'കൊലയാളി സ്രാവി'ന്റെ കഥ; സ്റ്റീവൻ സ്പിൽബർഗിന്റെ വിഖ്യാത ചലച്ചിത്രത്തിന് 50 വയസ്


ആര്യാ കൃഷ്ണൻ വി
Published on Jun 21, 2025, 03:34 PM | 2 min read
വിഖ്യാത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ജോവ്സി'ന് (JAWS) 50 വയസ്. 1975 ജൂൺ 20നാണ് ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങി 50 വർഷം പിന്നിട്ടിട്ടും ലോക സിനിമയിലെ ക്ലാസിക്കുകളിലൊന്നായി കരുതപ്പെടുന്ന ചിത്രം ചലച്ചിത്ര വിദ്യാർഥികളുടെയടക്കം പഠനവിഷയം കൂടിയാണ്. പീറ്റർ ബെൻചിലിയുടെ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കി മാറ്റിയത്. നരഭോജിയായ ഒരു കൂറ്റൻ സ്രാവിനെ പൊലീസ് മേധാവി, മറൈൻ ബയോളജിസ്റ്റ്, സ്രാവ് വേട്ടക്കാരൻ എന്നിവർ ചേർന്ന് വേട്ടയാടുന്നതാണ് ഇതിവൃത്തം.
യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന് വേണ്ടി റിച്ചാർഡ് ഡി സാനകും ഡേവിഡ് ബ്രൗണും ചേർന്നാണ് ചിത്രം നിർമിച്ചത്. നോവലിസ്റ്റ് പീറ്റർ ബെൻചിലിയും കാൾ ഗോട്ടിലെബും ചേർന്ന് തിരക്കഥ രചിച്ചു. റോയ് ഷിഡർ, റോബർട്ട് ഷോ, റിച്ചാർഡ് ഡ്രെഫ്യൂസ് എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺ വില്യംസ് സംഗീതമൊരുക്കി. ബിൽ ബട്‌ലറായിരുന്നു ഛായാഗ്രഹണം. എട്ടുമില്യൺ ഡോളർ ചിലവിൽ പുറത്തിറങ്ങിയ ചിത്രം 47 കോടി ഡോളറാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.

അമിറ്റി ദ്വീപിലെ ബീച്ചിൽ ജനങ്ങളെ പരിഭ്രാന്തരാക്കി പ്രത്യക്ഷപ്പെടുന്ന കൊലയാളി സ്രാവിന്റെ കഥ പറഞ്ഞ ചിത്രം യഥാർഥത്തിലും ജനങ്ങളെ ഭീതിയിലാഴ്ത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. Jaws പുറത്തിറങ്ങിയതിനുപിന്നാലെ അക്രമകാരികളല്ലാത്ത സ്രാവുകളെയടക്കം മനുഷ്യർ വ്യാപകമായി വേട്ടയാടുന്നതായും റിപ്പോർട്ടുകളുയർന്നിരുന്നു.
എഡിറ്റിംഗ്, ശബ്ദലേഖനം, പശ്ചാത്തലസംഗീതം എന്നിവയിൽ മൂന്ന് അക്കാദമി അവാർഡ് ചിത്രം നേടി. മികച്ച ചിത്രത്തിനുള്ള നോമിനേഷനിൽ ഉണ്ടായിരുന്നുവെങ്കിലും വൺ ഫ്‌ളൂ ഓവർ കുക്കൂസ് നെസ്റ്റിനാണ് ആ വർഷത്തെ അവാർഡ് ലഭിച്ചത്. ജോൺ വില്യംസിന്റെ പശ്ചാത്തല സംഗീതത്തിന് ഗ്രാമി അവാർഡും ലഭിച്ചു. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും ചിത്രം നേടി. Jawsനു പിന്നാലെ നിരവധി ചിത്രങ്ങൾ കൊലയാളി സ്രാവുകളുടെ കഥ പറഞ്ഞ് പുറത്തിറങ്ങുകയും വാണിജ്യ വിജയം നേടുകയും ചെയ്തു.
ഹോളിവുഡിൽ ഒരു പുതിയ തരംഗത്തിനു തുടക്കം കുറിച്ച സംവിധായകനെന്ന നിലയിലും സ്റ്റീവൻ സ്പിൽബർഗ് അറിയപ്പെടാറുണ്ട്. ബ്ലോക്ബസ്റ്റർ ചിത്രങ്ങളുടെ അമരക്കാരനായിരുന്നു സ്പിൽബർ. സ്പിൽബർഗിന്റെ ആദ്യകാല സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ് ആധുനിക ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങൾക്ക് മാതൃകയായത്. ആയിരം കോടി അമേരിക്കൻ ഡോളർ വിറ്റുവരവ് നേടിയ ആദ്യ ചലച്ചിത്ര സംവിധായകനാണ് സ്പിൽബർഗ്. എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് സ്പിൽബർഗ്.

1964ൽ പുറത്തിറങ്ങിയ ഫയർഫ്ലൈറ്റ് (Firelight) എന്ന ചിത്രത്തിലൂടെയാണ് സ്പിൽബർഗ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന 1971ൽ ഡ്യുവൽ ( Duel), 74ൽ ദ ഷുഗർലാൻഡ് എക്സ്പ്രസ് (The Sugarland Express) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 75ൽ ജോവ്സ് (Jaws) പുറത്തിറങ്ങിയതോടെയാണ് സ്പിൽബർഗ് ആഗോള പ്രശസ്തിയിലേക്ക് ഉയരുന്നത്. അതുവരെയുള്ള ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത ചിത്രമായിരുന്നു Jaws. പിന്നീടി ഇന്ത്യാനാ ജോൺസ് അടക്കമുള്ള വിജയ ചിത്രങ്ങൾ. 1993ൽ പുറത്തിറങ്ങിയ ജുറാസിക് പാർക് ഹോളിവുഡ് സിനിമകളിൽ ചരിത്രം സൃഷ്ടിച്ചു. 2022ൽ പുറത്തിറങ്ങിയ ദ ഫേബിൾസ്മാനാണ് അവസാനം റിലീസ് ചെയ്ത ചിത്രം. 2026ൽ പുറത്തിറങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പണിപ്പുരയിലാണ് സ്പിൽബർഗ് ഇപ്പോൾ.
ടൈം മാസിക ഈ നൂറ്റാണ്ടിൽ സ്വാധിനിച്ച 100 വ്യക്തികളിൽ ഒരാളായി സ്പിൽബർഗിനെ തെരഞ്ഞെടുത്തിരുന്നു. ഓസ്കറടക്കം നിരവധി പുരസ്കാരങ്ങൾ സ്പിൽബർഗ് സ്വന്തമാക്കിയിട്ടുണ്ട്. ജോവ്സ് (1975), ഇ ടി ദി എക്സ്ട്രാ ടെറസ്ട്രിയൽ (1982), ജുറാസിക് പാർക്ക് (1993) എന്നിവ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ചു. അതുവരെയുള്ള ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും. ഇതുവരെയുള്ള സ്പിൽബർഗിന്റെ ചലച്ചിത്രങ്ങളിൽ മിക്കവയും 10000 ദശലക്ഷം ഡോളറിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്.










0 comments