'കിരീടം' വീണ്ടുമെത്തുന്നു: റീ റിലീസിനൊരുങ്ങി മോഹൻലാൽ - സിബി മലയിൽ - ലോഹിതദാസ് ക്ലാസിക്

പുറത്തിറങ്ങി 36 വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നു. 1989ൽ മോഹൻലാൽ - സിബി മലയിൽ - ലോഹിതദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'കിരീടം' ആണ് റീ റിലീസ് ചെയ്യുന്നത്. മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രമാണ് കിരീടം. സേതുമാധവൻ എന്ന കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി.
ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിലാണ് റീ റിലീസ്. മോഹൻലാലിൻ്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ തിയറ്ററിലെത്തും. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്.
സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ- തിലകൻ ഓൺസ്‌ക്രീൻ രസതന്ത്രം സൃഷ്ടിച്ച സിനിമയിലെ ഗാനങ്ങളും മലയാളി ഇന്നും ഏറ്റുപാടുന്നവയാണ്. ജോൺസൺ മാഷായിരുന്നു സംഗീതം. കിരീടം വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും. ഛായാഗ്രാഹണം- എസ് കുമാർ.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് വിതരണം. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ @ ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി ശിവപ്രസാദ്.











0 comments