കിഫ്ബി: കേന്ദ്രസര്ക്കാരിന്റെ കുഴലൂത്തുകാരായി യുഡിഎഫ്- ഡോ. ടി എം തോമസ് ഐസക്

ഡോ. ടി എം തോമസ് ഐസക്
കേരളത്തിന്റെ പശ്ചാത്തല സൗകര്യം വികസനത്തിന് നിർണായക പങ്കുവഹിക്കുന്ന കിഫ്ബിയെ ഇല്ലാതാക്കുന്നതിലൂടെ കേന്ദ്രസര്ക്കാറിന്റെ കുഴലൂത്തുകാരായി യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മറ്റു സംസ്ഥാനങ്ങള് ചെയ്യുന്ന പോലെ പൊതു വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, ക്ഷേമത്തിനും എല്ലാം മുടക്കുന്ന തുക വെട്ടിക്കുറച്ച് പശ്ചാത്തല സൗകര്യങ്ങള്ക്ക് കൂടുതല് നിക്ഷേപം നടത്താൻ മുൻപ് എ കെ ആന്റണി സർക്കാർ ശ്രമിച്ചതാണ്. ആ ശ്രമം അന്ന് നടന്നില്ല, ഇന്നും നടക്കില്ല. ബജറ്റിന് പുറത്ത് വായ്പയെടുത്തു നിക്ഷേപം നടത്തുക വഴി മാത്രമേ പശ്ചാത്തലസൗകര്യ വികസനത്തിൽ കേരളത്തിന് മുന്നേറാനാകൂ അത് ലക്ഷ്യം വെച്ചാണ് കിഫ്ബിയെ 2016ല് പുന:സംഘടിപ്പിച്ചത്. കിഫ്ബി വിജയിക്കും എന്ന് കണ്ടപ്പോൾ ഇടങ്കോലിടാൻ കേന്ദ്രസര്ക്കാര് ആരംഭിച്ചു. അതുവരെ ഇല്ലായിരുന്ന നിയമങ്ങളും ചട്ടങ്ങളും പൊക്കിക്കൊണ്ടുവന്നു. യുഡിഎഫ് കേന്ദ്രസര്ക്കാറിനൊപ്പം കൂടി. സംസ്ഥാനത്തിന്റെ താല്പര്യത്തിനപ്പുറം കടുത്ത ധനയാഥാസ്ഥികത്വത്തിന്റെയും ധനകേന്ദ്രീകരണത്തിന്റെയും വക്താക്കളായി. കേന്ദ്രവും യുഡിഎഫും പറയുന്ന ന്യായങ്ങളാണ് ഇന്നിപ്പോൾ വിദഗ്ധസമിതിയെവച്ച് റിപ്പോര്ട്ട് ആയി അവതരിപ്പിച്ചിട്ടുള്ളതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഡോ. ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
കിഫ്ബിയുടെ ഏതാണ്ട് പകുതി പ്രോജക്ടുകള് വേണ്ടെന്നു വയ്ക്കുകയാണ്. 22,883 കോടി രൂപയുടെ പ്രോജക്ടുകളേ ഇനി നടപ്പാക്കൂ. എന്ന എന്റെ വിമർശത്തിന് മുഖ്യമന്ത്രി വി ഡി സതീശന്റെയും വിദഗ്ധസമിതിടെയും മറുവാദം ഇതാണ്:
കിഫ്ബി ഇനി പ്രോജക്ടുകള് ഏറ്റെടുക്കുകയും കൂടുതല് വായ്പയെടുക്കുകയും ചെയ്താല് തതുല്യമായ തുക സംസ്ഥാന സര്ക്കാറിന്റെ വായ്പയില് നിന്ന് കേന്ദ്രം വെട്ടിക്കുറയ്ക്കും. കിഫ്ബിയേക്കാള് താഴ്ന്ന നിരക്കില് വായ്പ എടുക്കാന് സംസ്ഥാന സര്ക്കാറിന് കഴിയും. പിന്നെ എന്തിന് കിഫ്ബി?
എത്ര കോടി രൂപയാണ് സംസ്ഥാന സര്ക്കാറിന് പശ്ചാത്തല സൗകര്യം നിര്മ്മാണത്തിന് വേണ്ടി ഒരു വര്ഷം ചിലവഴിക്കാന് കഴിയുക? ഈ വര്ഷത്തെ ബഡ്ജറ്റിൽ മൂലധനച്ചെലവിന് വകയിരുത്തിയിരിക്കുന്ന തുക സംസ്ഥാന ജിഡിപിയുടെ 1.3 ശതമാനം മാത്രമേ വരൂ. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി എടുത്താല് തോത് ഏതാണ്ട് 3 ശതമാനത്തിനടുത്ത് വരും. കേരളത്തിന്റെ മൂലധന ചെലവ് മറ്റു സംസ്ഥാനങ്ങളുടെ പകുതിയില് താഴെയാണ്.
മേല്പ്പറഞ്ഞത് ഈ ഒരു വര്ഷത്തെ മാത്രം കണക്കാണ്. കഴിഞ്ഞ 50 വര്ഷമായിട്ട് കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്- ഇത്രയും കാലംകൊണ്ട് കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും മൂലധന നിക്ഷേപത്തിലുള്ള വിടവ് എത്ര വലുതാണെന്ന് ആലോചിച്ചു നോക്കിക്കേ. ഇതുമൂലം കേരളത്തിലെ റോഡ്, പാലം, വൈദ്യുതി, വ്യവസായ പാര്ക്കുകള് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണ്. ഈ പിന്നോക്കാവസ്ഥ മറികടക്കാതെ കേരളത്തില് വ്യവസായവല്ക്കരണം അസാധ്യമാണ്.
