വിനായകൻ വാത്സല്യം തോന്നുന്ന കുസൃതിക്കാരൻ, നന്നായി അഭിനയിക്കാനുമറിയാം: മമ്മൂട്ടി

കൊച്ചി: കളങ്കാവലിൽ വിനായകൻ തന്നെ നായകനെന്ന് മമ്മൂട്ടി. പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. പ്രീ റിലീസ് ടീസറിലെ 'വി നായകൻ' റഫറൻസിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ പരാമർശം. "വിനായകനായതുകൊണ്ടാണ് അങ്ങനെയൊക്കെ നമുക്ക് പരീക്ഷിക്കാൻ കഴിയുന്നത് വി നായകൻ എന്നൊക്കെ എഴുതാൻ പറ്റുന്നത്. ഒരു ചാൻസ് കിട്ടുമ്പോഴല്ലേ ഇത്തരം പരീക്ഷണങ്ങൾ നടക്കൂ"- മമ്മൂട്ടി പറഞ്ഞു.
"സംസാരിക്കാനറിയില്ല, നിങ്ങൾക്ക് അറിയാല്ലോ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനായകൻ പ്രീ റിലീസ് ഇവന്റിൽ സംസാരിച്ചുതുടങ്ങിയത്. ഇതിന് മമ്മൂട്ടി നൽകിയ പ്രതികരണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. "സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായി അഭിനയിക്കാൻ അറിയാം" എന്നായിരുന്നു മമ്മൂട്ടി പ്രതികരിച്ചത്. "ഇനി ഇത്തരത്തിൽ ഒരു സാഹചര്യം ആർക്കുമുണ്ടാവില്ലെന്ന് തോന്നുന്നു, അത്രയ്ക്ക് ഭാഗ്യമുള്ളവനാണ് വിനായകൻ, സന്തോഷമുണ്ട്" എന്നും വിനായകൻ പറഞ്ഞു.
"ക്ലാസിൽ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷെ കുസൃതി കാണിക്കുന്നവരോട് നമുക്ക് ഒരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. ഒരുപാട് കുസൃതി കാണിക്കുമെങ്കിലും ഇയാളുടെ സിനിമ കാണുമ്പോൾ നമ്മുക്കെല്ലാം ഒരു വാത്സല്യം തോന്നിപ്പോകും. അല്ലാതെ കാണുന്ന വിനായകൻ ഇതാണോ എന്നും തോന്നും, എന്നാൽ ആ വിനായകൻ ഇതിനേക്കാൾ നല്ലതാണ്, ശരിക്കും കാണാഞ്ഞിട്ടാണ്"- മമ്മൂട്ടി പറഞ്ഞു.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ഡിസംബര്‍ അഞ്ചിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍', മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.








0 comments