നാലാം ദേശീയ പുരസ്കാരം; മികച്ച നടനായി മമ്മൂട്ടി, നേട്ടം ഭ്രമയുഗത്തിലൂടെ

ന്യൂഡൽഹി: മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സ്വന്തമാക്കി. ഭ്രമയുഗത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി മമ്മൂട്ടി സ്വന്തമാക്കിയത്. കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി പകർന്നാടിയപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തൻമാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്കർ (1998) എന്നിവയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് നേരത്തെ ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത്.
മതിലുകൾ (1990)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ (വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാപരമായ നോവലിനെ ആസ്പദമാക്കി). ബഷീറിന്റെ ജയിൽ ജീവിതവും അജ്ഞാതയായ നാരായണിയുമായുള്ള (ശബ്ദം: കെപിഎസി ലളിത) പ്രണയവുമായിരുന്നു പ്രമേയം. ചിത്രം വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 25 അഭിനയ മുഹൂർത്തങ്ങളിൽ ഒന്നായി ഫോർബ്സ് മാഗസിൻ (2013) തെരഞ്ഞെടുത്തു.

ഒരു വടക്കൻ വീരഗാഥ (1989)
വടക്കൻ പാട്ടുകളെ അടിസ്ഥാനമാക്കി എം ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ ക്ലാസിക് ചിത്രം. സംവിധാനം: ഹരിഹരൻ. പരമ്പരാഗതമായി വഞ്ചകനായി ചിത്രീകരിക്കപ്പെട്ട ചന്തുവിനെ ഇതിൽ നല്ലവനായ നായകനായി പുനർവ്യാഖ്യാനിച്ചു. മികച്ച നടൻ (മമ്മൂട്ടി), തിരക്കഥ എന്നിവയുൾപ്പെടെ 4 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും നേടി. 2025 ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു.
പൊന്തൻമാട (1994)
സംവിധാനം: ടി വി ചന്ദ്രൻ (സി വി ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കി). മമ്മൂട്ടി, നസറുദ്ദീൻ ഷാ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച സംവിധായകൻ, നടൻ (മമ്മൂട്ടി), ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ എന്നിവർക്കുള്ള ദേശീയ പുരസ്കാരങ്ങളും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി.

വിധേയൻ (1993)
സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ (സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും' എന്ന നോവലിനെ ആസ്പദമാക്കി). മികച്ച ചിത്രം, സംവിധായകൻ എന്നിവയുൾപ്പെടെ 5 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. ഈ ചിത്രത്തിലെയും 'പൊന്തൻമാട'യിലെയും പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
വിധേയനിൽ നിന്നുള്ള ദൃശ്യം
ഡോ. ബാബാസാഹേബ് അംബേദ്കർ (2000)
സംവിധാനം: ജബ്ബാർ പട്ടേൽ (ഇംഗ്ലീഷ് ഭാഷാ ജീവചരിത്ര ചിത്രം). ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ബി ആർ അംബേദ്കറുടെ ജീവിതം മമ്മൂട്ടി ടൈറ്റിൽ റോളിൽ അവതരിപ്പിച്ചു. മികച്ച ഇംഗ്ലീഷ് ഫീച്ചർ ഫിലിം, മികച്ച നടൻ (മമ്മൂട്ടി), മികച്ച കലാസംവിധായകൻ എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ നേടി.
ബാബാ സാഹേബ് അംബേദ്കർ
ഭ്രമയുഗം (2024)
സംവിധാനം: രാഹുൽ സദാശിവൻ (ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ പുറത്തിറങ്ങിയ ഫോക് ഹൊറർ ചിത്രം). നേട്ടം: വലിയ ബോക്സ് ഓഫീസ് വിജയം. കൊടുമൺ പോറ്റിയായുള്ള അഭിനയത്തിന് മമ്മൂട്ടിക്ക് ഏഴാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2026 ഫെബ്രുവരി 12-ന് ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ പ്രത്യേക പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം കൈവരിക്കുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണിത്. ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം വീണ്ടും മമ്മൂട്ടിയെ തേടിയെത്തിയത്.











0 comments