വീണ്ടും മുത്തുവേൽ പാണ്ഡ്യൻ ആയി രജനി; 'ജയിലർ 2' ചിത്രീകരണം പൂർത്തിയായി

ചെന്നൈ: സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'പാക്കപ്പായി. നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. 2023ലെ സൂപ്പർഹിറ്റ് ചിത്രം 'ജയിലറി'ന്റെ തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ ഐപിഎസായി രജനികാന്ത് വീണ്ടും വെള്ളിത്തിരയിലെത്തും. ആദ്യ ഭാഗത്തിലുണ്ടായിരുന്ന രമ്യാ കൃഷ്ണൻ (വിജി), യോഗി ബാബു (വിമൽ), മിർണ (ശ്വേത) എന്നിവർക്കൊപ്പം വൻ താരനിരയാണ് ഇത്തവണ അണിനിരക്കുന്നത്.
എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തുമ്പോൾ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്, അന്ന രാജൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ജതിൻ സർനയാണ് മറ്റൊരു പ്രധാന താരം. ആദ്യ ഭാഗത്തിലെ പോലെ തന്നെ അതിഥി വേഷങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാനും ജയിലർ 2 ഒരുങ്ങുന്നുണ്ട്. ആവേശം കൂട്ടാൻ മോഹൻലാലും ശിവരാജ്കുമാറും ജയിലർ 2വിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മിഥുൻ ചക്രവർത്തി, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.
ആദ്യ ഭാഗത്തിലെ വില്ലൻ 'വർമ്മനെ' (വിനായകൻ) ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ രണ്ടാം ഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ജനുവരിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ചെന്നൈയിലാണ് ആരംഭിച്ചത്. ഒരു വർഷം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്. ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധായകൻ. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ നിർമ്മൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ സൃഷ്ടിച്ച തരംഗം രണ്ടാം ഭാഗത്തിലൂടെ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.










0 comments