print edition അമ്മ അറിയാൻ ! ജനകീയ ചലച്ചിത്ര രാഷ്ട്രീയം

ബിജു രാഘവൻ
Published on May 17, 2026, 12:01 AM | 2 min read
നാൽപ്പത് വർഷങ്ങൾക്കുശേഷം ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ റെസ്റ്റോർ ചെയ്ത് 79–-ാമത് കാൻ ചലച്ചിത്രമേളയുടെ ലോകവേദിയിലേക്ക് എത്തിക്കുകയാണ്. ഇതിനെ വെറുമൊരു സാങ്കേതിക പുനരുദ്ധാരണമായി കാണാനാവില്ല. മലയാള സിനിമയുടെ ജനകീയ രാഷ്ട്രീയ ചരിത്രത്തെയും ഇന്ത്യൻ ചലച്ചിത്ര സംസ്കാരത്തിലെ കൂട്ടായ ഇടപെടലുകളിലൊന്നിനെയും കാലത്തിന്റെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്ന സാംസ്കാരിക പ്രവർത്തനമായാണ് ഇതിനെ വായിക്കേണ്ടത്. 2022-ൽ ആരംഭിച്ച റെസ്റ്റോറേഷൻ പ്രക്രിയ, നിരവധി സാങ്കേതികവും പ്രായോഗികവുമായ തടസ്സങ്ങൾ അതിജീവിച്ച്, കേടുപാടുകൾ സംഭവിച്ച ഫിലിം നെഗറ്റീവുകളെയും പ്രിന്റുകളെയും ശാസ്ത്രീയമായി പുനരുജ്ജീവിപ്പിച്ച് പുതിയ തലമുറയുടെ ദൃശ്യാനുഭവത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദീർഘവും സങ്കീർണവുമായ ശ്രമമായി മാറി. കാനിൽ അത് പ്രദർശിപ്പിക്കപ്പെടുന്ന നിമിഷം, ഒരു ചലച്ചിത്രത്തിന്റെ ജനകീയ സാംസ്കാരിക പൈതൃകത്തിന്റെ ആഗോള പുനർവായനയായി മാറുകയാണ്.
ജോൺ എബ്രഹാമിന്റെ സിനിമാഭാഷ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ വ്യത്യസ്തമായ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ ഇടപെടലായി നിലകൊള്ളുന്നു. ‘അമ്മ അറിയാൻ’ അതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. ഒരു യുവാവിന്റെ മരണവാർത്ത അമ്മയിലേക്കെത്തിക്കുന്ന യാത്രയെ ആസ്പദമാക്കിയ ഈ സിനിമ, യഥാർഥത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, ഇടതുപക്ഷ പ്രതിരോധ സംസ്കാരം, നഗര-ഗ്രാമ ജീവിതത്തിന്റെ സംഘർഷങ്ങൾ, യുവജനങ്ങളുടെ നിരാശ, വിപ്ലവ സ്വപ്നങ്ങളുടെ തകർച്ച, ഭരണകൂട അതിക്രമം, സാമൂഹികമായ ഏകാന്തത എന്നിവയുടെ ദൃശ്യരേഖയായി പ്രവർത്തിക്കുന്നു. സിനിമയുടെ ഘടനയിൽ ഡോക്യുമെന്ററി സിനിമയുടെ സ്വഭാവവും രാഷ്ട്രീയ ചലച്ചിത്രത്തിന്റെ ഭാഷയും യാത്രാ സിനിമയുടെ രൂപകൽപ്പനയും ചേർന്നുനിൽക്കുന്നു. അതിനാൽ ‘അമ്മ അറിയാൻ’ ഒരു കഥാപരമായ സിനിമയെക്കാൾ കൂടുതൽ, കാലഘട്ടത്തിന്റെ രാഷ്ട്രീയ ആത്മകഥയായി മാറുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ സിനിമ ഒരു നിർണായക വഴിത്തിരിവാകുന്നതിന്റെ പ്രധാന കാരണം അതിന്റെ നിർമാണ രാഷ്ട്രീയമാണ്.
