Deshabhimani

കൂട്ടുത്തരവാദിത്തം നഷ്‌ടമായി; ടീമല്ലാത്ത യുഡിഎഫായി മാറി: പിണറായി

pinarayi
വെബ് ഡെസ്ക്

Published on Nov 19, 2026, 06:58 PM | 1 min read

തിരുവനന്തപുരം : ടീം യുഡിഎഫ്‌ ടീമല്ലാത്ത യുഡിഎഫായി മാറിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ്‌ ഒരു സമ്പൂർണ വിഘടിത വിഭാഗമായി മാറിയിരിക്കുയാണെന്നും അതിനുള്ള കാരണം മുഖ്യമന്ത്രിയാണെന്നും എകെജി സെന്റിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പിണറായി ചൂണ്ടിക്കാട്ടി.


മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിയിലെ വിയോജിപ്പ്‌ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പാർട്ടിയിലുള്ളവരും അദ്ദേഹത്തോട്‌ തന്നെ തുറന്നുപറയുകയാണ്‌. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കുന്നവരിൽ പ്രധാനി കെപിസിസി പ്രസിഡന്റാണ്‌. പാർടിയെ ഒട്ടും വിശ്വാസിത്തിലെടുക്കാതെ മുന്നോട്ടു പോകുന്നതിൽ വലിയ അതൃപ്‌തിയാണുള്ളത്‌.


മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്‌ടമായിരിക്കുന്നുവെന്ന്‌ കേരളത്തിലെ മുഴുവനാളുകൾക്കും ബോധ്യപ്പെട്ടിരിക്കുകയാണ്‌. സർക്കാരിനെ പിന്തുണയ്‌ക്കുന്നവർക്ക്‌ പോലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്‌ പുറത്തുവരുന്നത്‌. പ്രശ്‌നങ്ങളിൽ നിന്ന്‌ നിന്ന്‌ പാഠം ഉൾക്കൊണ്ട്‌ തിരുത്തേണ്ടത്‌ മുഖ്യമന്ത്രിയാണ്‌. എന്നാൽ, നിർഭാഗ്യവശാൽ അത്തരമൊരു വീണ്ടുവിചാരം സ്വീകരിക്കുന്ന നിലയല്ല മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത്‌. പകരം മുൻ സർക്കാരിനെ കുറ്റപ്പെടുത്താനും വിതണ്ഡവാദങ്ങൾ ഉയർത്താനുമാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌.


കുത്തകകൾക്ക്‌ ദാസ്യവേല ചെയുന്ന സർക്കാരായി വിഡി സതീശൻ സർക്കാർ മാറി. സംഘപരിവാർ വിധേയത്വമാണ്‌ ഇ‍ൗ സർക്കാരിന്റെ മുഖമുദ്ര. ഇതു തങ്ങളുടെ സർക്കാരാണെന്ന്‌ സംഘപരിവാറുകാർക്ക്‌ തോന്നുന്ന തരത്തിലാണ്‌ കാര്യങ്ങളുടെ പോക്ക്‌. ഇതെല്ലാം ന്യായീകരിക്കാനുള്ള വലിയ ശ്രമം സർക്കാർ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ അതൊന്നും വിശ്വസിക്കുന്നില്ല.


പുതിയൊരു പാത വെട്ടിത്തുറന്ന്‌ മുന്നോട്ടുപോയി കൊണ്ടിരുന്ന കേരളത്തെയാണ്‌ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്‌. സംഘപരിവാർ നിലപാടുകളെ പ്രതിരോധിച്ച്‌ കൃത്യമായ ബദലുകൾ സ്വീകരിച്ച സർക്കാരിന്റെ സ്ഥാനത്ത്‌ ഇന്ന്‌ സംഘപരിവാർ നയങ്ങൾ സംസ്ഥാനത്ത്‌ അതിവേഗം നടപ്പാക്കുന്ന നിലയാണുള്ളത്‌. സംസ്ഥാന സർക്കാരിന്റെ ധവളപത്രം, ബജറ്റ്‌, നയപ്രഖ്യാപനം എന്നിവയിലെല്ലാം കേന്ദ്രസർക്കാരിനോടുള്ള വിധേയത്വം പ്രകടമായിരുന്നു.


നിലവിലെ ഫലപ്രദമായ വികസന സമീപനങ്ങളെല്ലാം തകർക്കുകയാണ്‌. കിഫ്‌ബിയെ തകർക്കുന്നത്‌ കേരള വികസനത്തെ ഒന്നടങ്കം തകർക്കലാണ്‌. പ്ലാനിങ് ബോർഡിനെ നിർജീവമാക്കിയെന്നും ആസൂത്രണത്തിന്റെ തായ്‌വേരറുക്കുന്ന നടപടിയാണിതെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home