മണിരത്നം ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും; സംഗീതമൊരുക്കാൻ എ ആർ റഹ്മാൻ

ചെന്നൈ: മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. മണിരത്നത്തിന്റെ നിർമ്മാണ കമ്പനിയായ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിൽ 'പ്രൊഡക്ഷൻ നമ്പർ 23' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വിജയ് സേതുപതിയും സായ് പല്ലവിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വെള്ളിയാഴ്ചയായിരുന്നു ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം പുറത്തുവന്നത്.
മണിരത്നം ചിത്രത്തിൽ സായ് പല്ലവി ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, 2018-ൽ പുറത്തിറങ്ങിയ 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി മണിരത്നവുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോണി മ്യൂസിക് സൗത്ത് ഓഡിയോ പങ്കാളിയായി എത്തുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാനാണ്. 'എ മണിരത്നം ഫിലിം', 'ആൻ എ ആർ റഹ്മാൻ മ്യൂസിക്കൽ' എന്നിങ്ങനെയാണ് അണിയറപ്രവർത്തകർ പ്രോജക്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാതന്തുവിനെക്കുറിച്ചോ മറ്റ് സഹതാരങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.
2025ൽ 'ഏസ്', 'തലൈവൻ തലൈവി' തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ സജീവമായിരുന്നു വിജയ് സേതുപതി. 'ഗാന്ധി ടോക്സ്', 'ട്രെയിൻ', 'സ്ലം ഡോഗ്: 33 ടെമ്പിൾ റോഡ്' തുടങ്ങി നിരവധി പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. 2025ൽ പുറത്തിറങ്ങിയ 'തണ്ടേൽ' എന്ന ചിത്രത്തിന് ശേഷം സായ് പല്ലവിയും കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ്. 'ഏക് ദിൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന താരം 'രാമായണം' ഭാഗം 1, 2 എന്നീ ബിഗ് ബഡ്ജറ്റ് സിനിമകളിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ 2025 ജൂൺ 5-ന് പുറത്തിറങ്ങിയ 'തഗ് ലൈഫ്' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം മണിരത്നം ഒരുക്കുന്ന പുതിയ ചിത്രം സിനിമാലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. റോജ, ബോംബെ, ഇരുവർ, ദിൽസെ, അലൈപായുതെ, കണ്ണത്തിൽ മുത്തമിട്ടാൽ, ഗുരു, രാവൺ, ഓ കെ കൺമണി തുടങ്ങി ഇന്ത്യൻ സിനിമയിലെ കൾട്ട് ക്ലാസിക്കുകൾ സമ്മാനിച്ച മണിരത്നം - എ ആർ റഹ്മാൻ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകർ.










0 comments