അഭിനയത്തിന്റെ 'നെടുമുടി': മലയാളത്തിന്റെ പ്രിയനടൻ ഓർമയായിട്ട് 4 വർഷം

വ്യത്യസ്തമായ വേഷ ഭാവപ്പകർച്ചകളോടെ മലയാളിയെ വിസ്മയിപ്പിച്ച പ്രിയനടൻ നെടുമുടി വേണു ഓർമയായിട്ട് ഇന്ന് നാലു വർഷം. 43 വർഷത്തെ അഭിനയ ജീവിതത്തിനു വിരാമമിട്ടാണ് നെടുമുടി വേണു തിരശീലയിലേക്ക് മറഞ്ഞത്. കാവാലത്തിന്റെ നാടക അരങ്ങുകളിലൂടെ വേദികളിൽ സജീവമായി, പിന്നീട് അരവിന്ദന്റെ തമ്പിലൂടെ സെല്ലുലോയ്ഡിലേക്കെത്തിയ വേണു മറയുന്നതിനു മുമ്പ് ചെയ്തുവച്ച കഥാപാത്രങ്ങൾ അനവധിയാണ്. ഒരു നടനെന്ന നിലയിൽ എല്ലാ തരം കഥാപാത്രങ്ങളും വേണുവിൽ ഭദ്രമായിരുന്നു.
അച്ഛനായും മകനായും മുത്തച്ഛനായും കാമുകനായും ഭർത്താവായുമെല്ലാം വില്ലൻ സ്വഭാവങ്ങളിലടക്കം നിരവധി കഥാപാത്രങ്ങൾ നെടുമുടി വേണു പകർന്നാടി. വിവിധ ഭാഷകളിലായി ഏകദേശം 500ലേറെ ചിത്രങ്ങളിൽ വേണു കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. തനതുനാടക വേദിയുടെ പുതുധാരകൾ സിനിമയിലും പ്രതിഫലിച്ചു തുടങ്ങുന്ന കാലത്താണ് അരവിന്ദൻ, പത്മരാജൻ, ഭരതൻ എന്നീ പ്രതിഭകളുടെ ചിത്രങ്ങളിലൂടെ നെടുമുടി വേണു എന്ന പ്രതിഭയും മലയാള സിനിമയിൽ അവതരിക്കുന്നത്. തമ്പിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ തന്നെ ആരവം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി. മുക്കുറ്റി തിരുതാളി... പറിച്ചുകെട്ടിത്താ, കെട്ടിത്താ എന്നു പാടിയ മരുത് കാവാല്തിന്റെ അവനവൻ കടമ്പ'യിലെ പാട്ടുപരിഷയെ ഓർമപ്പിക്കുന്നതായിരുന്നു.
പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം മറ്റു വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. തരകയിലെ ചെല്ലപ്പനാശാരി മലയാളിയുടെ മനസ്സിലെ മായാമുദ്രയായി. പത്മരാജന്റെ തന്നെ കള്ളൻ പവിത്രനിലെ നായക വേഷം മറ്റൊരു നാഴികക്കല്ലായി മാറി. ഒരേസമയം തന്നെ സഹനടനായും നായകനായും പ്രതിനായകനായും വേണുവിന് തിളങ്ങനായി. ഭരതന്റെ 21 സിനിമകളിൽ ഏഴു ചിത്രങ്ങളിൽ നായകനാണ് വേണു. 2021ൽ പുറത്തിറങ്ങിയ അവസാന ചിത്രം വരെയും കഥയ്ക്കപ്പുറം കഥാപാത്രത്തിന് തന്റേതായ സവിശേഷ മാനം നൽകാൻ നെടുമുടി വേണു ശ്രമിച്ചിരുന്നു. ചാർലിയിലെ കുഞ്ഞപ്പനും നോർത്ത് 24 കാതത്തിലെ കമ്യൂണിസ്റ്റ് ഗോപാലേട്ടനും ഇതിനുദാഹരണങ്ങളാണ്. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള നടൻമാർക്കൊപ്പം സഹോദരനായും സുഹൃത്തായും അച്ഛനായും നെടുമുടി വേണു പകർന്നാടി.
'കേളി'യിലെ റൊമാൻസ് കുമാരൻ, 'പാളങ്ങളി'ലെ രാമൻകുട്ടി, 'കോലങ്ങളി'ലെ പരമു, 'യവനി'കയിലെ ബാലഗോപാലൻ, 'അപ്പുണ്ണി'യിലെ അപ്പുണ്ണി, 'ഒരു മറവത്തൂർകനവി'ലെ തമിഴ് കർഷകൻ, 'പാസഞ്ചറി'ലെ ഡ്രൈവർ നായർ, 'ആരോരുമറിയാതെ'യിലെ ഡ്രൈവർ ഗോവിന്ദൻകുട്ടി, 'ഇളനീരി'ലെ ബാബു, 'മുത്താരംകുന്നി'ലെ കുട്ടൻപിള്ള, 'അമ്പട ഞാനെ'യിലെ മുത്തച്ഛൻ, 'ഓർക്കാപ്പുറ'ത്തെ നിക്കോളാസ്, 'ഭരതത്തിലെ രാമനാഥൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണൻ, വീണ്ടും ചിലവീട്ടുകാര്യങ്ങ'ളിലെ അരവിന്ദൻ, 'ബാലേട്ട'നിലെ അച്ഛൻ, 'അപ്പു'വിലെ ഡ്രൈവിങ് ആശാൻ, ' ഇഷ്ടത്തിലെ കൃഷ്ണൻകുട്ടിമേനോൻ, പഞ്ചവടിപ്പാലത്തിലെ രാഷ്ട്രീയക്കാരൻ ശിഖണ്ടിപ്പിള്ള, തീർഥത്തിലെ വിഷ്ണുനമ്പൂതിരി, ആരവത്തിലെ മരുത്, ചാട്ടയിലെ ഭൈരവൻ, ബെസ്റ്റ് ആക്ടറിലെ ഡെൻവർ ആശാൻ, മംഗളം നേരുന്നുവിലെ മേനോൻ, അന്യനിലെ സ്വാമി, കമലദള'ത്തിലെ വേലായുധൻ... എല്ലാം വന്നുപോകുന്ന കഥാപാത്രങ്ങളല്ല, സ്ക്രീനിൽ നിന്നും നമ്മുടെ കൂടെ ഇറങ്ങിവരുന്നവരാണവർ. അഭിനയത്തിനുപുറമെ തിരക്കഥാരചനയിലും സംവിധാനത്തിലും സംഗീതജ്ഞനായും നെടുമുടി വേണു തിളങ്ങി. മലയാളത്തെ സമ്പന്നമാക്കിയ അതുല്യകലാകാരന് ഓർമപ്പൂക്കൾ.









0 comments