Deshabhimani

ബി​ഗ്സ്ക്രീനിലും കിഫ്ബി പ്രഭാവം; ‌എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാൽ നിറഞ്ഞ് 'ജയിലർ 2'

Jailer 2
വെബ് ഡെസ്ക്

Published on Oct 16, 2026, 04:57 PM | 1 min read

തിരുവനന്തപുരം: കിഫ്ബിയുടെ തിളക്കം പത്തിരട്ടിയാണെന്ന് തെളിയിച്ച് ചലച്ചിത്ര ലോകവും. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ 2 വിലാണ് കിഫ്ബിയുടെ കീഴിൽ ഉയർന്ന റോഡുകളും പാലങ്ങളും പ്രത്യക്ഷപ്പെട്ടത്. ചിത്രത്തോടൊപ്പം കേരളത്തിന്റെ അടിസ്ഥാനവികസനങ്ങളുടെ നേർകാഴ്ചയും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഒക്ടോബർ 15ന് തിയേറ്ററുകളിലേക്കെത്തിയ നെൽസൺ ചിത്രത്തിന്റെ ഭൂരിഭാ​ഗം ലൊക്കേഷനുകളും കേരളത്തിലേതാണ്.


കോഴിക്കോട്, കൊച്ചി, അതിരപ്പിള്ളി വെള്ളച്ചാട്ടം, പാലക്കാട് അട്ടപ്പാടി, തുടങ്ങിയ പ്രധാന സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തിന്റെ മനോഹാരിതയ്ക്കൊപ്പം കിഫ്ബിയുടെ കീഴിൽ തിളങ്ങി നിൽക്കുന്ന പാലങ്ങളും റോഡുകളും ചിത്രത്തിൽ കഥാപാത്രങ്ങളായി. ഫറോക്ക് ഓട് ഫാക്ടറി ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്നു. ഫറോക്ക് പഴയ പാലവും പുതിയ പാലവും ചിത്രത്തിൽ ഇടംപിടിച്ചപ്പോൾ എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ തീരദേശ ഹൈവേ, കോഴിക്കോട്, മലപ്പുറം റോഡുകളെല്ലാം സിനിമയിൽ ഇടംപിടിച്ചു. കിഫ്ബിയിലൂടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ എത്രത്തോളം വളർന്നുവെന്ന് ജയിലർ 2 കണ്ടാൽ മതിയാകുമെന്നു സാരം.


ദേശീയപാത 66ന്റെ ഭൂമിയേറ്റെടുക്കൽ, മലയോര ഹൈവേ, തീരദേശ ഹൈവേ, കെ-ഫോൺ, ട്രാൻസ്ഗ്രിഡ്, പൊതുവിദ്യാലയങ്ങളുടെ നവീകരണം, ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ പദ്ധതികളിലേക്കാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചത്. 2025 അവസാനത്തെ കണക്കുപ്രകാരം 96,486.57 കോടി രൂപയുടെ 1212 പദ്ധതികൾക്കാണ് കിഫ്ബി അം​ഗീകാരം നൽകിയത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് മാത്രം 5580 കോടിയിലധികം രൂപയാണ് കിഫ്ബി നൽകിയത്. സർക്കാർ സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിനും നൂറുകണക്കിന് സ്കൂൾ കെട്ടിടങ്ങൾക്കും ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങൾക്കും ധനസഹായം ലഭ്യമാക്കി. സാധാരണ ബജറ്റ് വിഹിതത്തെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ വർഷങ്ങളെടുക്കുമായിരുന്ന നിരവധി പദ്ധതികളാണ് കിഫ്ബി ധനസഹായത്തോടെ മുന്നോട്ടുപോയത്.


ഇവയിൽ ചില വികസനങ്ങളാണ് ജയിലറിലും മുഖംകാണിച്ചു പോയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ്. വീണ്ടുമൊരു ടൈ​ഗർ മുത്തുവേൽ പാണ്ഡ്യൻ പ്രഭാവമാണ് ഇന്ത്യൻ സിനിമാലോകത്ത് അലയടിക്കുന്നത്. ഓപ്പണിങ് ദിവസം തന്നെ 125.25 കോടി രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം വാരിക്കൂട്ടിയത്. വരും ദിവസങ്ങളിലും ജയിലർ 2 വിന്റെ കുതിപ്പ് തുടരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home