പാചകവാതക പ്രതിസന്ധി സിനിമ ഷൂട്ടിംഗ് സൈറ്റുകളിലേയ്ക്കും

പ്രതീകാത്മക ചിത്രം
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം രാജ്യത്ത് തുടരുന്ന പാചകവാതക ക്ഷാമം മലയാള സിനിമാ മേഖലയേയും ബാധിക്കാൻ തുടങ്ങുന്നു. എൽപിജി സിലിൻഡറുകളുടെ ലഭ്യതയിൽ പ്രതിസന്ധി തുടരുകയാണെങ്കിൽ ഏകദേശം 18ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് അവതാളത്തിലാകാൻ സാധ്യതയുണ്ടെന്ന് സിനിമാ മേഖല ചൂണ്ടിക്കാട്ടുന്നു.
ഒരു സിനിമാ ഷൂട്ടിങ് സെറ്റിൽ ദിനംപ്രതി നൂറിലേറെ ആളുകൾക്കാണ് ഭക്ഷണം ഒരുക്കേണ്ടത്. എന്നാൽ നിലവിൽ പല ഷൂട്ടിങ് സെറ്റുകളിലും രണ്ടുദിവസത്തേക്ക് മാത്രം മതിയാകുന്ന എൽപിജി സിലിൻഡറുകളാണ് ശേഷിക്കുന്നതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ് അറിയിച്ചു. പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഷെഡ്യൂളുകൾ തടസപ്പെട്ടാൽ ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപവരെ നഷ്ടമുണ്ടാകാനിടയുണ്ടെന്നും നിർമാതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നാൽ അഭിനേതാക്കളുടെ ഡേറ്റുകൾ അടക്കമുള്ള കാര്യങ്ങളും ബാധിക്കുമെന്ന് നിർമാതാക്കൾ പറയുന്നു. ചെറിയ ഇടവേളയ്ക്കായി ഷൂട്ടിങ് നിർത്തിയാലും പിന്നീട് ഷെഡ്യൂൾ പുനഃക്രമീകരണം വലിയ സാമ്പത്തികഭാരമാകുമെന്നാണ് വിലയിരുത്തൽ.
ഒരു ഷൂട്ടിങ് സെറ്റിൽ ഭക്ഷണം ഒരുക്കാൻ ദിവസേന അഞ്ചോളം എൽപിജി സിലിൻഡർ വരെ ആവശ്യമായി വരാറുണ്ട്. രാവിലെ മൂന്നുമണിയോടെ തന്നെ പാചകം തുടങ്ങുകയും രാവിലെ 7.30ഓടെ സെറ്റിൽ പ്രാതൽ നൽകുകയും ചെയ്യുന്നതാണ് പതിവ്. നിലവിലെ പ്രതിസന്ധി പരിഗണിച്ച് വിറകടുപ്പ്, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ബദൽ മാർഗങ്ങൾ നിർമാതാക്കൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
മലയാള സിനിമകൾക്ക് പുറമേ കേരളത്തിൽ ഷൂട്ടിങ് നടക്കുന്ന മറ്റ് ഭാഷാ ചിത്രങ്ങളെയും ഈ പ്രതിസന്ധി ബാധിക്കാനിടയുണ്ട്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഒരു ഹിന്ദി സിനിമയും ഇടക്കൊച്ചിയിൽ ഷൂട്ടിങ് നടക്കുന്ന ഒരു തമിഴ് ചിത്രവും സമാന പ്രശ്നങ്ങൾ നേരിടുന്നതായാണ് വിവരം.
ഇതിനൊപ്പം പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മലയാള സിനിമകളുടെ ഗൾഫ് റിലീസുകളിലും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ വിദേശ വരുമാനത്തിൽ ഗൾഫ് മേഖലയ്ക്ക് വലിയ പങ്കുള്ളതിനാൽ അവിടെ നിശ്ചയിച്ച തീയതികളിൽ റിലീസ് നടത്താനാകുമോയെന്ന ആശങ്ക നിർമാതാക്കൾക്കുണ്ട്.
യു എ ഇയിൽ സിനിമാപ്രദർശനത്തിന് ഇപ്പോൾ വലിയ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഖത്തറിലും സൗദി അറേബ്യയിലുമാണ് കൂടുതൽ പ്രതിസന്ധി നിലനിൽക്കുന്നത്. അതിനാൽ യു . ഇ റിലീസുമായി മുന്നോട്ടുപോകാമെന്നാണ് നിർമാതാക്കളുടെ നിലപാട്. അവിടെയും സാഹചര്യം വഷളായാൽ റിലീസ് തീയതികൾ മാറ്റിവയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും അവർ വ്യക്തമാക്കുന്നു.









0 comments