Deshabhimani

തെലങ്കാനയിൽ വോട്ട് വെട്ടിയത് ഓട്ടോ ജനറേറ്റഡ് ഫോമുകൾ ഉപയോഗിച്ച്; നീക്കം ചെയ്തത് 73,39,235 പേരെ

vote chori
വെബ് ഡെസ്ക്

Published on Oct 16, 2026, 05:10 PM | 2 min read

ഹൈദരബാദ്:തെലങ്കാനയിൽ വോട്ടര്‍ പട്ടിക തീവ്രപുനപരിശോധനയുടെ മറവിൽ വോട്ടര്‍മാരെ വെട്ടിമാറ്റാൻ ഓട്ടോ ജനറേറ്റഡ് പരാതി ഫോമുകൾ ഉപയോഗിച്ചതായി കണ്ടെത്തൽ. സാധാരണക്കാരായ ലക്ഷകണക്കിന് പേരുടെ വോട്ടുകൾ ഇത്തരത്തിൽ യാതൊരു നിയമ ക്രമങ്ങളും പാലിക്കാതെയും വിശദീകരണ അവസരം നൽകാതെയും വെട്ടി മാറ്റി.


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയതായി നിര്‍മ്മിച്ച ഔദ്യോഗിക വെബ്സൈറ്റിലെ സൗകര്യം ഉപയോഗപ്പെടുത്തി പ്രദേശിക ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നാണ് വെട്ടിമാറ്റൽ നടത്തിയത്. സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ടിപ്പുള്ളവർ വിഭാഗത്തിലേക്ക് വോട്ടുകൾ മാറ്റിയാണ് നീക്കം ചെയ്യൽ നടപ്പാക്കിയത്.


സംശയമുള്ള വോട്ടുകളുടെ പേരിൽ പരാതി ഉന്നയിക്കാൻ ഉപയോഗിക്കുന്ന ഫോം 7 അപേക്ഷകൾ കമ്പ്യൂട്ടര്‍ സോഫ്ട് വെയര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ പേരിൽ സ്വയം നിര്‍മ്മിക്കയാണ് ചെയ്തത്. ഇതിൽ പരാതിക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നതും കണ്ടെത്തി. സാധാരണ എതിര്‍ പാര്‍ട്ടിക്കാരും പരാതിക്കാരും ചൂണ്ടികാണിക്കുന്ന വോട്ടുകളാണ് ഫോം 7 പരിഗണിച്ച് നീക്കം ചെയ്യുന്നത്. ഇതിന് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാര കേന്ദ്രീകരണത്തിനായി കൊണ്ടുവന്ന ERONET സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇആർഒമാരുടെ പേരിൽ ഫോം-7 അപേക്ഷകൾ സ്വയം സൃഷ്ടിക്കയായിരുന്നു.


Form 7വോട്ട് വെട്ടാൻ സാധാരണ ഉപയോഗിക്കുന്ന ഫോം 7


ഇങ്ങനെയുള്ള വോട്ടുകൾ പോലും നീക്കം ചെയ്യാൻ നിയമപരമായി കഴിയില്ല. വെറും പരാതിവെച്ച് ഒരാളെ വോട്ടര്‍ പട്ടികയിൽ നിന്നും മാറ്റാൻ കഴിയില്ല. ഒരാളുടെ വോട്ട് വെട്ടിക്കളയാൻ ഉദ്ദേശിച്ചാൽ, മിനിമം ആ വിവരം മുൻകൂട്ടി പരസ്യപ്പെടുത്തണമെന്നും എതിർപ്പുകൾ അറിയിക്കാൻ കുറഞ്ഞത് ഏഴ് ദിവസത്തെ സമയം നൽകണമെന്നുമാണ് നിയമം. എന്നാൽ തെലങ്കാനയിൽ വെട്ടിമാറ്റിയ വോട്ടർമാരുടെ കാര്യത്തിൽ അത്തരം നോട്ടീസുകളോ കൃത്യമായ അന്വേഷണങ്ങളോ നടന്നിട്ടില്ല.


വീടുകളിൽ പോകുന്നതിന് പകരം

രഹസ്യ കേന്ദ്രങ്ങളിൽ ഇരുന്ന് പരിശോധന


വോട്ടര്‍മാരുടെ വിവരങ്ങൾ ശേഖരിക്കാൻ ബൂത്ത് ലെവൽ ഉദ്യോസ്ഥര്‍ വീടുകൾ തോറും നേരിട്ട് എത്തി വിവര സമാഹരണം നടത്തണം. എന്നാൽ പലയിടത്തും ഇതിന് ചുമലപ്പെട്ടവര്‍ അവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ഇരുന്നു. താത്പര്യമുള്ളവരെ വിളിച്ചു വരുത്തിയും അറിയിച്ചും ഫോമുകൾ നൽകുകയും വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഫോമുകൾ തിരിച്ചു നൽകാൻ കഴിയാത്തവരെ കൂട്ടത്തോടെ സ്ഥലം മാറിപോയവരുടെ പട്ടകയിൽ ചേര്‍ത്തു. പരാതികൾ ഫോം-10 ആയി ദിവസേന പ്രസിദ്ധീകരിക്കുന്നത് തന്നെ നിര്‍ത്തലാക്കി.


ഇത്തരത്തിൽ ആകെ 'അബ്സെന്റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ്' (ASDD) ഇനങ്ങളിലായി 73,39,235 പേരാണ് നീക്കം ചെയ്യപ്പെട്ടത്. സ്ഥിരമായി താമസം മാറിയവർ എന്ന പേരിൽ 45,18,963 വോട്ടര്‍മാരും സ്ഥലത്തില്ലാത്തവർ / കണ്ടെത്താനാകാത്തവർ എന്നിങ്ങനെ 11,25,546 വോട്ടര്‍മാരും പുറത്താക്കപ്പെട്ടു. 1960-ലെ 'റെജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ്' അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കാതെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴി പട്ടികയിൽ നിന്ന് നേരിട്ട് ഒഴിവാക്കുകയായിരുന്നു.


നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് നടപടി എടുത്തത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മഷീന്റെ വിശദീകരണം. പുതിയ വോട്ടര്‍മാരായി ഇവര്‍ക്ക് വേണമെങ്കിൽ ഫോം 6 വഴി അപേക്ഷ നൽകാം എന്നും വിശദീകരിച്ചു. ഒരു പതിറ്റാണ്ട് മുമ്പുള്ള മുത്തശ്ശിയോ മാതാപിതാക്കളോ ഉൾപ്പെ പട്ടികയിലെ വിവരം ചേര്‍ത്തണമെന്ന വിവാദമായ നിര്‍ബന്ധിത വ്യവസ്ഥ ഏര്‍പ്പെടുത്തുക വഴി സുപ്രീം കോടതി വരെ ചോദ്യം ചെയ്ത സംവിധാനമാണ് ഫോം സിക്സ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home