൽ 76 അസി. പ്രൊഫസർ തസ്‌തികയും 12 അസോ. പ്രൊഫസർ തസ്‌തികയും അഞ്ച് പ്രൊഫസർ തസ്‍തികയും ഉൾപ്പെടുന്നു. സർജറി വിഭാഗത്തിൽ 12 ഒഴിവുണ്ടായിരുന്നു. ഗൈനക്കോളജിയിൽ 11, കുട്ടികളുടെ വിഭാഗത്തിൽ മ‍ൂന്ന്, ത്വക്ക്‌ വിഭാഗത്തിൽ 10, പാത്തോളജിയിൽ ആറ്‌, നെഫ്രോളജി, യൂറോളജി, പ്ലാസ്‌റ്റിക് സർജറി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, നിയോനറ്റോളജി, എമർജൻസി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ്, റേഡിയോതെറാപ്പി, ഫോറൻസിക്, കമ്യൂണിറ്റി മെഡിസിൻ എന്നിവിടങ്ങളിൽ ഓരോന്ന്‌ വീതവും കാർഡിയോളജി, ന്യൂറോളജി, സൈക്യാട്രി, ഓർത്തോപീഡിക്‌സ്‌, ഓഫ്താൽമോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, ന്യൂറോ സർജറി, ഓങ്കോപാത്തോളജി എന്നിവിടങ്ങളിൽ രണ്ടുവീതവും ഗ്യാസ്ട്രോ എൻട്രോളജി, മെഡിസിൻ, അനാട്ടമി, ഫിസിയോളജി എന്നിവിടങ്ങളിൽ മൂന്നുവീതവും അനസ്‍തേഷ്യ, റേഡിയോളജി, ബയോകെമിസ്ട്രി എന്നിവിടങ്ങളിൽ നാലുവീതവും ഡോക്‌ടർമാരുടെ കുറവുണ്ടെന്നത് അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. ​കൈമലര്‍ത്തി 
ജി സുധാകരൻ ​മെഡിക്കൽ കോളേജിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നടപടിയിൽ സ്ഥലം യുഡിഎഫ് എംഎൽഎ ജി സുധാകരൻ കൈമലര്‍ത്തി. സ്ഥലംമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മാധ്യമങ്ങളോട് സുധാകരൻ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home