മമ്മൂട്ടിയും ദുൽഖറും നാളെ തീയറ്ററുകളിൽ; സിനിമകൾ പരിചയപ്പെടുത്തി അച്ഛനും മകനും, വീഡിയോ വൈറൽ

മമ്മൂട്ടി, ദുൽഖർ സൽമാൻ| ഫോട്ടോ: Screengrab
കൊച്ചി : മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'ഓം', ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര' (എഒടി) എന്നിവ നാളെ തീയറ്ററുകളിലെത്തും. അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇതിനിടെ പരസ്പരം ചിത്രങ്ങൾ പരിചയപ്പെടുത്തി മമ്മൂട്ടിയും ദുൽഖറും പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ദുൽഖറിന്റെ 'ആകാശംലോ ഒക താര'യെക്കുറിച്ച് മമ്മൂട്ടിയും മമ്മൂട്ടിയുടെ 'ഓമി'നെക്കുറിച്ച് ദുൽഖറും സംസാരിക്കുന്നതാണ് വീഡിയോ. പുറത്തുവന്ന് മിനിറ്റുകൾക്കകം വീഡിയോ ശ്രദ്ധനേടി. 'അമരൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഓം'.
മമ്മൂട്ടി ബർമ കാർത്തിക്കേയൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ധനുഷാണ് ചിത്രത്തിലെ നായകൻ. സായ് പല്ലവി, ശ്രീലീല എന്നിവരാണ് നായികമാർ. സിബിഐ ഉദ്യോഗസ്ഥയായ നിത്യ റെഡ്ഡിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. നസറുദ്ദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരും ചിത്രത്തിലുണ്ട്.
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശംലോ ഒക താര. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായ കല്പനയെ അവതരിപ്പിക്കുന്നത്. സമൂഹം നിശ്ചയിക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി എത്തുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്.
റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധ നേടിയ ദുൽഖറിന്റെ പുതിയ തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.









0 comments