അപ്പോള് പിന്നെ എന്താണ് മാര്ഗ്ഗം? മറ്റു സംസ്ഥാനങ്ങള് ചെയ്യുന്ന പോലെ പൊതു വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, ക്ഷേമത്തിനും എല്ലാം മുടക്കുന്ന തുക വെട്ടിക്കുറച്ച് പശ്ചാത്തല സൗകര്യങ്ങള്ക്ക് കൂടുതല് നിക്ഷേപം നടത്താം. ഇതാണ് വി ഡി സതീശന്റെ മുന്ഗാമി എ കെ ആന്റണി ഈ നൂറ്റാണ്ടിന്റെ ആരംഭത്തില് ചെയ്യാന് ശ്രമിച്ചത്. അന്ന് നടന്നില്ല. ഇന്നും നടക്കില്ല.
ഇനി ജനങ്ങളുടെ എതിര്പ്പ് അവഗണിച്ച് ഈയൊരു നയം നടപ്പാക്കി എന്നിരിക്കട്ടെ. 1.3 ശതമാനം എന്ന മൂലധന ചെലവിന്റെ തോത് മറ്റ് സംസ്ഥാനങ്ങളെ പോലെ 2.6-3 ശതമാനമായി ഉയർത്താൻ കഴിഞ്ഞൂവെന്നും കരുതുക. എന്നാലും കാല്നൂറ്റാണ്ടിലേറെ എടുക്കും 50 കൊല്ലക്കാലത്തെ വിടവ് നികത്താനും നമ്മുടെ പശ്ചാത്തല പിന്നോക്കാവസ്ഥ മറികടക്കാനും. അപ്പോഴേക്കും ലോകവും ഇന്ത്യയും എത്രയോ മാറി കഴിഞ്ഞിരിക്കും! അതുകൊണ്ട് എന്നെങ്കിലും നിക്ഷേപം ഉണ്ടായാല് പോരാ. ഇന്നു തന്നെ ഉണ്ടാവണം.
അതിന് ഒറ്റമാര്ഗമേയുള്ളൂ. ബജറ്റിന് പുറത്ത് വായ്പയെടുത്തു നിക്ഷേപം നടത്തുക. അത് ലക്ഷ്യം വെച്ചാണ് കിഫ്ബിയെ 2016-ല് പുനസംഘടിപ്പിച്ചത്. അഞ്ചുവര്ഷം കാര്യങ്ങള് ഭംഗിയായി നടന്നു. കാരണം ഇതാണ്:
ഇത്തരത്തില് ഒരു സ്ഥാപനം ഉണ്ടാക്കി ഒരു ലക്ഷം കോടി രൂപ വായ്പ എടുക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. യുഡിഎഫ് കിഫ്ബിയുടെ നിര്ദ്ദേശത്തെ ദിവാസ്വപ്നം എന്ന് വിളിച്ചല്ലേ കളിയാക്കി കൊണ്ടിരുന്നത്?
വിജയിക്കും എന്ന് കണ്ടപ്പോള് കേന്ദ്രസര്ക്കാര് ഇടങ്കോല് ഇടാന് ആരംഭിച്ചു. അതുവരെ ഇല്ലായിരുന്ന നിയമങ്ങളും ചട്ടങ്ങളും പൊക്കിക്കൊണ്ടുവന്നു. കിഫ്ബിയുടെ വരുമാനത്തിന്റെ സിംഹപങ്കും സംസ്ഥാന സര്ക്കാറിന്റെ ഗ്രാന്റ് ആയതുകൊണ്ട് കിഫ്ബിയെ മറ്റു പൊതുമേഖല സ്ഥാപനങ്ങളെപ്പോലെ കണക്കാക്കാൻ കഴിയില്ല എന്നായി കേന്ദ്രസര്ക്കാര്. കിഫ്ബി വായ്പ എടുത്താല് അത് സംസ്ഥാന സര്ക്കാറിന് വായ്പ എടുക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രം വിധിച്ചു. അതിന് സിഎജിയെ കരുവാക്കി.
യുഡിഎഫ് എന്താണ് ചെയ്തത്? യുഡിഎഫ് കേന്ദ്രസര്ക്കാറിനൊപ്പം കൂടി. സംസ്ഥാനത്തിന്റെ താല്പര്യത്തിനപ്പുറം കടുത്ത ധനയാഥാസ്ഥികത്വത്തിന്റെയും ധനകേന്ദ്രീകരണത്തിന്റെയും വക്താക്കളായി. ഇന്ത്യയിലെ ഒരു ജനാധിപത്യ സംഘര്ഷമേഖല കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയാണെന്ന കാര്യം മറന്ന് അവർ കേന്ദ്രസര്ക്കാറിന്റെ കുഴലൂത്തുകാരായി.
കേന്ദ്രവും യുഡിഎഫും പറയുന്ന ന്യായങ്ങളാണ് ഇന്നിപ്പോൾ വിദഗ്ധസമിതിയെവച്ച് റിപ്പോര്ട്ട് ആയി അവതരിപ്പിച്ചിട്ടുള്ളത്. എന്നിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനത്തില് വീമ്പിളക്കുകയാണ്: "യുഡിഎഫ് എടുത്ത നിലപാടുകളെ അന്വേഷണ കമ്മീഷന് ശരി വച്ചിരിക്കുന്നു".









0 comments