Deshabhimani

ദുബായിലെ റിങ്ങിൽ ചരിത്രമെഴുതാൻ മലയാളി പഞ്ച്‌

M Praveen

എം പ്രവീൺ| Photo: The Bridge

വെബ് ഡെസ്ക്

Published on Nov 19, 2026, 07:41 PM | 1 min read

തിരുവനന്തപുരം : ദുബായിൽ നവംബർ 21 -ന് നടക്കുന്ന ഡബ്ല്യുബിസി ഏഷ്യ സിൽവർ ബോക്‌സിങ് കിരീടപ്പോരാട്ടത്തിൽ പാലക്കാട്ടുകാരനായ എം പ്രവീൺ ഉസ്ബെക്കിസ്ഥാന്റെ ജോണിബെക്ക് ഖമിഡ്‌ജോനോവിനെ നേരിടുമ്പോൾ ചരിത്രം പിറക്കും. ഇത്ര ഉയർന്ന നിലവാരമുള്ള പ്രൊഫഷണൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന മലയാളിയായ ആദ്യ ബോക്‌സറാകും പ്രവീൺ. 63.5 കിലോഗ്രാം സൂപ്പർ ലൈറ്റ്‌വെയ്റ്റ് വിഭാഗത്തിലാണ് 28കാരൻ മാറ്റുരയ്ക്കുന്നത്. ദുബായിലെ 'ദി മെയ്ദാൻ ഹോട്ടലാണ്‌ വേദി. ഒറ്റപ്പാലത്തിനടുത്ത് പനമണ്ണ സ്വദേശിയായ പ്രവീൺ ആരെയും മോഹിപ്പിക്കുന്ന വളർച്ചയാണ്‌ ബോക്‌സിങ് രംഗത്ത്‌ കൈവരിച്ചത്‌. എട്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട പരസ്യമാണ്‌ പ്രവീണിനെ ജിമ്മിൽ എത്തിച്ചത്. ജീവിതമാർഗത്തിനുള്ള ജോലിയും പരിശീലനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു. തുടക്കത്തിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിയാണ് ചെയ്തിരുന്നത്. ആ ജോലിയുടെ കാഠിന്യം പരിശീലനത്തെ ബാധിച്ചതോടെ അതുപേക്ഷിച്ചു. പരിശീലനം സജീവമാക്കാൻ കൊച്ചിയിലേക്ക് വന്നു. പ്രവീൺ ഫുഡ് ഡെലിവറി ജോലിയും പരിശീലനവും ഒരുമിച്ചു കൊണ്ടുപോയി. രാവിലെയും വൈകുന്നേരവുമായി ദിവസവും ഏകദേശം നാല് മണിക്കൂർ പരിശീലനം നടത്തി. ഏഴ് വിജയം (ഇതിൽ അഞ്ച് നോക്കൗട്ട്‌), മൂന്ന് തോൽവി, ഒരു സമനില എന്ന പ്രൊഫഷണൽ റെക്കോർഡുമായാണ് പ്രവീൺ പോരിനിറങ്ങുന്നത്‌. ജോണിബെക്ക് പങ്കെടുത്ത നാല് പ്രൊഫഷണൽ മത്സരങ്ങളിലും (രണ്ട് നോക്കൗട്ട്‌) വിജയിച്ചിട്ടുണ്ട്.

പരിചിതമായ വേദിയിൽ മത്സരിക്കുന്നു എന്ന ആനുകൂല്യം ഉസ്ബെക്ക് താരത്തിനുണ്ടെങ്കിലും, കൂടുതൽ പ്രൊഫഷണൽ പരിചയവുമായാണ് പ്രവീൺ ഇറങ്ങുന്നത്. ജോണിബെക്ക് 16 റൗണ്ടുകൾ മാത്രം മത്സരിച്ചപ്പോൾ പ്രവീൺ 51 റൗണ്ടുകളിൽ പോരാടിയിട്ടുണ്ട്. എം റഫീഖാണ്‌ പരിശീലകൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home