ഇന്ത്യൻ സിനിമാ വ്യവസായം നിർമാണക്കമ്പനികളുടെയും വിതരണ ശൃംഖലകളുടെയും നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ, സിനിമ ജനങ്ങളുടെ സാമ്പത്തിക പങ്കാളിത്തത്തിലൂടെ നിർമിക്കാമെന്ന് ജോൺ എബ്രഹാം തെളിയിച്ചു. ഒഡേസ പ്രസ്ഥാനം അതിന്റെ സാംസ്കാരിക രൂപമായിരുന്നു. പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച പണമാണ് സിനിമയുടെ സാമ്പത്തിക അടിത്തറയായത്. ഒഡേസയുടെ പ്രവർത്തനങ്ങളെ ഒരു സിനിമാ കൂട്ടായ്മ എന്നതിലുപരി ബദൽ സാംസ്കാരിക വിതരണ മാതൃകയായി കാണേണ്ടതുണ്ട്. സിനിമ നിർമിച്ചശേഷം അത് തിയറ്റർ ശൃംഖലകളുടെ നിയന്ത്രണത്തിൽ വിടാതെ, 16 എംഎം പ്രൊജക്റ്ററുകളുമായി സ്കൂൾ മൈതാനങ്ങൾ, ആർട്സ് ക്ലബുകൾ, ലൈബ്രറികൾ, തൊഴിലാളി യൂണിയൻ ഹാളുകൾ എന്നിവയെ സിനിമാ പ്രദർശന കേന്ദ്രങ്ങളാക്കിമാറ്റി. സിനിമയെ ഒരു ഉപഭോഗ വസ്തുവിൽ നിന്ന് സാമൂഹിക ഇടപെടലിന്റെ മാധ്യമമാക്കി മാറ്റിയ പരീക്ഷണമായിരുന്നു ഇത്.
‘അമ്മ അറിയാൻ’ എന്ന സിനിമയുടെ റെസ്റ്റോറേഷൻ വളരെ നിർണായകമാണ്. ജോൺ എബ്രഹാമിന്റെ സിനിമാഭാഷയുടെ അസംസ്കൃതതയും ദൃശ്യങ്ങളുടെ ജീവസ്സുറ്റ സ്വഭാവവും നിലനിർത്തിക്കൊണ്ടാണ് ഈ പ്രവർത്തനം നടന്നത്. ചിത്രത്തിലെ ഫിലിം ഗ്രെയ്ൻ ഘടന, പ്രകാശത്തിന്റെ അസമത്വങ്ങൾ, തെരുവുകളുടെ സ്വാഭാവിക ചലനങ്ങൾ, ശബ്ദത്തിന്റെ പരുക്കൻ സ്വഭാവം എന്നിവ സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ രാഷ്ട്രീയ ഊർജം നഷ്ടപ്പെടാതെ പുതിയ തലമുറയിലേക്ക് എത്താൻ ഇതിലൂടെ കഴിയുന്നു. റെസ്റ്റോറേഷൻ നടന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഫംഗസ് പിടിച്ച്, ശബ്ദം കേടായി, ചിത്രം മങ്ങി, സിനിമ പതുക്കെ ഇല്ലാതാകുന്നത് നോക്കിനിൽക്കുന്നതാണോ യഥാർഥ സംരക്ഷണം? പലപ്പോഴും റെസ്റ്റോറേഷനെ വിമർശിക്കുന്നവരിൽ ഭൂരിഭാഗവും സിനിമാ സംരക്ഷണത്തിന്റെ പ്രായോഗിക മേഖലയിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. അവർ ആധികാരികതയുടെ പുകമറകൾ സൃഷ്ടിക്കുകയും ബൗദ്ധിക അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർഥ സംരക്ഷണം നടക്കുന്നത് റെസ്റ്റോറേഷൻ ലാബുകളിലും ആർക്കൈവുകളിലും നിശ്ശബ്ദമായി പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ അധ്വാനത്തിലൂടെയാണ്. ഈ സിനിമയുടെ യഥാർഥ അവകാശികൾ ഏതെങ്കിലും ബൗദ്ധിക അധികാരകേന്ദ്രങ്ങളല്ല, സിനിമയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ സാധാരണ മനുഷ്യരാണ്. ജോൺ എബ്രഹാമിന്റെ ദർശനം ഈ റെസ്റ്റോറേഷനിലൂടെ വീണ്ടും അർഥവത്താവുകയാണ്. അത് ആഗോള ചലച്ചിത്ര സംസ്കാരത്തിന് നൽകുന്ന സന്ദേശം ലളിതമാണ്, ജനകീയ കലയെ കാലത്തിന് മായ്ക്കാനാവില്ല, അതിനെ വീണ്ടെടുക്കാൻ സന്നദ്ധരായ ഒരു കൂട്ടായ്മ ഉണ്ടെങ്കിൽ.










0 comments